Saturday Mirror - 2024

സാത്താന്റെ പ്രലോഭനങ്ങളെ അതിജീവിക്കുവാൻ 10 മാര്‍ഗ്ഗങ്ങള്‍

സ്വന്തം ലേഖകന്‍ 26-02-2022 - Saturday

ദിവസവും പല തരത്തിലുള്ള ആത്മീയ വെല്ലുവിളികളെ നമുക്ക് നേരിടേണ്ടി വരാറുണ്ട്. തിന്മയുമായുള്ള നിരന്തര പോരാട്ടമാണ് ഈ ഭൂമിയിലെ നമ്മുടെ ജീവിതം എന്ന് ദൈവവചനം പറയുന്നു. ക്രിസ്തുവിനെ അനുഗമിക്കുവാന്‍ തീരുമാനിച്ചവന്‍ എപ്പോഴും സാത്താനുമായി പൊരുതുവാന്‍ തയ്യാറായിരിക്കണമെന്ന കാര്യം നമ്മേ ഓര്‍മ്മിപ്പിക്കുന്നു. സാത്താനുമായി പോരാടുവാന്‍ നാമെല്ലാവരും സജ്ജമായിരിക്കണം. ഇരുട്ടിന്റെ രാജാവായ സാത്താനോടുള്ള പോരാട്ടത്തില്‍ നമ്മളെ സഹായിക്കുന്ന 10 മാര്‍ഗ്ഗങ്ങളാണ് നാം ഇനി ധ്യാനിക്കുന്നത്.

1. നമ്മുടെ നിയോഗമനുസരിച്ച് ജീവിക്കുക ‍

ആദ്യമായി നാം ചെയ്യേണ്ടത് നമ്മടെ ജീവിതത്തില്‍ പ്രാര്‍ത്ഥനക്ക് വലിയ പ്രാധാന്യം കൊടുക്കുക എന്നതാണ്. പ്രാര്‍ത്ഥനയാണ് നമ്മുടെ ആത്മീയ ജീവിതത്തിന്റെ അടിസ്ഥാനം. വിവാഹിതരോ, പുരോഹിതരോ, സന്യസ്തരോ എന്തുമാകട്ടെ, നമ്മുടെ ദൈവനിയോഗത്തില്‍ ഊന്നിയ ജീവിതം നയിക്കുക. നമ്മുടെ ദൈവവിളിയോട് പരിപൂര്‍ണ്ണമായും വിശ്വസ്തരായിരിക്കുക.

ദിവസവും ബൈബിള്‍ വായിക്കുവാനും ധ്യാനിക്കാനുമായി കുറച്ച് സമയം നാം ചിലവഴിക്കുക. ഇത് കൂടാതെ ദേവാലയ സംബന്ധവും സഭാ സംബന്ധവുമായ പ്രവര്‍ത്തനങ്ങളോട് സഹകരിക്കുന്നത് സാത്താനെതിരെയുള്ള യുദ്ധത്തില്‍ ഏറെ ഫലപ്രദമാണ്.

2. യേശു മരുഭൂമിയിലെ പ്രയോഗിച്ച അതേ ആയുധങ്ങള്‍ തന്നെ ഉപയോഗിക്കുക ‍

സുദീര്‍ഘവും ഭക്തിപൂര്‍വ്വവുമായ പ്രാര്‍ത്ഥന, ഉപവാസം പോലെയുള്ള നിരന്തര സഹനങ്ങള്‍, സാത്താനെ നേരിടുവാനും പരാജയപ്പെടുത്തുവാനുമുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളാണ്. ദൈവവചനം എന്ന ആയുധം ധരിച്ചു കൊണ്ട് തിന്മയെ ചെറുക്കുവാന്‍ ഇപ്പോള്‍ തന്നെ ശ്രമം ആരംഭിക്കുക.

3. ശത്രുവിന്റെ പേര് പറഞ്ഞു ദൈവത്തോട് സഹായമപേക്ഷിക്കുക ‍

നമ്മള്‍ പ്രലോഭനത്തെ നേരിടുമ്പോഴോ പ്രലോഭനത്തില്‍ വീഴുമ്പോഴോ അത് ദൈവസന്നിധിയില്‍ ഏറ്റുപറയുന്നത് ഏറെ നല്ലതാണ്. “യേശുവേ ഞാന്‍ നിന്നില്‍ വിശ്വസിക്കുന്നു. സാത്താന്റെ പ്രലോഭനത്തിന് ഞാന്‍ അടിമപ്പെട്ട് പോയി. കര്‍ത്താവേ എന്നെ രക്ഷിക്കണമേ. ദൈവമേ എന്റെ സഹായത്തിനെത്തണമേ.” ലളിതമായ ഇത്തരം ചെറിയ പ്രാര്‍ത്ഥനകള്‍ പ്രലോഭനങ്ങളുടെ അവസരങ്ങളില്‍ ഏറെ ഫലപ്രദമാണ്. ഈശോ, മറിയം, യൌസേപ്പേ എന്ന് ഭക്തിപൂര്‍വ്വം സദാ ഉരുവിട്ടുകൊണ്ടിരിക്കുന്നതും ഏറെ നല്ലതാണ്.

4. ആത്മീയമായ ഏകാന്തതയെ പ്രതിരോധിക്കുക ‍

ദൈവത്തിന്റെ വചനങ്ങളോട് മുഖം തിരിക്കുക, നന്മ പ്രവര്‍ത്തികള്‍ ചെയ്യാതിരിക്കുക, ദൈവത്തില്‍ നിന്നും വ്യതിചലിക്കുക തുടങ്ങിയവ ആത്മീയ അകല്‍ച്ചയുടെ ലക്ഷണങ്ങളാണ്. ഇന്നലെ നമ്മള്‍ എടുത്ത നല്ല തീരുമാനങ്ങളെ മാറ്റുവാന്‍ തക്ക ശക്തി ഇവക്കുണ്ട്. ഇത്തരം അവസ്ഥകളില്‍ നാം പ്രധാനമായും ചെയ്യേണ്ടത് എന്തുകൊണ്ടാണ് നമുക്ക് ആത്മീയ ഏകാന്തത അനുഭവപ്പെടുന്നത് എന്ന് ആത്മ പരിശോധന നടത്തുകയെന്നതാണ്. എന്നു മുതലാണ് നമ്മില്‍ ആത്മീയ അകല്‍ച്ച കണ്ടു തുടങ്ങിയതെന്ന് ആത്മശോധന ചെയ്യുക.

5. അലസതയെ ചെറുക്കുക ‍

‘അലസമായ കരങ്ങള്‍ ചെകുത്താന്റെ പണിപ്പുരയാണ്’ എന്ന നമ്മള്‍ കേട്ടിട്ടുണ്ടല്ലോ. ‘നമുക്ക് ചെയ്യുവാന്‍ ഒന്നുമില്ലെങ്കില്‍, പിശാച് നമുക്ക് ചെയ്യുവാന്‍ എന്തെങ്കിലും പ്രലോഭനം തരും’ എന്നാണ് ഇതുകൊണ്ടര്‍ത്ഥമാക്കുന്നത്. തന്റെ വിദ്യാലയത്തിലെ കുട്ടികളുടെ അവധികാലം വിശുദ്ധ ഡോണ്‍ ബോസ്‌കോക്ക് ഇഷ്ടമല്ലായിരുന്നു. അതിന്റെ കാരണമിതായിരിന്നു, ഒന്നും ചെയ്യുവാനില്ലാത്ത സമയത്തു പ്രലോഭനവും ഉണ്ടായിരിക്കും എന്ന് വിശുദ്ധനറിയാമായിരുന്നു. അലസരായിരിക്കാതെ കൂടുതല്‍ ത്യാഗത്തിന്റെ പ്രവര്‍ത്തികള്‍ ചെയ്യുവാന്‍ പരിശ്രമിക്കുക.

6. പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ ഉറച്ച തീരുമാനമെടുക്കുക ‍

ആത്മീയ ജീവിതത്തില്‍ നാം നേരിടുന്ന പ്രധാന പ്രശ്നങ്ങളിലൊന്നാണ് പ്രലോഭനങ്ങള്‍ക്കെതിരെയുള്ള മെല്ലെപ്പോക്ക് നയം. പാപകരമായ അവസ്ഥയോട് അടുത്ത ഒരു സാഹചര്യത്തിലാണ് നാമെല്ലാവരും ജീവിക്കുന്നത്, അതിനാല്‍ തന്നെ പലപ്പോഴും നമുക്ക് പ്രലോഭനങ്ങളെ നേരിടേണ്ടി വരും. “തീയോട്‌ കളിക്കുകയാണെങ്കില്‍, വൈകാതെയോ വൈകിയോ നമുക്ക് പൊള്ളലേല്‍ക്കും” എന്ന പഴഞ്ചൊല്ല് മറക്കാതിരിക്കുക. പ്രലോഭനങ്ങള്‍ക്ക് കീഴ്പ്പെടില്ല എന്ന ഉറച്ച തീരുമാനം ആത്മീയ ജീവിതത്തില്‍ കൂടുതല്‍ ആഴപ്പെടാന്‍ നമ്മേ സഹായിക്കും.

7. നമ്മുക്ക് ഉണ്ടാകുന്ന പ്രലോഭനങ്ങളെ കുറിച്ച് നമ്മുടെ ആത്മീയ ഗുരുക്കന്‍മാരുമായോ വൈദികരുമായോ സംസാരിക്കുക ‍

'സാത്താന്‍ രഹസ്യങ്ങളെ ഇഷ്ടപ്പെടുന്നു' എന്ന് വിശുദ്ധ ഇഗ്നേഷ്യസ് നമുക്ക് മുന്നറിയിപ്പ് തന്നിട്ടുണ്ട്. ഒരാള്‍ കഠിനമായ ആത്മീയ ഏകാന്തതയില്‍ ആണെങ്കില്‍ പോലും തന്റെ ആത്മീയ ഉപദേശകനുമായി അത് പങ്ക് വെക്കുന്നത് പ്രലോഭനങ്ങളെ അതിജീവിക്കുവാന്‍ അയാളെ സഹായിക്കും. പൂര്‍ണ്ണമായുള്ള നിശബ്ദത നമ്മുടെ വസ്ത്രത്തിനിടയില്‍ മറച്ചു വെക്കപ്പെട്ട ഒരു മുറിവിനേയോ, വൃണത്തേയോ പോലെയാണ്. ആ വൃണം അഴിച്ചു വൃത്തിയാക്കിയില്ലെങ്കില്‍ അത് സുഖപ്പെടുകയില്ലെന്ന് മാത്രമല്ല, അത് കൂടുതല്‍ വഷളാവും. ഇതുപോലെ നമ്മുടെ പ്രലോഭനങ്ങളെ നമ്മുടെ ആത്മീയ നിയന്താവുമായി പങ്ക് വെക്കുന്നത് പ്രലോഭനങ്ങളെ നേരിടുവാനുള്ള നമ്മുടെ ശക്തിയെ വര്‍ദ്ധിപ്പിക്കും.

8. വിശുദ്ധ വസ്തുക്കളുടെ ശരിയായ ഉപയോഗം ‍

വിശുദ്ധ വസ്തുക്കളുടെ ശരിയായ ഉപയോഗം സാത്താനുമായുള്ള പോരാട്ടത്തില്‍ വളരെ ഫലപ്രദമാണ്. പ്രത്യേകിച്ച് ജപമാല, വെന്തിങ്ങ, വിശുദ്ധ ബെനഡിക്ടിന്റെ മെഡല്‍, വിശുദ്ധ ഹന്നാന്‍ വെള്ളം തുടങ്ങിയവ പ്രത്യേകമായി ഉപയോഗിക്കുക.

9. പ്രധാന മാലാഖയായ വിശുദ്ധ മിഖായേലിനോടുള്ള പ്രാര്‍ത്ഥന ‍

സാത്താനെതിരെയുള്ള നമ്മുടെ പോരാട്ടത്തില്‍ നമ്മള്‍ എല്ലാ ആയുധങ്ങളും ഉപയോഗിക്കണം. ദൈവത്തിനെതിരായി തിരിഞ്ഞ ലൂസിഫറിനേയും മറ്റ് മാലാഖമാരേയും നരകത്തിലേക്കെറിയുവാന്‍ സ്വര്‍ഗ്ഗീയ സൈന്യങ്ങളുടെ രാജാവും ദൈവത്തിന്റെ വിശ്വസ്തനുമായ വിശുദ്ധ മിഖായേല്‍ മാലാഖയെയാണ് അവിടുന്ന് നിയോഗിച്ചത്. കൂടെ കൂടെ വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥന ചൊല്ലുന്നത് വളരെ നല്ലതാണ്.

വിശുദ്ധ മിഖായേല്‍ മാലാഖയോടുള്ള പ്രാര്‍ത്ഥനയ്ക്കായി ഇവിടെ ക്ലിക്ക് ചെയ്യുക

10. പരിശുദ്ധ കന്യകാ മാതാവിനോട് പ്രാര്‍ത്ഥിക്കുക ‍

പിശാച് ഏറ്റവും അധികം ഭയപ്പെടുന്ന ഒരാളാണ് പരിശുദ്ധ മറിയം എന്ന് നിരവധി ഭൂതോച്ചാടകര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. നരക സര്‍പ്പത്തിന്റെ തല തകര്‍ത്ത പരിശുദ്ധ അമ്മ, അമലോത്ഭവ നാഥ, നിത്യസഹായ മാതാവ് തുടങ്ങീ പരിശുദ്ധ മറിയത്തിനു നിരവധി വിശേഷണങ്ങള്‍ ഉണ്ട്; സാത്താനെ ഒഴിവാക്കുവാന്‍ അവയില്‍ ഏതെങ്കിലും വിളിച്ചപേക്ഷിക്കുന്നത് നല്ലതാണ്. നാരകീയ സര്‍പ്പമാകുന്ന സാത്താന്‍, നമുക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉന്നയിക്കുകയും വിഷം ചീറ്റുംകയും ചെയ്യുമ്പോള്‍ നമ്മള്‍ പരിശുദ്ധ മാതാവിന്റെ സഹായം പ്രത്യേകമായി അപേക്ഷിക്കണം. സാത്താന്റെ തല തകര്‍ക്കാന്‍ പരിശുദ്ധ അമ്മയുടെ പ്രത്യേകം മാധ്യസ്ഥം സഹായിക്കും എന്നു ഉറപ്പാണ്.

നമുക്കെല്ലാവര്‍ക്കും ചെയ്യുവാന്‍ കഴിയുന്ന തികച്ചും ലളിതമായ മാര്‍ഗ്ഗങ്ങളാണിവ. ഈ മാര്‍ഗ്ഗങ്ങളെ ജീവിതത്തില്‍ സ്വീകരിച്ച് കൊണ്ട് സാത്താന്റെ പ്രലോഭനങ്ങളെ നേരിട്ടു നമ്മുടെ കൊച്ചുജീവിതം ഫലദായകമാക്കാന്‍ നമ്മുക്ക് പരിശ്രമിക്കാം.

#Repost


Related Articles »