News

തന്റെ അമ്മയെ മാമോദീസാ മുക്കുവാന്‍ ഫാദര്‍ ഹെസൂക് ഷ്രോഫ് തയാറെടുക്കുന്നു

സ്വന്തം ലേഖകന്‍ 31-03-2017 - Friday

ഒട്ടാവ: താന്‍ മാമോദീസ സ്വീകരിച്ചതിന് ശേഷം കൃത്യം 22 വര്‍ഷങ്ങള്‍ കഴിയുമ്പോള്‍, തനിക്ക് ജന്മം നല്‍കിയ അമ്മയെ മാമ്മോദീസ മുക്കുവാനുള്ള തയ്യാറെടുപ്പിലാണ് ഫാദര്‍ ഹെസൂക് ഷ്രോഫ്. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ശുശ്രൂഷക്കായി ഏറെ പ്രതീക്ഷയോടെയാണ് ഫാദര്‍ ഹെസൂക് ഷ്രോഫ് കാത്തിരിക്കുന്നത്. ജന്മം കൊണ്ട് കത്തോലിക്ക വിശ്വാസിയായിരിന്നില്ല ഷ്രോഫ്. സറാത്തുസ്ത്ര എന്ന ഇറാനിയൻ പ്രവാചകന്റെ പ്രബോധനങ്ങളെ അടിസ്ഥാനമാക്കിയുള്ള സൊറോസ്ട്രിയൻ മതത്തില്‍ നിന്ന്‍ പരിവര്‍ത്തനം ചെയ്ത ഹെസൂക് പിന്നീട് കത്തോലിക്ക വിശ്വാസം സ്വീകരിക്കുകയായിരിന്നു.

1971-ല്‍ കല്‍ക്കട്ടയിലാണ് ഹെസൂക് ഷ്രോഫ് ജനിക്കുന്നത്. സൊറോസ്ട്രിയൻ മതത്തില്‍ ജീവിച്ച് വളര്‍ന്ന അദ്ദേഹം ദൈവത്തെ കൂടുതല്‍ അറിയണമെന്നുള്ള ആഗ്രഹം ചെറുപ്പത്തിലെ മനസ്സില്‍ സൂക്ഷിച്ചിരിന്നു. ഉപരിപഠനത്തിനായി മോണ്‍ട്രീലിലെ മക്ഗില്‍ യൂണിവേഴ്സിറ്റിയില്‍ എത്തിയ അദ്ദേഹം അതിനു മുന്‍പ് വരെ ക്രിസ്തുമതത്തെ കുറിച്ച് ഒന്നും കേട്ടിരുന്നില്ലായെന്ന് പറയുന്നു. കടുത്ത പെന്തകോസ്ത് വിശ്വാസിയായ ഒരു സുഹൃത്തായിരിന്നു ഹെസൂകിന്‍റെ റൂമില്‍ ഉണ്ടായിരിന്നത്. ഈ സുഹൃത്താണ് അവിടെയുള്ള സുവിശേഷ സംഘവുമായും, ക്രിസ്തീയ വിശ്വാസങ്ങളുമായും, ബൈബിളുമായും അടുപ്പിച്ചത്.

എന്നാല്‍ അധികം വൈകാതെ തന്നെ ഹെസൂക് കത്തോലിക്കാ വിശ്വാസത്തെ കുറിച്ചുള്ള ഗ്രന്ഥങ്ങള്‍ വായിക്കുവാന്‍ തുടങ്ങി. 1994-ലെ ഒരു ശനിയാഴ്ച തന്റെ ഒരു കത്തോലിക്ക സുഹൃത്തിനൊപ്പം അദ്ദേഹം ആദ്യമായി മോണ്‍ട്രീലിലെ സെന്റ്‌ പാട്രിക്ക് ബസലിക്കയില്‍ പോയി വിശുദ്ധ കുര്‍ബാന കണ്ടു. വിശുദ്ധ കുര്‍ബാന മദ്ധ്യേ അന്ന്‍ ലഭിച്ച സന്തോഷമാണ് തന്നെ കത്തോലിക്കാ വിശ്വാസത്തിലേക്ക് അടുപ്പിച്ചതെന്ന് ഹെസൂക് വെളിപ്പെടുത്തുന്നു. 1995-ല്‍ മോണ്‍ട്രീലിലെ കത്തോലിക്കാ ദേവാലയത്തില്‍ വെച്ചു ഹെസൂക് ജ്ഞാനസ്നാനം സ്വീകരിച്ചു.

അധികം താമസിയാതെ തന്നെ ഹെസൂക്ക് തന്റെ വിളി തിരിച്ചറിഞ്ഞു. വൈദിക ജീവിതം നയിക്കണമെന്നുള്ള തീവ്രമായ ആഗ്രഹത്തെ തുടര്‍ന്നു മൂന്ന്‍ വര്‍ഷക്കാലം ബെനഡിക്ടന്‍ സന്യാസിമാര്‍ക്കൊപ്പം ക്യൂബെക്കിലും ഫ്രാന്‍സിലുമാണ് അദ്ദേഹം ചിലവഴിച്ചത്. ആറു വര്‍ഷത്തോളം സെന്റ്‌ ജോണ്‍ സന്യാസ സമൂഹത്തില്‍ ചിലവഴിക്കുകയും അവിടെ വെച്ച് തത്വശാസ്ത്രവും, ദൈവശാസ്ത്രവും പഠിക്കുകയും ചെയ്തു. ഇതിനിടയില്‍ അദ്ദേഹത്തിന്റെ സുപ്പീരിയര്‍മാര്‍ ഒരു പ്രേഷിത ദൗത്യവുമായി ഹെസൂക്കിനെ ഫിലിപ്പീന്‍സിലേക്ക് അയച്ചു. ഫിലിപ്പീന്‍സിലെ യൂത്ത് മിനിസ്ട്രിയില്‍ ജോലി ചെയ്യുന്നതിനിടക്കാണ് രൂപതാ വൈദികനായി തന്നെ ദൈവം വിളിക്കുകയാണെന്നു ഹെസൂക് മനസ്സിലാക്കിയത്.

2006-ല്‍ കാനഡയില്‍ എത്തിയ ഹെസൂക് അവിടുത്തെ ഒട്ടാവാ അതിരൂപതക്കു കീഴില്‍ വൈദിക പഠനം ആരംഭിച്ചു. ടൊറന്റോയിലെ സെന്റ്‌ അഗസ്റ്റിന്‍സ് സെമിനാരിയിലായിരിന്നു പഠനം. ഒട്ടാവയിലെ 'നോട്രെ ഡെയിം' കത്തീഡലില്‍ വെച്ച് 2011 മെയ് 13-ന് പരിശുദ്ധ മാതാവിന്റെ തിരുനാള്‍ ദിനത്തിലാണ് ഹെസൂക് പൗരോഹിത്യ പട്ടം സ്വീകരിച്ചത്. അന്ന്‍ അദ്ദേഹത്തിന്റെ പിതാവും, മാതാവും, സഹോദരിയും ആ ചടങ്ങില്‍ സംബന്ധിച്ചിരിന്നു.

“എന്റെ പിതാവ് എന്റെ തീരുമാനത്തെ എതിര്‍ത്തില്ലെങ്കിലും ഞങ്ങളുടെ സംസ്കാരത്തെ ഓര്‍ത്തുള്ള ചില ആശങ്കകള്‍ അദ്ദേഹത്തിനുണ്ടായിരുന്നു. ഞാന്‍ കത്തോലിക്ക വിശ്വാസം സ്വീകരിച്ചതില്‍ എന്റെ അമ്മ ഏറെ സന്തോഷവതിയായിരുന്നു. കത്തോലിക്കാ സ്കൂളില്‍ താമസിച്ചു പഠിച്ചതിനാല്‍ ചെറുപ്പം മുതലേ അമ്മക്ക് കത്തോലിക്കാ വിശ്വാസവുമായി പരിചയമുണ്ടായിരുന്നു. ഒരു കത്തോലിക്കാ വിശ്വാസിയായി മാറണമെന്ന് അമ്മ ആഗ്രഹിച്ചിരുന്നുവെങ്കിലും ചില ബാഹ്യ സമ്മര്‍ദ്ദങ്ങള്‍ മൂലം അവര്‍ക്ക് അതിനു കഴിഞ്ഞിരുന്നില്ല”. ഫാ. ഹെസൂക് ഷ്രോഫ് പറയുന്നു.

എന്നാല്‍ പ്രതിബന്ധങ്ങളെല്ലാം അതിജീവിച്ച് ഏപ്രില്‍ 15-ന് തന്റെ മകനില്‍ നിന്ന്‍ ജ്ഞാനസ്നാനം സ്വീകരിച്ച് കത്തോലിക്ക സഭയില്‍ അംഗമാകുവാന്‍ തയാറെടുക്കുകയാണ് ഈ അമ്മ. എനിക്ക് ശാരീരികമായ ജന്മം നല്‍കി എന്നെ ഈ ലോകത്തിലേക്ക് കൊണ്ടുവന്ന അമ്മ ക്രിസ്തുവിലുള്ള ആത്മീയ പുനര്‍ജ്ജന്മം പ്രാപിക്കുവാന്‍ പോകുകയാണെന്ന് ഫാ. ഷ്രോഫ് പറയുന്നു. സഭയിലേക്കുള്ള തന്റെ അമ്മയുടെ വരവിനായി ഏറെ സന്തോഷത്തോടെ കാത്തിരിക്കുകയാണ് ഫാദര്‍ ഹെസൂക് ഷ്രോഫ്. ദൈവത്തിന്റെ പദ്ധതികള്‍ വിസ്മയാവഹമാണെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് ഈ വൈദികന്റെയും കുടുംബത്തിന്റെയും ജീവിതം.


Related Articles »