Sunday Mirror
പിശാചുക്കളെ മനുഷ്യനിൽ നിന്നും പുറത്താക്കുന്നതെങ്ങനെ? ഭൂതോച്ചാടനത്തെ കുറിച്ച് അറിയേണ്ടതെല്ലാം
സ്വന്തം ലേഖകന്‍ 17-12-2022 - Saturday
ഭൂതോച്ചാടനം, ബാധയൊഴിപ്പിക്കല്‍ എന്നിങ്ങനെയുള്ള വാക്കുകള്‍ കേള്‍ക്കുമ്പോള്‍ ഈ ആധുനിക യുഗത്തില്‍ ജീവിക്കുന്ന ഭൂരിഭാഗം പേരുടേയും മനസ്സില്‍ വരുന്ന ചിന്ത സിനിമകളില്‍ മാത്രം കാണുന്ന ഒരു സങ്കല്‍പ്പം എന്നായിരിക്കും. എന്നാല്‍ ഇത് വെറുമൊരു സങ്കല്‍പ്പമല്ല. നൂറു ശതമാനം യാഥാര്‍ത്ഥ്യമാണ്. ഭൂതോച്ചാടനത്തിലെ പ്രത്യേക സാഹചര്യങ്ങളെ കുറിച്ചും, അതിനു വേണ്ട പ്രത്യേക കര്‍മ്മങ്ങളെ കുറിച്ചും വിവരിക്കുന്ന ആധികാരികമായ ഒരു ഗ്രന്ഥം തന്നെ സഭയ്ക്കുണ്ട്.
റൈറ്റ് ഓഫ് എക്സോര്‍സിസം ആന്‍ഡ് പ്രയേഴ്സ് ഫോര്‍ പര്‍ട്ടിക്കുലര്‍ സര്‍ക്കംസ്റ്റന്‍സസ് എന്നാണ് പുസ്തകത്തിന്റെ പേര്. വിശുദ്ധ ലിഖിതങ്ങളിലും, ദൈവശാസ്ത്രത്തിലും അധിഷ്ടിതമായ കര്‍ശന വിധികളാണ് ഇതില്‍ പ്രതിപാദിച്ചിരിക്കുന്നത്. ആഴമായ ദൈവഭക്തി, പ്രാര്‍ത്ഥനാ ജീവിതം, അറിവ്, വിവേകം, ആത്മാര്‍ത്ഥത എന്നീ ഗുണങ്ങള്‍ അടങ്ങിയ ഒരു പുരോഹിതന് മാത്രമേ മെത്രാന്റെ അനുവാദത്തോട് കൂടി ഭൂതോച്ചാടനം കൈകാര്യം ചെയ്യുവാന്‍ സാധിക്കുകയുള്ളൂ.
സ്വിറ്റ്സര്‍ലന്‍ഡിലെ ചുര്‍ രൂപതയിലെ ഫാദര്‍ സെസര്‍ ട്രൂക്വി ഭൂതോച്ചാടനത്തിന്റെ ആന്തരിക അര്‍ത്ഥങ്ങള്‍ വിവരിച്ചു കൊണ്ട് അലിറ്റിയ എന്ന മാധ്യമത്തിന് അഭിമുഖം നല്‍കിയിരിന്നു. റോമിലെ റെജീന അപ്പോസ്തോലൊറമിലെ പൊന്തിഫിക്കല്‍ അതേനിയം എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ വര്‍ഷങ്ങളായി പ്രഭാഷണം നടത്തുന്ന ഫാദര്‍ ട്രൂക്വിയുമായി 'അലിറ്റിയ' നടത്തിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങളാണ് താഴെ നല്‍കുന്നത്.
* ഭൂതോച്ചാടനത്തില്‍ ഏതു തരത്തിലുള്ള പിശാചിനെയാണ് നേരിടുന്നത്?
ഫാദര്‍ സെസര്‍ ട്രൂക്വി: മനുഷ്യരൂപം പ്രാപിച്ച തിന്മയെയാണ് ഭൂതോച്ചാടനത്തില്‍ നേരിടുന്നത്. ‘സാത്താന്റെ പുകമറ’യെ കുറിച്ച് പോള്‍ ആറാമന്‍ പാപ്പാ പറഞ്ഞിട്ടുണ്ടല്ലോ. ശക്തമായ രീതിയില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്ന സാത്താനെയാണ് നമ്മള്‍ നേരിടുന്നത്. അതായത് തിന്മയുടെ മൂര്‍ത്തീകരണത്തെ. ഈ തിന്മ എന്താണെന്ന് പറയുവാന്‍ ശാസ്ത്രത്തിനു കഴിയുകയില്ല. വിശ്വാസത്തിനു മാത്രമേ അതിനു കഴിയുകയുള്ളൂ.
* ഒരാളെ പിശാച് ബാധിച്ചു എന്ന് പറയുന്നത് വിശ്വസിക്കുവാന്‍ അല്‍പ്പം ബുദ്ധിമുട്ടല്ലേ?
ഫാദര്‍ സെസര്‍ ട്രൂക്വി: അതെ. അത് സത്യമാണ്, കാരണം സാധാരണ ജീവിതത്തില്‍ ഇത്തരത്തിലുള്ള യാതൊന്നും നമ്മള്‍ക്ക് അനുഭവഭേദ്യമായിട്ടില്ല. എന്നാല്‍ വര്‍ഷങ്ങളായി ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ശുശ്രൂഷയുടെ ഭാഗമായി ബാധയുള്ള നിരവധി ആളുകളെ എനിക്ക് കാണുവാന്‍ കഴിഞ്ഞിട്ടുണ്ട്. അതിനാല്‍ തന്നെ മനുഷ്യബുദ്ധിക്ക് വിശദീകരിക്കുവാന്‍ കഴിയാത്ത തരത്തിലുള്ള പ്രതിഭാസങ്ങള്‍ ഉണ്ട് എന്ന് വിശ്വസിച്ചേ മതിയാകൂ.
* പിശാചിനെ മുഖാമുഖം നേരിടുമ്പോള്‍ എന്താണ് തോന്നാറുള്ളത്?
ഫാദര്‍ സെസര്‍ ട്രൂക്വി: നമ്മുടെ ചിന്തകള്‍ മാറികൊണ്ടിരിക്കും. സുവിശേഷങ്ങളില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ എന്റെ മുന്നില്‍ വ്യക്തമാക്കപ്പെട്ടിരിക്കുന്നു എന്നാണ് ഞാന്‍ പങ്കെടുത്ത ആദ്യ ബാധയൊഴിപ്പിക്കലില്‍ എനിക്ക് തോന്നിയത്. വിവിധ നാമങ്ങള്‍ പറയുന്ന പിശാചുക്കളെ യേശു നേരിട്ടിട്ടുണ്ടല്ലോ. ‘അസ്മോദിയൂസ്’ എന്ന് പേരായ ഒരു പിശാചിനെ കുറിച്ച് പഴയ നിയമത്തിലെ തോബിത്തിന്റെ പുസ്തകത്തില്‍ പറയുന്നു. എന്റെ ക്ഷുദ്രോച്ചാടന കര്‍മ്മങ്ങളില്‍ പലരും ഈ പേരുകള്‍ പറയുന്നതായി ഞാന്‍ കേട്ടിട്ടുണ്ട്. ആത്മീയമായി ഇതൊരു വലിയ അനുഭവമാണ്. യേശു പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നും വചനത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നത് യാഥാര്‍ത്ഥ്യമാണെന്നും നേരിട്ട് അനുഭവിക്കുവാന്‍ ഇതു മൂലം എനിക്ക് കഴിയുന്നു. ചുരുക്കത്തില്‍ സുവിശേഷങ്ങളില്‍ പറഞ്ഞിട്ടുള്ളത് എന്റെ മുന്നില്‍ വ്യക്തമാക്കപ്പെട്ടു.
* 'സുവിശേഷങ്ങളില്‍ പറഞ്ഞിട്ടുള്ളത് എന്റെ മുന്നില്‍ വ്യക്തമാക്കപ്പെട്ടു’. ഇത് ഒന്നുകൂടി വിശദീകരിക്കാമോ?
ഫാദര്‍ സെസര്‍ ട്രൂക്വി: 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഞാന്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചപ്പോള്‍, ഫാദര്‍ ബാമോന്റെ, ഫാദര്‍ ഗബ്രിയേല്‍ അമോര്‍ത്ത് തുടങ്ങിയ ക്ഷുദ്രോച്ചാടകര്‍ക്കൊപ്പം ഒരു കോഴ്സില്‍ പങ്കെടുക്കുകയുണ്ടായി. ഏതാണ്ട് 40 വയസ്സുള്ള ഒരു പിശാച് ബാധിതനെ അവിടെ കൊണ്ടു വന്നു.
ഫാദര്‍ ബാമോന്റെയെ സഹായിക്കുവാന്‍ ഞാന്‍ നിര്‍ബന്ധിതനായി. അയാളിലെ പിശാച് സ്വയം വെളിപ്പെടുത്തിയപ്പോള്‍ പുകപോലെയുള്ള മഞ്ഞിന് നടുക്ക് നില്‍ക്കുന്ന പോലെയാണ് എനിക്ക് തോന്നിയത്. ആ മുറി മുഴുവന്‍ മഞ്ഞു വ്യാപിച്ചു. ഫാദര്‍ ബാമോന്റെ പേര് ചോദിച്ചപ്പോള്‍ ‘ഞാന്‍ റെക്സ്’ എന്നാണ് ആദ്യം അയാള്‍ പറഞ്ഞത്. റെക്സ് എന്ന് പേരായ ഒരു പിശാചും ഇല്ല. ക്ഷുദ്രോച്ചാടകന്‍ നിര്‍ബന്ധിച്ചപ്പോള്‍ “ഞാന്‍ ഈ ലോകത്തെ രാജാവായ സാത്താനാണ്” എന്ന ശരിയായ മറുപടി ആ ഫ്രഞ്ച്കാരന്‍ പറഞ്ഞു.
* പിശാച് ബാധയെ സൂചിപ്പിക്കുന്ന എന്തെങ്കിലും അടയാളങ്ങളുണ്ടോ?
ഫാദര്‍ സെസര്‍ ട്രൂക്വി: അവയെ കുറിച്ച് സഭ വ്യക്തമായി പറയുന്നുണ്ട്. നാല് തരം അടയാളങ്ങള്‍ ഉണ്ട്. ഇതുവരെ കേട്ടിട്ടില്ലാത്ത, അല്ലെങ്കില്‍ നിലവിലില്ലാത്ത ഭാഷ സംസാരിക്കുക; വിശുദ്ധ വസ്തുക്കളോടുള വിമുഖത കാണിക്കുക; മനുഷ്യര്‍ക്ക് അതീതമായ ശക്തി പ്രകടിപ്പിക്കുക; ഒളിഞ്ഞിരിക്കുന്ന വസ്തുക്കളെ കുറിച്ചുള്ള അറിവ് പ്രകടിപ്പിക്കുക എന്നിവയാണവ.
* ആളുകള്‍ സ്വയം ഇത്തരം അപകടങ്ങളില്‍ ചെന്ന് ചാടാറുണ്ടോ?
ഫാദര്‍ സെസര്‍ ട്രൂക്വി: തീര്‍ച്ചയായും ഉണ്ട്, മാന്ത്രികവിദ്യ, ദുര്‍മന്ത്രവാദം, ഗുപ്തവിദ്യകള്‍, ആഭിചാരം തുടങ്ങിയവയുമായി ബന്ധപ്പെടുക വഴി ഇത്തരം അബദ്ധങ്ങളില്‍ മനുഷ്യര്‍ ചെന്ന് ചാടുന്നു. വിശുദ്ധ കുര്‍ബ്ബാന, കുമ്പസാരം എന്നിവ വഴി ദൈവത്തോടു കൂടുതല്‍ അടുക്കുമ്പോള്‍ നമ്മുടെ വിശുദ്ധി വര്‍ദ്ധിക്കുന്നത് പോലെ കറുത്ത കുര്‍ബ്ബാന, സാത്താന്‍ ആരാധന, അതുമായി ബന്ധപ്പെട്ട സിനിമകള്‍, സംഗീതം എന്നിവ നമ്മെ സാത്താനുമായി അടുപ്പിക്കുന്നു.
ടാരോറ്റ് കാര്‍ഡുകള്‍ നോക്കി പ്രവചിക്കുന്ന ഒരു സ്ത്രീയുടെ കേസ് ഒരിക്കല്‍ ഞാന്‍ കൈകാര്യം ചെയ്തിട്ടുണ്ട്. അവര്‍ ആളുകളുടെ, കഴിഞ്ഞ കാര്യങ്ങളും, ഇപ്പോള്‍ നടക്കുന്നതും, ഇനി നടക്കുവാന്‍ സാധ്യതയുള്ളതുമായ കാര്യങ്ങള്‍ പ്രവചിച്ചിരുന്നു. എന്നാല്‍ ആര് മുഖാന്തിരമാണ് തനിക്ക് വിജയം ലഭിക്കുന്നത് എന്ന് അറിഞ്ഞപ്പോള്‍ അവര്‍ അത് നിറുത്തി. അപ്പോഴേക്കും ഒരുപാട് വൈകിയിരുന്നു. അവളില്‍ പിശാച് ബാധിച്ചു കഴിഞ്ഞിരുന്നു.
* ഒരേയൊരു ക്ഷുദ്രോച്ചാടന കര്‍മ്മം കൊണ്ട് മാത്രം പിശാചിനെ ഒഴിപ്പിക്കുവാന്‍ സാധിക്കുമോ?
ഫാദര്‍ സെസര്‍ ട്രൂക്വി: അത് വളരെ ബുദ്ധിമുട്ടാണ്. സാധാരണയായി ഒന്നില്‍ കൂടുതല്‍ ക്ഷുദ്രോച്ചാടന കര്‍മ്മങ്ങള്‍ ആവശ്യമായി വരാറുണ്ട്.
* സാധാരണയുള്ള ശുശ്രൂഷ രീതികളെപോലെ തന്നെയാണോ ഭൂതോച്ചാടനവും പ്രവര്‍ത്തിക്കുന്നത്?
ഫാദര്‍ സെസര്‍ ട്രൂക്വി: ക്ഷുദ്രോച്ചാടനം ഒരു ശുശ്രൂഷയാണെങ്കിലും, അത് ഒരു കൂദാശയല്ല. പുരോഹിതന്‍ കുമ്പസാരം വഴി ഒരാള്‍ക്ക് പാപമോചനം നല്‍കുകയാണെങ്കില്‍ അതേ നിമിഷം തന്നെ അവന്റെ പാപങ്ങള്‍ ക്ഷമിക്കപ്പെടും. എന്നാല്‍ ഇതിനു വിരുദ്ധമായി ക്ഷുദ്രോച്ചാടനത്തിന്റെ ഫലസിദ്ധി എന്നത് പുരോഹിതന്റെ വിശുദ്ധി, ബാധയുള്ള ആളിന്റെ പൂര്‍വ്വ വിശ്വാസം തുടങ്ങിയവയുമായി വളരെയേറെ ബന്ധപ്പെട്ടിരിക്കുന്നു.
* ഭൂതോച്ചാടനവും വിടുതല്‍ പ്രാര്‍ത്ഥനയും തമ്മിലുള്ള വ്യത്യാസമെന്താണ്?
ഫാദര്‍ സെസര്‍ ട്രൂക്വി: രണ്ടിനും ഒരേ ഉദ്ദേശം തന്നെയാണ് ഉള്ളത്: പിശാചിന്റെ സ്വാധീനത്തില്‍ നിന്നോ, ബാധയില്‍ നിന്നോ ഉള്ള മോചനമാണ് രണ്ടും ലക്ഷ്യം വെക്കുന്നത്. എന്നാല്‍ ഭൂതോച്ചാടനം മെത്രാന്‍ ചില പുരോഹിതര്‍ക്ക് നല്‍കുന്ന സഭയുടെ ഒരു പ്രേഷിത ദൗത്യമാണ്. മെത്രാന്റെ അനുമതിയുള്ള പുരോഹിതര്‍ക്ക് മാത്രമേ അത് ചെയ്യുവാന്‍ സാധിക്കുകയുള്ളു.
നേരെമറിച്ച് സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ, വിശ്വാസമുള്ള പുരോഹിതര്‍ക്കും അത്മായര്‍ക്കും ചെയ്യാവുന്നതാണ് വിടുതല്‍ പ്രാര്‍ത്ഥന. പിശാചിന് നല്‍കുന്ന നേരിട്ടുള്ള ഉത്തരവാണ് ക്ഷുദ്രോച്ചാടനം. എന്നാല്‍ ദൈവത്തിന്റേയോ, പരിശുദ്ധ കന്യകാമാതാവിന്റേയോ ഇടപെടലിന് വേണ്ടിയുള്ള അപേക്ഷ കൂടിയാണ് വിടുതല്‍ പ്രാര്‍ത്ഥന.
* അങ്ങയുടെ അടുത്ത് വന്നിട്ടുള്ളവരില്‍ എത്ര പേര്‍ക്ക് ശരിക്കും പിശാച് ബാധ ഉണ്ടായിരുന്നു?
ഫാദര്‍ സെസര്‍ട്രൂക്വി: വളരെ കുറച്ചു പേര്‍ക്ക് മാത്രം.
* എന്തുകൊണ്ടാണ് ആളുകള്‍ ഭൂതോച്ചാടനത്തെ ഇത്രമാത്രം ഭയക്കുന്നത്?
ഫാദര്‍ സെസര്‍ ട്രൂക്വി: എന്റെ അടുത്ത് വരുന്നവരില്‍ മൂന്ന്‍ തരത്തിലുള്ള കേസുകള്‍ എനിക്ക് കാണുവാന്‍ കഴിയും: ശരിക്കും ബാധയുള്ളവര്‍, ബാധയില്ലാത്തവര്‍, ഇതര പ്രശ്നങ്ങള്‍ ഉള്ള കേസുകള്‍. ആദ്യത്തെ രണ്ടും എളുപ്പമാണ്. കാരണം ആദ്യം പറഞ്ഞ നാല് അടയാളങ്ങളും വെച്ച് നോക്കി അവര്‍ക്ക് ശരിക്കും ബാധയുണ്ടോ ഇല്ലയോ എന്ന് നമുക്കറിയാം. മാത്രമല്ല ക്ഷുദ്രോച്ചാടകന്റെ പ്രാര്‍ത്ഥന കേള്‍ക്കുമ്പോള്‍ അവര്‍ പ്രതികരിക്കുന്നതില്‍ നിന്നും നമുക്ക് അത് മനസ്സിലാക്കാവുന്നതാണ്.
രണ്ടാമത്തെ കേസില്‍ ഒരു പുരോഹിതന് തന്റെ അനുഭവം കൊണ്ട് ആത്മീയമോ മാനസികമോ ആയ പ്രശ്നമാണോ എന്ന് തിരിച്ചറിയാം. അക്രമപരമായ പെരുമാറ്റങ്ങളോ, പിശാച് ബാധയുടെ ശക്തമായ ലക്ഷണങ്ങളോ പ്രകടിപ്പിക്കുന്ന ചിലരുടെ പ്രശ്നം ആത്മീയതയോ, അല്ലെങ്കില്‍ ടാരറ്റ് കാര്‍ഡ് നോക്കി പ്രവചിക്കുന്നവരുടെ അടുത്ത് പോകുന്നത് കൊണ്ടോ ഉണ്ടാകുന്നതാണ്. അവര്‍ ശരിക്കും പിശാചു ബാധിതരല്ല.
ഒരിക്കല്‍ ഞാന്‍ ഒരു യുവതിയെ കണ്ടു മുട്ടുകയുണ്ടായി, മയക്ക് മരുന്ന് കലര്‍ത്തിയ പാനീയം നല്‍കിയതിനു ശേഷം മന്ത്രവാദി അവളെ മാനഭംഗപ്പെടുത്തി. അവള്‍ക്ക് ബോധമുണ്ടായിരുന്നു. പക്ഷെ പ്രതികരിക്കുവാന്‍ കഴിഞ്ഞില്ല. അവള്‍ കഴിച്ച മയക്ക് മരുന്നും, സഹിക്കേണ്ടി വന്ന അക്രമവും അവളില്‍ കടുത്ത ആഘാതം ഏല്‍പ്പിച്ചു. തന്നില്‍ പിശാച് കുടിയേറിയിരിക്കുകയാണെന്ന് അവള്‍ ചിന്തിച്ചു.
ഞാനും അവള്‍ക്ക് ബാധയുണ്ടെന്നായിരുന്നു കരുതിയിരുന്നത്. പക്ഷേ ഞാന്‍ പ്രാര്‍ത്ഥിച്ചുകൊണ്ടു അവളുടെ തലയില്‍ കൈവച്ചപ്പോള്‍ യാതൊരു പ്രതികരണവും കണ്ടില്ല. അതിനാല്‍ ബാധയല്ല പ്രശ്നം എന്ന് എനിക്ക് മനസ്സിലായി. ഇത്തരം സാഹചര്യങ്ങളില്‍ മരുന്നോ, മനശാസ്ത്രപരമായ ചികിത്സയോ ആണ് വേണ്ടത്.
* ശരിക്കും പിശാച് ബാധയുള്ളവര്‍ എങ്ങിനെയാണ് കഴിയുന്നത്?
ഫാദര്‍ സെസര്‍ ട്രൂക്വി: വാസ്തവത്തില്‍ അവരും സാധാരണ ജീവിതമാണ് നയിക്കുന്നത്. പിശാച് എപ്പോഴും അവരില്‍ പ്രവര്‍ത്തിക്കുന്നില്ല. ഞാന്‍ ഒരുദാഹരണം പറയാം: ഒരാള്‍ ഒരു കാറ് വാങ്ങി എന്നിരിക്കട്ടെ. ആ കാര്‍ അയാളുടെ അധീനതയിലാണ്. ഓഫീസില്‍ പോകുമ്പോഴും മറ്റും അയാള്‍ ആ കാര്‍ ഉപയോഗിക്കുന്നു. അല്ലാത്ത അവസരത്തില്‍ അയാള്‍ അത് വെറുതെ ഇട്ടേക്കും. പിശാച് പ്രവര്‍ത്തിക്കുന്ന ചില സമയമുണ്ട്. അവന്‍ തന്റെ കാറില്‍ കയറുകയും അവന്റെ ഇഷ്ടം പോലെ ഓടിക്കുകയും ചെയ്യും. ചിലപ്പോള്‍ അവന്‍ തന്റെ കാര്‍ ഓടിക്കാതെ വെറുതെ ഇടും. കാര്‍ ഓടുന്നില്ലെങ്കിലും അതിനു ഒരു ഉടമസ്ഥന്‍ ഉണ്ട്.
* ഒരു ഭൂതോച്ചാടകന്റെ അടുത്ത് പോകേണ്ടതു ആവശ്യമായി വരുന്നത് എപ്പോഴാണ്?
ഫാദര്‍ സെസര്‍ ട്രൂക്വി: നിങ്ങളില്‍ അസാധാരണമായത് സംഭവിക്കുമ്പോഴാണ് ഒരു ഭൂതോച്ചാടകന്റെ അടുത്ത് പോകേണ്ടതായി വരുന്നത്. മാമോദീസ സ്വീകരിച്ചിരുന്നുവെങ്കിലും നിരീശ്വരവാദിയായി ജീവിച്ച ഒരു സ്ത്രീയെ ഞാന്‍ റോമില്‍ വെച്ച് കണ്ടു മുട്ടി. സാഹചര്യങ്ങള്‍ എനിക്ക് ഓര്‍മ്മയില്ലെങ്കിലും അവള്‍ക്ക് പിശാച് ബാധയുണ്ടായി.
തന്റെ ഭര്‍ത്താവിനേയും, മകനേയും കൊന്നിട്ട് ആത്മഹത്യ ചെയ്യുവാന്‍ പ്രേരിപ്പിക്കുന്ന ഒരു ശബ്ദം അവള്‍ നിരന്തരം കേട്ടുതുടങ്ങി. ആദ്യം തനിക്ക് മാനസികരോഗമാണെന്നാണ് അവള്‍ കരുതിയത്. മനശാസ്ത്രജ്ഞന്റെ അടുത്ത് പോയെങ്കിലും യാതൊരു ഗുണവുമുണ്ടായില്ല. തുടര്‍ച്ചയായ അവളുടെ സ്വഭാവമാറ്റത്തെ കണ്ട അവളുടെ ഒരു സുഹൃത്ത് ഫാദര്‍ അമോര്‍ത്തിനെ കൊണ്ട് പോയി കാണിച്ചു. ഏറെ നേരത്തെ നിരീക്ഷണങ്ങള്‍ക്ക് ശേഷം അവള്‍ക്ക് പിശാച് ബാധയുണ്ടെന്ന് അദ്ദേഹത്തിന് മനസ്സിലായി. ഭൂതോച്ചാടനം നടത്തി. ഇന്ന്‍ ഒരു നല്ല ക്രിസ്ത്യാനിയായി അവള്‍ ജീവിക്കുന്നു.
* ക്ഷുദ്രോച്ചാടനത്തിനിടക്ക് അവര്‍ക്കെന്താണ് തോന്നുന്നതെന്ന് അവരോട് എപ്പോഴെങ്കിലും ചോദിച്ചിട്ടുണ്ടോ?
ഫാദര്‍ സെസര്‍ ട്രൂക്വി: ഞാന്‍ ആദ്യം സൂചിപ്പിച്ച ഫ്രഞ്ച് കാരനോട് ഞാന്‍ ചോദിച്ചിട്ടുണ്ട്. തന്റെ ഉള്ളില്‍ ഒരു യുദ്ധം നടക്കുന്നത് പോലെയാണ് തോന്നിയതെന്നാണ് അവന്‍ പറഞ്ഞത്. പിശാചുക്കള്‍ അസ്വസ്ഥരായി പരസ്പരം പിറുപിറുത്ത് കൊണ്ട് ഓടുന്നതായും, പുരോഹിതന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍ ദൈവത്തിന്റെ പ്രകാശം അവരെ പുറത്താക്കിയതുമായി തനിക്ക് തോന്നിയെന്ന് അവന്‍ പറഞ്ഞു.
* ഭൂതോച്ചാടനത്തിന് ഇടയ്ക്ക് അങ്ങയെ ഏറ്റവും ആകര്‍ഷിച്ചത് എന്താണ്?
ഫാദര്‍ സെസര്‍ ട്രൂക്വി: ഒരു ഊമയായ പിശാച്. അവനെ കുറിച്ച് യേശു സുവിശേഷത്തില്‍ പറയുന്നുണ്ട്. പ്രാര്‍ത്ഥനയും ഉപവാസവും വഴി മാത്രമേ അവര്‍ ഒഴിയുകയുള്ളൂ. ഊമയായ പിശാച് വളരെ വിരളമാണ്. 12 വര്‍ഷത്തിനിടക്ക് ഒരിക്കല്‍ മാത്രമേ ഞാന്‍ അതിനെ നേരിട്ടിട്ടുള്ളു.
* ഭൂതോച്ചാടനം നടത്തിയ ഏതെങ്കിലും സാഹചര്യത്തില്‍ എപ്പോഴെങ്കിലും ഭയം തോന്നിയിട്ടുണ്ടോ?
ഫാദര്‍ സെസര്‍ ട്രൂക്വി: ആദ്യകാലങ്ങളില്‍ എനിക്ക് ഭയം തോന്നിയിരുന്നു. അവരുടെ ശബ്ദ വ്യത്യാസത്തില്‍ നമുക്ക് ഭയം തോന്നുകയില്ല. വളരെ പതിഞ്ഞ ശബ്ദത്തില്‍ പറയുന്ന ഒരു സ്ത്രീ ക്രമേണ അലറുവാന്‍ തുടങ്ങും. എന്നാല്‍ പിശാച് ഉപദ്രവിക്കാതിരിക്കുവാന്‍ നമ്മള്‍ ശ്രദ്ധിക്കണം. പിശാച് ഉണ്ടെന്ന്‍ ഒരു ക്ഷുദ്രോച്ചാടകന് അറിയാം. പക്ഷേ എല്ലായിടത്തുമില്ല. എല്ലാത്തിനുമുപരിയായി, ക്ഷുദ്രോച്ചാടനം ഒരു കാരുണ്യ പ്രവര്‍ത്തനമാണെന്നാണ് എനിക്ക് തോന്നിയിട്ടുള്ളത്. പീഡയനുഭവിക്കുന്ന ഒരുവനോട് കാണിക്കുന്ന സ്നേഹം. അങ്ങനെയേ ഭൂതോച്ചാടനത്തെ ഞാന്‍ കണ്ടിട്ടുള്ളൂ.
#repost