News - 2024
ദരിദ്രരോടും സ്ത്രീകളോടും അഭയാര്‍ത്ഥികളോടും കരുണ കാണിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് പാപ്പയുടെ ഈസ്റ്റര്‍ സന്ദേശം
സ്വന്തം ലേഖകന്‍ 17-04-2017 - Monday
വത്തിക്കാന്‍ സിറ്റി: മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട് വേദനയില്‍ കഴിയേണ്ടിവരുന്ന ദരിദ്രരോടും സ്ത്രീകളോടും അഭയാര്‍ഥികകളോടും കരുണ കാണിക്കണമെന്ന ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. ഈസ്റ്റര്‍ ദിന സന്ദേശത്തിലാണ് മാര്‍പാപ്പയുടെ ആഹ്വാനം. യുദ്ധവും ക്ഷാമവും രാഷ്ട്രീയ അരക്ഷിതാവസ്ഥയും മൂലം ദുരിതം അനുഭവിക്കുന്നവരെ മറക്കരുതെന്നും മാര്‍പാപ്പ തന്റെ സന്ദേശത്തില്‍ അനുസ്മരിച്ചു.
കുരിശില്‍ തറച്ച യേശുവിനെ കാണാന്‍ പോയ മാതാവിന്റെയും മഗ്ദലന മറിയത്തിന്റെയും ബൈബിളിലെ രംഗം ഉപമിച്ചു കൊണ്ടാണ് സ്ത്രീകളെ ബഹുമാനിക്കണമെന്നു മാര്‍പാപ്പ ഓര്‍മ്മിപ്പിച്ചത്. പരിശുദ്ധ അമ്മയുടെയും മഗ്ദലന മറിയത്തിന്റെയും മുഖത്ത് കഠിനമായ ദുഃഖം തളം കെട്ടിയിരുന്നു. ഇതേ ദുഃഖവും ഭയവും ഇന്ന് ലോകത്ത് പീഡിപ്പിക്കപ്പെടുന്നവരും സമൂഹത്തില്‍ ഒറ്റപ്പെടുന്നവരുമായ എല്ലാ സ്ത്രീകളിലും കാണാം. ദുരിതമനുഭവിക്കുന്നവര്‍ക്കും സ്ത്രീകള്‍ക്കും പരിഗണനയും ബഹുമാനവും കൊടുക്കണം. മാര്‍പാപ്പ വിശ്വാസികളെ ഓര്‍മപ്പെടുത്തി.
ദാരിദ്ര്യം, ചൂഷണത്തിന്റെയും ക്രൂരതയുടെയും ഫലമായുള്ള തീരാദുഃഖം ഇന്ന് നിരവധി സ്ത്രീകളുടെ മുഖത്ത് നാം കാണുന്നുണ്ട്. രാജ്യം നഷ്ടപ്പെട്ട് പലായനം ചെയ്യേണ്ടിവന്നവരും കുടുംബവും വീടും നഷ്ടപ്പെട്ടവരും അക്കൂട്ടത്തിലുണ്ട്. അഴിമതി ലോകത്തുനിന്നു തുടച്ചു നീക്കണം. മനുഷ്യാവകാശങ്ങൾ നിഷേധിക്കപ്പെട്ട് അടിമകളായി കഴിയേണ്ടിവരുന്ന ദരിദ്രരെയും അഭയാർഥികളെയും സംരക്ഷിച്ചും സഹായിച്ചുമാവണം ലോകം മുന്നോട്ട് പോകേണ്ടത്.
സഹായം ആവശ്യമുള്ളവര്‍ക്ക് അത് എത്തിക്കേണ്ട ചുമതല നമുക്കെല്ലാമുണ്ട്. മനുഷ്യനിലെ നന്മയും മഹത്വവും നശിച്ചുകൊണ്ടിരിക്കുകയാണെന്നു മാര്‍പാപ്പ കൂട്ടിച്ചേര്‍ത്തു. ഉയിർപ്പ് തിരുനാള്‍ രാത്രിയില്‍ ഫ്രാന്‍സിസ് മാർപാപ്പയുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വത്തിക്കാനില്‍ നടന്ന ദിവ്യബലിയില്‍ പതിനായിരങ്ങളാണ് ഒത്തുചേര്‍ന്നത്. സിറിയയിലെ അലെപ്പോയിൽ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ബോംബാക്രമണത്തിൽ ഒട്ടേറെ പേർ മരിക്കാനിടയായ സംഭവത്തെ മാർപാപ്പ അപലപിച്ചു. ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കനത്തസുരക്ഷയാണ് വത്തിക്കാനില്‍ ഒരുക്കിയിരിന്നത്.