Sunday Mirror - 2024

പിശാചിനെ അകറ്റുവാന്‍ ഫലപ്രദമായ 4 മാര്‍ഗ്ഗങ്ങള്‍

സ്വന്തം ലേഖകന്‍ 30-04-2017 - Sunday

"അശുദ്ധാത്മാവ് ഒരു മനുഷ്യനെ വിട്ടുപോകുമ്പോള്‍ അത് ആശ്വാസം തേടി, വരണ്ട സ്ഥലങ്ങളിലൂടെ അലഞ്ഞുനടക്കുന്നു; എന്നാല്‍ കണ്ടെത്തുന്നില്ല. അപ്പോള്‍ അതു പറയുന്നു: ഞാന്‍ ഇറങ്ങിപ്പോന്ന എന്റെ ഭവനത്തിലേക്കു തിരിച്ചുചെല്ലും. അതു മടങ്ങിവരുമ്പോള്‍ ആ സ്ഥലം ആളൊഴിഞ്ഞും അടിച്ചുവാരി സജ്ജീകരിക്കപ്പെട്ടും കാണുന്നു. അപ്പോള്‍ അതു പുറപ്പെട്ടുചെന്ന് തന്നെക്കാള്‍ ദുഷ്ടരായ ഏഴ് ആത്മാക്കളെക്കൂടി തന്നോടൊത്തു കൊണ്ടുവരുകയും അവിടെ പ്രവേശിച്ചു വാസമുറപ്പിക്കുകയും ചെയ്യുന്നു. അങ്ങനെ, ആ മനുഷ്യന്റെ അവസാനത്തെ സ്ഥിതി ആദ്യത്തേതിനെക്കാള്‍ ശോചനീയമായിത്തീരുന്നു. ഈ ദുഷിച്ച തലമുറയ്ക്കും ഇതുതന്നെയായിരിക്കും അനുഭവം". മത്തായിയുടെ സുവിശേഷം പന്ത്രണ്ടാം അധ്യായം 43 മുതല്‍ 45 വരെയുള്ള വാക്യങ്ങളാണിവ.

ഇന്ന് നാം ഏറെ ധ്യാനിക്കേണ്ട ഒരു വചനം കൂടിയാണ് ഇത്. കാരണം ആത്മാക്കളുടെ രക്ഷ നിര്‍വീര്യമാക്കാന്‍ ഓരോ നിമിഷവും പുതിയ തന്ത്രങ്ങള്‍ മെനഞ്ഞു കൊണ്ട് നടക്കുന്ന സാത്താന്‍റെ അടിമത്തതിന് കീഴ്വഴങ്ങുന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. ഒരു വശത്ത് പ്രാര്‍ത്ഥനയും ത്യാഗവുമായി ജീവിക്കുമ്പോള്‍ മറുവശത്തു അവരെ എങ്ങനെ തന്റെ കെണിയില്‍ വീഴിക്കാം എന്ന ചിന്തയില്‍ സാത്താന്‍ പ്രവര്‍ത്തനനിരതനാകുകയാണ്.

പിശാചിനെ അകറ്റി നിര്‍ത്തുവാനും, അവന്റെ തിരിച്ചു വരവിനെ തടയുവാനും പര്യാപ്തമായ 4 മാര്‍ഗ്ഗങ്ങളാണ് പ്രധാനമായും ഭൂതോച്ചാടകര്‍ നിര്‍ദ്ദേശിക്കുന്നത്. ഇവ പിശാചിനെ അകറ്റി നിര്‍ത്തും എന്ന് മാത്രമല്ല നമ്മുടെ ആത്മാവിനെ സമാധാനത്തിലാക്കുകയും, ദൈവ കരങ്ങളില്‍ നമ്മേ സുരക്ഷിതരാക്കുകയും ചെയ്യുന്നു. നമുക്കേവര്‍ക്കും പിന്തുടരുവാന്‍ കഴിയുന്നത്ര ലളിതമായ നാല് മാര്‍ഗ്ഗങ്ങളാണ് ഇനി ധ്യാനിക്കുന്നത്.

1. തുടര്‍ച്ചയായ കുമ്പസാരവും ദിവ്യകാരുണ്യ സ്വീകരണവും

ചെറിയ ചെറിയ പാപങ്ങള്‍ വഴിയാണ് പിശാച് സാധാരണയായി ഒരു വ്യക്തിയിലേക്ക് പ്രവേശിക്കുന്നത്. നമ്മുടെ പാപങ്ങള്‍ നിമിത്തം ദൈവത്തില്‍ നിന്നും കൂടുതല്‍ കൂടുതല്‍ അകലുംതോറും നമ്മള്‍ പിശാചിന്റെ സ്വാധീനത്തിലേക്ക്‌ കൂടുതല്‍ കൂടുതല്‍ അടുത്തു കൊണ്ടിരിക്കുകയാണ്. അതായത് നിസ്സാര പാപങ്ങള്‍ പോലും ദൈവവുമായുള്ള നമ്മുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തുകയും അതുവഴി പിശാചിന് നേട്ടമുണ്ടാക്കുവാന്‍ സാധിക്കുകയും ചെയ്യുന്നു.

ദൈവത്തിന്റെ പ്രതിപുരുഷനായ വൈദികനോട് നമ്മുടെ പാപങ്ങള്‍ ഏറ്റു പറയുന്നത് പാപകരമായ നമ്മുടെ ജീവിതാവസ്ഥക്ക് ഒരു അവസാനം നല്‍കുകയും അതു പുതിയൊരു ജീവിതം തുടങ്ങുവാന്‍ നമ്മളെ സഹായിക്കുകയും ചെയ്യുന്നു. മാരകമായ പാപങ്ങള്‍ ചെയ്തവരുടെ കുമ്പസാരം കേള്‍ക്കുന്നതില്‍ നിന്നും വിശുദ്ധ ജോണ്‍ വിയാന്നിയെ പിശാച് പിന്തിരിപ്പിക്കുവാന്‍ ശ്രമിച്ചത്‌ കുമ്പസാരത്തിന്റെ ശക്തി വെളിപ്പെടുത്തുന്നു. തലേന്ന് രാത്രിയില്‍ പിശാച് തന്നെ ഉപദ്രവിക്കുവാന്‍ ശ്രമിക്കുകയാണെങ്കില്‍ അടുത്ത ദിവസം ആ പട്ടണത്തില്‍ ഒരു വലിയ പാപി വരും എന്ന കാര്യം വിശുദ്ധ ജോണ്‍ വിയാന്നിക്ക്‌ അറിയാമായിരുന്നു. നിരന്തരമായി കുമ്പസാരിക്കുന്ന ഒരു വ്യക്തിയെ കാണുന്ന മാത്രയില്‍ തന്നെ പിശാച് ഭയന്നോടുമെന്ന് സാരം.

അനുരഞ്ജന കൂദാശക്ക് സമാനമായി വിശുദ്ധ കുര്‍ബാനക്കും പിശാചിനെ തുരത്തുവാനുള്ള അപാരമായ ശക്തിയുണ്ട്. പൂര്‍ണ്ണ മനസ്താപത്തോടെ നടത്തിയ കുമ്പസാരത്തിനു ശേഷം വിശുദ്ധ കുര്‍ബാന സ്വീകരിക്കുന്നത് പിശാചിന്റെ സ്വാധീനത്തില്‍ പെടാതിരിക്കുവാനുള്ള വളരെ ഫലപ്രദമായ ഒരു മാര്‍ഗ്ഗമാണ്. യേശുവിന്റെ യഥാര്‍ത്ഥ സാന്നിധ്യമുള്ളിടത്ത് നില്‍ക്കുവാന്‍ പിശാചിന് കഴിയുകയില്ല.

പരിശുദ്ധ ദിവ്യകാരുണ്യത്തിലെ യേശുവിന്റെ നിറസാന്നിധ്യത്തെ അരക്കിട്ടുറപ്പിക്കുന്നതാണ് ഇത്. കുമ്പസാരത്തിനു ശേഷമുള്ള അനുഗ്രഹീതമായ അവസ്ഥയില്‍ വിശുദ്ധ കുര്‍ബ്ബാന സ്വീകരിക്കുമ്പോള്‍, പിശാചിന് വന്നിടത്തേക്ക് തിരിച്ചു പോവുകയല്ലാതെ വേറെ യാതൊരു മാര്‍ഗ്ഗവും ഇല്ലാതെ വരുന്നു. ഈ പരമസത്യത്തെക്കുറിച്ച് വിശുദ്ധ തോമസ്‌ അക്വിനാസ് പറയുന്നുണ്ട്. "വിശുദ്ധ കുര്‍ബ്ബാന സാത്താന്റെ ആക്രമണങ്ങളെ നിഷ്‌പ്രഭമാക്കുന്നുവെന്ന്" അദ്ദേഹം 'സുമ്മാ തിയോളജിയ' എന്ന ഗ്രന്ഥത്തില്‍ എഴുതിയിരിക്കുന്നു.

2. നിരന്തരമായ പ്രാര്‍ത്ഥന

തുടര്‍ച്ചയായി കുമ്പസാരിക്കുകയും, വിശുദ്ധ കുര്‍ബാന സ്വീകരിക്കുകയും ചെയ്യുന്ന ഒരാള്‍ ദിവസവും പ്രാര്‍ത്ഥിക്കേണ്ടത് അത്യാവശ്യമാണ്. തുടര്‍ച്ചയായ പ്രാര്‍ത്ഥന നടത്തുന്നുവന്‍ ദൈവത്തിനു പ്രിയങ്കരനായി മാറുന്നു. ദൈവവുമായി നിരന്തരം സംവദിക്കുന്ന ഒരുവന്‍ പിശാചിനെ ഭയപ്പെടുകയില്ല. നിരന്തരം ബൈബിള്‍ വായിക്കുക, ജപമാലയും ഇതര പ്രാര്‍ത്ഥനകളും ചൊല്ലുക എന്നിവയാണ് ക്ഷുദ്രോച്ചാടകര്‍ പിശാച് ബാധിതനായ വ്യക്തിയോട് ഭൂതോച്ചാടനത്തിന് ശേഷം നിര്‍ദ്ദേശിക്കാറുള്ളത്. തുടര്‍ച്ചയായ പ്രാര്‍ത്ഥന പിശാചിനെ അകറ്റുവാന്‍ ഏറ്റവും ഫലവത്തായ മാര്‍ഗ്ഗമാണ്.

3. ഉപവാസം

ഉപവാസത്തിന്റെ അത്ഭുതകരമായ ശക്തിയെ പറ്റി വിശുദ്ധ ഗ്രന്ഥം നമ്മെ പഠിപ്പിക്കുന്നു. പ്രാര്‍ത്ഥനയും ഉപവാസവും കൂടാതെ ചില പൈശാചിക ശക്തികളെ പുറത്താക്കുവാന്‍ സാധ്യമല്ലന്ന് യേശു തന്റെ ശിഷ്യന്‍മാരോടു പറയുന്നു. ഏതു തരത്തിലുള്ള ഉപവാസമാണ് നമുക്ക് വേണ്ടത് എന്ന് നാം തന്നെ തിരിച്ചറിയണം. പ്രാര്‍ത്ഥനയോടെ, ത്യാഗത്തോടെ നാം ഉപവാസമനുഷ്ടിക്കുമ്പോള്‍ നമ്മുടെ ജീവിതത്തെ തകര്‍ക്കാന്‍ അന്ധകാരത്തിന്റെ ശക്തികള്‍ക്കു സാധിക്കില്ല, തീര്‍ച്ച.

4. വിശുദ്ധ വസ്തുക്കളുടെ ഉപയോഗം:

ഭൂതോച്ചാടനവേളയില്‍ വിശുദ്ധ വസ്തുക്കള്‍ ഉപയോഗിക്കുക മാത്രമല്ല ക്ഷുദ്രോച്ചാടകര്‍ ചെയ്യുന്നത്. അതോടൊപ്പം സ്ഥിരമായി അവ ഉപയോഗിക്കുവാന്‍ പിശാച് ബാധയില്‍ നിന്ന്‍ മുക്തി നേടിയവരെ ഉപദേശിക്കുകയും ചെയ്യുന്നു. ദൈനംദിന ജീവിതത്തില്‍ സാത്താനുമായി പൊരുതുവാനും, അവന്റെ തിരിച്ചുവരവിനെ തടയുവാനും ഏറ്റവും നല്ലൊരു ആയുധമാണ് വിശുദ്ധ വസ്തുക്കള്‍. വെഞ്ചരിച്ച ജപമാല, വെള്ളം, ഉപ്പ്, എന്നിവ വീട്ടില്‍ സൂക്ഷിക്കുക മാത്രമല്ല, യാത്ര ചെയ്യുമ്പോള്‍ കൂടെ കൊണ്ട് പോകുന്നതും വളരെ നല്ലതാണ്. വെന്തിങ്ങ പോലെയുള്ള വിശുദ്ധ വസ്തുക്കള്‍ക്ക് വളരെ വലിയശക്തിയുണ്ടെന്നും നാം തിരിച്ചറിയണം.

അന്ധകാരത്തിന്റെ അധിപനായ സാത്താനെ ചെറുത്ത് തോല്‍പ്പിക്കുവാന്‍, പൈശാചിക ശക്തികളുടെ മേല്‍ വിജയം നേടാൻ ഈ നാല് മാര്‍ഗ്ഗങ്ങളും നാം പിന്തുടരേണ്ടിയിരിക്കുന്നു. ഇവ വഴി നമ്മള്‍ പിശാചിനെ ആട്ടിപ്പായിക്കുക മാത്രമല്ല ചെയ്യുന്നത്, വിശുദ്ധിയിലേക്കുള്ള ഒരു മാര്‍ഗ്ഗം തുറക്കുക കൂടിയാണ് ചെയ്യുന്നത്. സാത്താനും അവന്റെ അനുയായികളും വിശ്രമമില്ലാതെ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഇന്നത്തെ കാലത്ത് അവനുമേല്‍ നമ്മുക്ക് വിജയം നേടാം. അതിനായി വളരെ ലളിതമായ ഈ മാര്‍ഗ്ഗങ്ങള്‍ പിന്തുടരുവാന്‍ നാം നിസംഗത കാണിക്കരുതെന്ന് മാത്രം.


Related Articles »