Meditation. - May 2024
ക്രിസ്തുവിന്റെ ഉത്ഥാനത്തിന്റെ ഫലമായി ലോകത്തില്‍ എന്തുമാറ്റമുണ്ടായി?
സ്വന്തം ലേഖകന്‍ 15-05-2024 - Wednesday
"അവന്റെ മരണത്തിനു സദൃശമായ ഒരു മരണത്തില്‍ നാം അവനോട് ഐക്യപ്പെട്ടവരായെങ്കില്‍ അവന്റെ പുന രുത്ഥാനത്തിനു സദൃശമായ ഒരു പുനരുത്ഥാനത്തിലും അവനോട് ഐക്യപ്പെട്ടവരായിരിക്കും" (റോമ 6: 5).
യേശു ഏകരക്ഷകൻ: മെയ് 15
യേശുക്രിസ്തുവിന്റെ ഉത്ഥാനം വരെ മരണം എന്നത് എല്ലാറ്റിന്റെയും അവസാനമാണന്നു ലോകം കരുതിയിരുന്നു. എന്നാൽ ക്രിസ്തുവിന്റെ ഉത്ഥാനം ഈ ധാരണകളെയെല്ലാം മാറ്റിമറിച്ചു എന്നു മാത്രമല്ല മരണത്തിനപ്പുറം മനുഷ്യന് നിത്യമായ ഒരു ജീവിതമുണ്ട് എന്നതിനു ലോകത്തിന് വലിയൊരു തെളിവു നൽകുകയും ചെയ്തു. ക്രിസ്തുവിൽ വിശ്വസിക്കുന്ന ഓരോ മനുഷ്യനും സ്വർഗ്ഗരാജ്യത്തിലേക്ക് പ്രവേശിക്കാൻ സാധിക്കും എന്ന ഉറപ്പ് ലോകത്തിന് സമ്മാനിച്ചത് ക്രിസ്തുവിന്റെ ഉത്ഥാനമാണ്.
ക്രിസ്തുവിന്‍റെ പുനരുത്ഥാനവും ഉത്ഥിതനായ ക്രിസ്തു തന്നെയും ഭാവിയിലുള്ള നമ്മുടെ പുനരുത്ഥാനത്തിന്റെ മൂലകാരണവും ഉറവിടവുമാണ്. നിദ്രപ്രാപിച്ച എല്ലാവരുടെയും ആദ്യഫലമായ ക്രിസ്തു മരിച്ചവരുടെ ഇടയില്‍ നിന്ന്‍ ഉയിര്‍ത്തേഴുന്നേറ്റു. ആദത്തില്‍ എല്ലാവരും മരണാധീനരായതുപോലെ ക്രിസ്തുവില്‍ എല്ലാവരും പുനര്‍ജീവിക്കും.
ക്രിസ്ത്യാനികൾ ഉത്ഥിതനായ ക്രിസ്തുവില്‍ 'വരാനുള്ള യുഗത്തിന്‍റെ ശക്തികളെ' രുചിച്ചറിയുന്നു. അവരുടെ ജീവിതത്തെ മിശിഹാ ദൈവീകജീവന്‍റെ ഹൃദയത്തിലേക്ക് ചേര്‍ക്കുന്നു. അവര്‍ ഇനി തങ്ങള്‍ക്ക് വേണ്ടി തന്നെ ജീവിക്കാതെ തങ്ങളെപ്രതി മരിക്കുകയും ഉയിര്‍ക്കുകയും ചെയ്തവനു വേണ്ടി ജീവിക്കേണ്ടതിന് ക്രിസ്തു അവരുടെ ജീവിതത്തെ ദൈവീകജീവന്‍റെ മടിയിലേക്ക് ചേര്‍ക്കുന്നു.
വിചിന്തനം
മരണം ഇനിമേല്‍ എല്ലാറ്റിന്റെയും അവസാനമല്ല. ക്രിസ്തുവിന്റെ ഉത്ഥാനത്തിലൂടെ സന്തോഷവും പ്രത്യാശയും ലോകത്തിലേക്കു വന്നു. യേശുവിന്റെ മേല്‍ മരണത്തിന് "ഇനിമേല്‍ അധികാരമില്ല" അതിനാൽ ക്രിസ്തുവിന്‍റേതായിരിക്കുന്ന മനുഷ്യന്റെ മേലും അതിനു അധികാരമില്ല. ഈ വലിയ സത്യം ലോകം മുഴുവൻ തിരിച്ചറിയാൻ വേണ്ടി നമ്മുക്കു പ്രാർത്ഥിക്കാം.
ലോക സുവിശേഷവൽക്കരണത്തിനു വേണ്ടിയുള്ള പ്രാർത്ഥന
"ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേശുക്രിസ്തുവിനെയും അറിയുക എന്നതാണ് നിത്യജീവൻ". (യോഹ 17:3)
നിങ്ങള്‍ ലോകമെങ്ങും പോയി എല്ലാ സൃഷ്ടികളോടും സുവിശേഷം പ്രസംഗിക്കുവിന്‍ എന്നു കല്‍പ്പിച്ച ഞങ്ങളുടെ രക്ഷകനും നാഥനുമായ ഈശോയെ, അങ്ങയെ ഞങ്ങൾ ആരാധിക്കുന്നു. സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകലരും മുട്ടുകള്‍ മടക്കുന്ന യേശുനാമത്തെ പ്രഘോഷിക്കുവാന്‍, അഭിഷേകം നിറഞ്ഞ അനേകം സുവിശേഷ പ്രഘോഷകരെ ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും അങ്ങ് ഉയർത്തണമേ.
സുവിശേഷത്തിനു വേണ്ടി ജീവന്‍ ത്യജിക്കുവാന്‍ അനേകം രക്തസാക്ഷികളെ ധൈര്യപ്പെടുത്തിയ പരിശുദ്ധാത്മാവേ, ആകാശത്തിനു കീഴെ മനുഷ്യരുടെ രക്ഷയ്ക്കായി, യേശുനാമമല്ലാതെ മറ്റൊരു നാമവും നല്കപ്പെട്ടിട്ടില്ല എന്നും, മറ്റാരിലും രക്ഷയില്ല എന്നും ലോകത്തോട് സധൈര്യം പ്രഘോഷിക്കുവാന്‍ ഓരോ വചനപ്രഘോഷകരെയും ശക്തിപ്പെടുത്തണമേ.
അപ്പസ്തോലന്‍മാരിലേക്ക് അഗ്നിജ്വാലകളായി ഇറങ്ങി വന്ന പരിശുദ്ധാത്മാവേ, മാധ്യമങ്ങളിലൂടെ സുവിശേഷ വേല ചെയ്യുന്ന ഓരോ വ്യക്തികളെയും അങ്ങയുടെ വരദാനങ്ങൾ കൊണ്ട് നിറയ്ക്കണമേ. ദൃശ്യമാധ്യമങ്ങളിലൂടെയും, കലാസൃഷ്ടികളിലൂടെയും ക്രിസ്തുവിന്റെ സന്ദേശം പ്രഘോഷിക്കുവാൻ അനേകം കലാകാരന്മാരെയും സാങ്കേതിക വിദഗ്ധരെയും അങ്ങ് അഭിഷേകം ചെയ്യണമേ.
എല്ലാ അനുഗ്രഹങ്ങളുടെയും ഉറവിടമായ പരിശുദ്ധ ത്രിത്വമേ, ലോക സുവിശേഷവൽക്കരണത്തിനു വേണ്ടി പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്ന ഓരോ വ്യക്തികളെയും അവരുടെ കുടുംബാംഗങ്ങളെയും അവിടുന്ന് സമൃദ്ധമായി അനുഗ്രഹിക്കണമേ.
കർത്താവായ യേശുവേ, ലോകം മുഴുവനുമുള്ള എല്ലാ ഭരണാധികാരികളെയും അവരുടെ സഹപ്രവർത്തകരെയും, ക്രൈസ്തവ വിശ്വാസത്തിനെതിരെ പ്രവർത്തിക്കുന്ന എല്ലാ വ്യക്തികളെയും പ്രസ്ഥാനങ്ങളെയും അങ്ങയുടെ തിരുരക്തത്താൽ കഴുകണമേ. അങ്ങയുടെ വാഗ്ദാനമായ പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറച്ച് അവരെയും പ്രേക്ഷിതരാക്കി മാറ്റണമേ.
ഞങ്ങൾക്കുവേണ്ടി കുരിശിൽ മരിച്ച് ഉത്ഥാനം ചെയ്ത ഈശോയെ, മരണത്തിന്‍റെ മേല്‍ വിജയം വരിക്കുന്ന ജീവന്‍റെ സുവിശേഷം എല്ലാവര്‍ക്കും പകരുവാന്‍ പുനരുത്ഥാനത്തില്‍ നിന്നും ജനിക്കുന്ന പുതിയ തീക്ഷ്ണത ഇപ്പോള്‍ എല്ലാ വൈദികർക്കും സന്യസ്തർക്കും നൽകണമേ. സുവിശേഷത്തിന്‍റെ ഒളിമങ്ങാത്ത സൗന്ദര്യം ഓരോ മനുഷ്യരിലും എത്തിക്കുവാന്‍ പുതിയ പന്ഥാവുകള്‍ തേടുന്നതിനുള്ള വിശുദ്ധമായ ധൈര്യം ഓരോ സഭാധികാരികൾക്കും നൽകണമേ. അങ്ങനെ ലോകത്തിന്റെ ഓരോ അരികുകളിലും പ്രകാശം വിതറിക്കൊണ്ട് സുവിശേഷത്തിന്റെ ആനന്ദം അതിന്റെ അതിർത്തികൾ വരെ വ്യാപിക്കട്ടെ.
പിതാവായ ദൈവമേ, ക്രൈസ്തവ വിശ്വാസം ക്ഷയിച്ചുകൊണ്ടിരിക്കുന്ന ഓരോ രാജ്യങ്ങളുടെ മേലും കരുണയുണ്ടാകണമേ. യേശുവിന്‍റെ സദ്‌വാര്‍ത്ത പ്രഘോഷിക്കുവാനുള്ള അടിയന്തിരവും അത്ഭുതപൂര്‍വ്വവുമായ വിളിക്ക് സമ്മതം നല്‍കിക്കൊണ്ട് അനേകം യുവാക്കൾ ഈ രാജ്യങ്ങളിൽ നിന്നും സുവിശേഷവേലയിലേക്കു കടന്നുവരുവാൻ ഇടയാക്കണമേ.
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയുടെ സൃഷ്ടികർമ്മത്തിൽ പങ്കാളികളാകാൻ വിളിക്കപ്പെട്ട ഓരോ കുടുംബങ്ങളും ക്രൈസ്തവ വിശ്വാസത്തിൽ കൂടുതൽ ആഴപ്പെടുവാൻ വേഗത്തിൽ ഇടവരുത്തണമേ. ഓരോ തലമുറയും അവരുടെ മാതാപിതാക്കളെക്കാൾ വിശ്വാസത്തിൽ വേരുറച്ചു വളരുവാനുള്ള സാഹചര്യം അങ്ങ് തന്നെ സൃഷ്ടിക്കണമേ.
അബാ പിതാവേ, അങ്ങയുടെ തിരുകുമാരനും ഞങ്ങളുടെ രക്ഷകനും നാഥനുമായ യേശുക്രിസ്തുവിന്റെ നാമത്തിന്റെയും കുരിശുമരണത്തിന്റെയും അനന്ത യോഗ്യതയാൽ പാപികളായ ഞങ്ങളുടെ ഈ പ്രാർത്ഥന അങ്ങ് കേട്ടരുളേണമേ. ആമ്മേൻ.