News - 2024

മതബോധനം തൊഴിലല്ല, ക്രിസ്തുവിന്റെ പ്രബോധനം സകലരെയും അറിയിക്കുവാനുള്ള തീക്ഷ്ണത: ഫ്രാന്‍സിസ് പാപ്പ

സ്വന്തം ലേഖകന്‍ 13-07-2017 - Thursday

വത്തിക്കാന്‍ സിറ്റി: മതബോധനം തൊഴിലല്ലായെന്നും ക്രിസ്തുവിലുള്ള വിശ്വാസവും, അവിടുത്തെ പ്രബോധനങ്ങളും സകലരോടും അറിയിക്കാനുള്ള അതിയായ തീക്ഷ്ണതയാണെന്നും ഫ്രാന്‍സിസ് പാപ്പ. അര്‍ജന്‍റീനയിലെ കത്തോലിക്കാ യൂണിവേഴ്സിറ്റിയും ദേശീയ മെത്രാന്‍ സമിതിയും സംയുക്തമായി നടത്തുന്ന രാജ്യാന്തര മതബോധന സംഗമത്തിന് അയച്ച സന്ദേശത്തിലാണ് ഫ്രാന്‍സിസ് പാപ്പാ ഇപ്രകാരം ഉദ്ബോധിപ്പിച്ചത്.

ക്രിസ്തുവില്‍നിന്നും അവിടുത്തെ സുവിശേഷത്തില്‍നിന്നും തനിക്ക് ലഭിച്ചത് മറ്റുള്ളവര്‍ക്ക് പകര്‍ന്നുകൊടുക്കുന്നതും, അതിനായി ജീവിതം സമര്‍പ്പിക്കുന്നതുമാണ് മതബോധനം. നമ്മുക്ക് ദാനവും സമ്മാനവുമായി ലഭിച്ച വിശ്വാസം വിശ്വസ്തതയോടെ പങ്കുവയ്ക്കുകയാണ് മതബോധനത്തിലൂടെ ചെയ്യുന്നത്. മതബോധകരുടെ വാക്കുകളും പ്രവൃത്തിയും സദാ ക്രിസ്തുശിഷ്യന് ഇണങ്ങുന്നതായിരിക്കണം. മതബോധനം വിശ്വാസവളര്‍ച്ചയുടെയും സമഗ്രതയുടെയും ഒരു പ്രക്രിയയാണ്.

ക്രിസ്തുവിനെ പ്രഘോഷിക്കാന്‍ വിവിധ സാധ്യതകളും സൗകര്യങ്ങളും ഉപയോഗപ്പെടുത്തേണ്ടതുണ്ട്. മനുഷ്യജീവിതങ്ങളെ സന്തോഷംകൊണ്ടു നിറയ്ക്കാന്‍ കഴിയുന്ന വിശ്വാസപ്രചാരണത്തിന് നവവും ഉചിതവുമായ സാദ്ധ്യതകളും ഉപാധികളും ഉപയോഗപ്പെടുത്തേണ്ടതാണ്. ദൈവസ്നേഹത്തെക്കുറിച്ച് ജനങ്ങളെ അറിയിക്കാനും അവരോടു പറയാനും അവിടുന്ന് ഉപയോഗിച്ച ഉപമകള്‍ ഇന്നും ഏറെ പ്രസക്തമാണ്.

ദൈവത്തിന് മാറ്റമില്ല. എന്നാല്‍ അവിടുന്ന് സകലത്തിനെയും മാറ്റുകയും മാറ്റിമറിക്കുകയും നവീകരിക്കുകയും ചെയ്യുന്നു. അതായിരുന്നു ക്രിസ്തുവിന്‍റെ മതബോധന രീതി. സകലത്തിനെയും നവീകരിക്കുകയും വിശുദ്ധീകരിക്കുകയും ചെയ്യുന്ന ക്രിസ്തുവിന്‍റെ പ്രേഷിതരും ശിഷ്യരുമാകാം എന്ന ആശംസയോടെയാണ് പാപ്പ തന്റെ സന്ദേശം ഉപസംഹരിച്ചത്.

ദേശീയ മെത്രാന്‍ സമിതിയുടെ മതബോധന കമ്മീഷന്‍ പ്രസിഡന്‍റും റെസിസ്റ്റാന്‍സ് അതിരൂപതാദ്ധ്യക്ഷനുമായ ആര്‍ച്ചുബിഷപ്പ് റോമോണ്‍ ആല്‍ഫ്രഡോ ദൂസിനാണ് പാപ്പാ സന്ദേശം അയച്ചത്. ജൂലൈ 11നു ആരംഭിച്ച സമ്മേളനം നാളെ സമാപിക്കും.


Related Articles »