India
ഫാ. മാര്‍ട്ടിനു ഇന്ന് യാത്രാമൊഴി
സ്വന്തം ലേഖകന്‍ 04-08-2017 - Friday
ആലപ്പുഴ: സ്കോട്‌ലൻഡിലെ എഡിൻബറോയിൽ മരിച്ച ഫാ.മാർട്ടിൻ സേവ്യർ വാഴച്ചിറയ്ക്കു ജന്മനാട് ഇന്ന് യാത്രമൊഴി നല്‍കും. രാവിലെ 8.30 ന് ആശ്രമം പ്രിയോർ ഫാ. സെബാസ്റ്റ്യൻ അട്ടിച്ചിറയുടെ കാർമ്മികത്വത്തിൽ പ്രത്യേക പ്രാർത്ഥന നടക്കും. 11 ന് അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ കുർബാന നടക്കും. തുടർന്നു ചെത്തിപ്പുഴ തിരുഹൃദയ ദേവാലയത്തിൽ സംസ്കാരച്ചടങ്ങുകൾ ആരംഭിക്കും.
12.15ന് നടക്കുന്ന സമാപന ശുശ്രൂഷകൾക്കു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിക്കും. മാർ സെബാസ്റ്റ്യൻ തെക്കത്തച്ചേരി, മാർ സൈമൺ സ്റ്റോക്ക് പാലാത്തറ ഉൾപ്പെടെയുള്ളവർ സഹകാർമ്മികരാകും. ഫാ. മാർട്ടിന്റെ സെമിനാരിപഠനകാലത്തെ സഹപാഠി ഫാ. റോമിയോ കല്ലുകളം സിഎംഐ അനുസ്മരണ പ്രസംഗം നടത്തും.
ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തിൽനിന്നു വിലാപയാത്രയായി ഉച്ചകഴിഞ്ഞു രണ്ടേമുക്കാലോടെ പുളിങ്കുന്ന് കണ്ണാടിയിലെ വാഴച്ചിറ വീട്ടിൽ ഫാ. മാർട്ടിന്റെ മൃതദേഹം എത്തിച്ചപ്പോള്‍ കയ്യിൽ പുഷ്പങ്ങളും അധരങ്ങളില്‍ പ്രാർത്ഥനയുമായി വൻ ജനക്കൂട്ടമാണ് തടിച്ചുകൂടിയത്.
വൈദികരും ഫാ. മാർട്ടിന്റെ സഹപാഠികളും സുഹൃത്തുക്കളും നാട്ടുകാരുമുൾപ്പെടെ നുറുകണക്കിനുപേർ വസതിയിലെത്തി പ്രിയ വൈദികന് ആദരാഞ്ജലി അർപ്പിച്ചു. വൈകുന്നേരം അഞ്ചരയോടെ വീട്ടിൽനിന്നെടുത്ത മൃതദേഹം ആറരയോടെ ചെത്തിപ്പുഴ ആശ്രമദേവാലയത്തിൽ എത്തിച്ചു. രാത്രി വൈകി ചെത്തിപ്പുഴ ആശ്രമ ദേവാലത്തിനു സമീപത്തെ കുമ്പസാര കപ്പേളയിലേക്കു മാറ്റിയ മൃതദേഹം ഇന്ന് രാവിലെ തിരുഹൃദയ ദേവാലയത്തിലേക്കു മാറ്റി.
ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിൽ എത്തിച്ച മൃതദേഹത്തിൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി, മുൻ മന്ത്രി കെ.എം.മാണി, കൊടിക്കുന്നിൽ സുരേഷ് എംപി, സി.എഫ്.തോമസ് എംഎൽഎ, ഡോ. കെ.സി.ജോസഫ്, ജോണി നെല്ലൂർ, ഡെയ്സി ജേക്കബ് തുടങ്ങിയവർ അന്ത്യാഞ്ജലി അർപ്പിച്ചു. വൈകിട്ടു നടന്ന പ്രാർഥനകൾക്കു മാർ സെബാസ്റ്റ്യൻ തെക്കത്തച്ചേരി നേതൃത്വം നൽകി. ആയിരങ്ങളാണ് തങ്ങളുടെ വന്ദ്യ വൈദികനു ഇന്നലെ അന്തിമോപചാരം അർപ്പിക്കാനെത്തിയത്.