News - 2024
നീറുന്ന ഹൃദയവേദന ഉള്ളിലൊതുക്കി ഫാ. മാര്‍ട്ടിന്റെ പിതാവ്
സ്വന്തം ലേഖകന്‍ 04-08-2017 - Friday
ആലപ്പുഴ: ഫാ. മാർട്ടിനെ മരിച്ചനിലയിൽ കണ്ടെന്ന വാർത്ത മക്കൾ ആദ്യഘട്ടത്തിൽ രോഗിയായ പിതാവിനെ അറിയിച്ചിരുന്നില്ല. പിന്നീടു സന്ദർശകരായി സഭാ, രാഷ്ട്രീയ നേതാക്കളെത്തിയപ്പോൾ ബന്ധുക്കള്‍ക്ക് ആ യാഥാര്‍ത്ഥ്യം മറച്ചുവെക്കുവാന്‍ കഴിഞ്ഞില്ല. അന്ന് മുതല്‍ തന്റെ മകന്റെ മുഖം ഒരു നോക്കുവാന്‍ കാണുവാനുള്ള കാത്തിരിപ്പിലായിരിന്നു തോമസ് സേവ്യറെന്ന ഫാ. മാര്‍ട്ടിന്റെ പിതാവ്. ആ ഹൃദയവേദന ഉള്ളിലൊതുക്കി ഇന്നലെ വരെ ആ പിതാവ് കാത്തിരിന്നു.
ഇന്നലെ വൈദികന്റെ മൃതദേഹം പുളിങ്കുന്ന് വാഴച്ചിറ വീട്ടിലെത്തിച്ചപ്പോൾ മൃതദേഹം സൂക്ഷിച്ച പെട്ടിക്കരികിൽ വിങ്ങുന്ന ഹൃദയത്തോടെ നിശ്ചലനായി നിന്നു പോയ പിതാവിന്റെ കാഴ്ച അനേകരെ ഈറനണിയിച്ചു. എംബാം ചെയ്ത് അയച്ച മൃതദേഹം പെട്ടിക്കുള്ളിൽനിന്നു പുറത്തെടുക്കാനാവില്ലായെന്നതിനാല് മകന്റെ ചേതനയറ്റ ശരീരം ഒരു നോക്കുവാന്‍ കാണുവാന്‍ ആഗ്രഹിച്ച ആ പിതാവിനു പെട്ടിക്കു മുകളിൽ അന്ത്യചുംബനം നല്‍കാനേ കഴിഞ്ഞുള്ളൂ.
തോമസ് സേവ്യറെന്ന മാമച്ചന്റേത് ഭാര്യയും എട്ടു മക്കളുമടങ്ങുന്ന സന്തുഷ്ട കുടുംബമായിരുന്നു. നെൽകൃഷി ജീവിതമാര്‍ഗ്ഗമാക്കി ക്രിസ്തീയ വിശ്വാസത്തെ മുറുകെ പിടിച്ച് മുന്നേറിയ മാമച്ചനും ഭാര്യ മോനിമ്മക്കും നാല് ആണ്മക്കളും നാലു പെണ്മക്കളുമാണ് ദൈവം ദാനമായി നല്‍കിയത്. 2009-ല്‍ ഭാര്യ മോനിമ്മയുടെ മരണം മാമച്ചനെയും മക്കളെയും സംബന്ധിച്ചിടത്തോളം വലിയ വേദനയാണ് നല്‍കിയത്. 2012ൽ മൂത്തമകളും രണ്ടു കുട്ടികളുടെ അമ്മയുമായ ആൻസമ്മയും യാത്രയായി.
മക്കളില്‍ ഇളയവനായ കുഞ്ഞുമോനെന്ന വിളിപ്പേരുള്ള ഫാ. മാർട്ടിനെയാണു പിതാവും മറ്റു സഹോദരങ്ങളും ഏറെ സ്നേഹിച്ചത്. രണ്ട് മരണങ്ങളുടെ വേദന മറക്കാന്‍ കൂടുതല്‍ കരുത്ത് നല്‍കുന്നായിരിന്നു 2013 ഡിസംബർ 28നു നടന്ന ഫാ. മാര്‍ട്ടിന്റെ പൗരോഹിത്യ സ്വീകരണം. രോഗങ്ങളും പ്രായാധിക്യവും ശരീരത്തെ തളര്‍ത്തിയെങ്കിലും ഫാ. മാര്‍ട്ടിന്റെ പൗരോഹിത്യം മാമച്ചന് നല്കിയ പ്രതീക്ഷ ഏറെ വലുതായിരിന്നു. ഒരു വർഷം മുന്‍പ് കണ്ണുകളിലേക്കുള്ള ഞരമ്പുകളിലുണ്ടായ തകരാറിനെത്തുടർന്ന് മൂത്തമകൻ ലാലിച്ചന്റെ ഇരുകണ്ണുകളുടെയും കാഴ്ചശക്തി നഷ്ടപ്പെട്ടു.
എന്നിരിന്നാലും വേദന നിറഞ്ഞ മാമച്ചന്റെ കുടുംബത്തിന്റെ സന്തോഷമായിരുന്നു ഫാ. മാർട്ടിൻ. ഒടുവില്‍ ഫാ. മാര്‍ട്ടിനും ദൈവസന്നിധിയിലേക്ക് യാത്രയായി. നീറുന്ന ഹൃദയവേദന ഉള്ളിലൊതുക്കി ആ പിതാവ് അന്ത്യചുംബനം നല്കിയപ്പോള് പുളിങ്കുന്നിലെ കണ്ണാടി ഗ്രാമത്തിന്റെ വിതുമ്പലായി അത് മാറി. ഭവനത്തിനുള്ളിൽ വച്ചു ഫാ. മാർട്ടിന്റെ സഹോദരങ്ങളും സഹവൈദികരും അന്ത്യാഞ്ജലി അർപ്പിച്ചു. വൻ ജനാവലിയാണ് ഫാ. മാര്‍ട്ടിനു അന്ത്യോപചാരം നല്കാന് എത്തിയത്.