News
ആയിരങ്ങളെ കണ്ണീരിലാഴ്ത്തി ഫാ. മാര്‍ട്ടിന്റെ മൃതദേഹം സംസ്കരിച്ചു
സ്വന്തം ലേഖകന്‍ 04-08-2017 - Friday
ആലപ്പുഴ: ആയിരങ്ങളുടെ കണ്ണുകളെ ഈറനണിയിച്ച് ചെത്തിപ്പുഴ ആശ്രമ ദേവാലയത്തിലെ സെമിത്തേരിയില്‍ ഫാ. മാര്‍ട്ടിനു അന്ത്യവിശ്രമം. എംബാം ചെയ്ത് അയച്ച മൃതദേഹം പെട്ടിക്കുള്ളിൽനിന്നു പുറത്തെടുക്കാനാവില്ലായെന്ന യാഥാര്‍ത്ഥ്യം അറിഞ്ഞെങ്കിലും ആയിരങ്ങളാണ് ചെത്തിപ്പുഴ ദേവാലയത്തിലേക്ക് ഇന്ന് പ്രവഹിച്ചത്. മൂന്നുഘട്ടമായാണ് മൃതസംസ്ക്കാര ശുശ്രൂഷ നടന്നത്. രാവിലെ എട്ടുമണിയോട് കൂടി മൃതദേഹം കുമ്പസാര കപ്പേളയില്‍ തിരുഹൃദയ ദേവാലയത്തിലേക്കു മാറ്റി.
8.30ന് സിഎംഐ തിരുവനന്തപുരം സെന്റ് ജോസഫ്സ് പ്രൊവിൻഷ്യൽ ഫാ. സെബാസ്റ്റ്യൻ ചാമത്തറയുടെ കാർമികത്വത്തിൽ ആദ്യശുശ്രൂഷകൾക്കു തുടക്കമായി. രാവിലെ പത്തുമണിക്ക് ശുശ്രൂഷകളുടെ രണ്ടാം ഭാഗം ബിഷപ് മാർ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാർമികത്വത്തിൽ തുടങ്ങി. 11 മണിയോടുകൂടി അതിരൂപതാ സഹായ മെത്രാൻ മാർ തോമസ് തറയിലിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയര്‍പ്പണം ആരംഭിച്ചു.
നിരവധി വൈദികര്‍ വിശുദ്ധ കുര്‍ബാനയ്ക്ക് സഹകാര്‍മ്മികരായി. ഫാ. മാർട്ടിന്റെ സെമിനാരിപഠനകാലത്തെ സഹപാഠി ഫാ. റോമിയോ കല്ലുകളം സിഎംഐ അനുസ്മരണ പ്രസംഗം നടത്തി. വിശുദ്ധ കുര്‍ബാനയ്ക്ക് പിന്നാലെ നടന്ന സമാപന ശുശ്രൂഷകൾക്കു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടം മുഖ്യകാർമികത്വം വഹിച്ചു. ബിഷപ് മാർ ഗ്രേഷ്യൻ മുണ്ടാടൻ, ബിഷപ് മാർ സൈമണ്‍സ്റ്റോക്ക് പാലാത്ര എന്നിവർ സഹകാർമ്മികരായി. അനുസ്മരണ ബലിയിലും മൃതസംസ്ക്കാര ശുശ്രൂഷയിലും നൂറുകണക്കിനു വൈദികരും സന്യസ്ഥരും പങ്കെടുത്തു.
You May Like: നീറുന്ന ഹൃദയവേദന ഉള്ളിലൊതുക്കി ഫാ. മാര്‍ട്ടിന്റെ പിതാവ്
ഇക്കഴിഞ്ഞ ജൂണ്‍ 23നാണ് ഫാ. മാർട്ടിൻ സേവ്യറിന്‍റെ മൃതദേഹം താമസസ്ഥലത്തില്‍ നിന്ന്‍ 30 മൈല്‍ മാറി സ്ഥിതി ചെയ്യുന്ന ബീച്ചിൽ നിന്നു കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടം പരിശോധനകള്‍ കഴിഞ്ഞിട്ടും മരണകാരണം ഇപ്പോഴും അവ്യക്തമാണ്. ദൂരൂഹമരണങ്ങളെ കുറിച്ച് അന്വേഷിക്കുന്ന സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡിന്റെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റാണ് ഇപ്പോഴും അന്വേഷണം തുടരുന്നത്.
പുളിങ്കുന്ന് കണ്ണാടി വാഴച്ചിറയിൽ തോമസ് സേവ്യറിന്റെയും(മാമ്മച്ചൻ) പരേതയായ മറിയാമ്മയുടെയും ഇളയ മകനാണു മരിച്ച ഫാ. മാർട്ടിൻ. പുളിങ്കുന്ന് അമലോത്ഭവ എൽപി സ്കൂളിലും സെന്റ് ജോസഫ്സ് ഹൈസ്കൂളിലുമായി പത്താം ക്ലാസ് വരെ പഠിച്ചശേഷം സെമിനാരിയിൽ ചേർന്ന ഫാ. മാർട്ടിൻ മാന്നാനം കെഇ സ്കൂളിൽ നിന്നു പ്ലസ് ടു പാസായി. തുടർന്ന് ചങ്ങനാശേരി എസ്ബി കോളജിൽ നിന്ന് ഇംഗ്ലിഷ് സാഹിത്യത്തിലും ബെംഗളൂരു ധർമാരം വിദ്യാക്ഷേത്രത്തിൽ നിന്നു ദൈവശാസ്ത്രത്തിലും ബിരുദം നേടി.
സെമിനാരി പഠന കാലത്ത് കൊൽക്കത്ത, മഹാരാഷ്ട്രയിലെ വാർധ തുടങ്ങിയ സ്ഥലങ്ങളിൽ സാമൂഹിക സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡീക്കൻ പട്ടം സ്വീകരിച്ചശേഷം ആലപ്പുഴ പൂന്തോപ്പ് പള്ളിയിൽ ഡീക്കനായി ഒരു വർഷത്തോളം സേവനമനുഷ്ഠിച്ചു. 2013 ഡിസംബർ 28 ന് തക്കല ബിഷപ് ഡോ.ജോർജ് രാജേന്ദ്രനിൽ നിന്നുമാണ് വൈദികപട്ടം സ്വീകരിച്ചത്.
ചെത്തിപ്പുഴ പള്ളിയിൽ അസിസ്റ്റന്റ് വികാരിയായിരിക്കെ കഴിഞ്ഞവർഷം ജൂലൈയിലാണ് ഉപരിപഠനത്തിനായി സ്കോട്‌ലൻഡില്‍ എത്തിയത്. ജൂലൈയിൽ ഫാൽകിര്‍ക്ക് ഇടവകയിൽ എത്തിയ അദ്ദേഹം ഒക്ടോബർ മുതലാണ് ക്രിസ്റ്റോർഫിന്‍ സെന്റ് ജോൺ ദ ബാപ്റ്റിസ്റ്റ്’ റോമൻ കാത്തലിക് പള്ളിയുടെ ചുമതലയേറ്റെടുത്തത്.