News - 2024
ദൈവത്തിന്റെ രക്ഷാകരപദ്ധതിയില്‍ മാലാഖമാര്‍ക്കുള്ള പങ്ക് വിവരിച്ച് ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 30-09-2017 - Saturday
വത്തിക്കാന്‍ സിറ്റി: ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയില്‍ മാലാഖമാര്‍ക്കും മനുഷ്യര്‍ക്കുമുള്ള പങ്കിനെക്കുറിച്ച് ഉദ്ബോധിപ്പിച്ചുകൊണ്ടു ഫ്രാന്‍സിസ് പാപ്പാ. മുഖ്യദൂതന്മാര്‍ക്ക് നമ്മുടെ രക്ഷാകരയാത്രയില്‍ പ്രത്യേക ദൗത്യങ്ങളുണ്ടെന്നും മാലാഖമാര്‍ നമ്മുടെ സഹോദരങ്ങളാണെന്നും പാപ്പ പറഞ്ഞു. മുഖ്യദൂതരായ വിശുദ്ധ മിഖായേല്‍-റഫായേല്‍- ഗബ്രിയേല്‍ മാലാഖമാരുടെ തിരുനാളില്‍, സാന്താമാര്‍ത്താ കപ്പേളയിലെ പ്രഭാതബലിമധ്യേ നല്‍കിയ വചനസന്ദേശത്തിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്.
മാലാഖമാരും മനുഷ്യരും വിളിയനുസരിച്ച് സഹോദരരാണ്. കര്‍ത്താവിനുമുമ്പില്‍ അവിടുത്തേയ്ക്കു ശുശ്രൂഷ ചെയ്യുകയും, അവിടുത്തെ സ്തുതിക്കുകയും, അവിടുത്തെ വദനത്തിന്‍റെ മഹത്വം ധ്യാനിക്കുകയും ചെയ്യുന്നവരാണ് മാലാഖമാര്‍. അതുപോലെ ദൈവികധ്യാനത്തില്‍ ആയിരിക്കുന്നവരാണവര്‍. നമ്മുടെ സഹഗാമികളായിരിക്കാന്‍ കര്‍ത്താവ് അവരെ അയയ്ക്കുന്നു. മുഖ്യദൂതന്മാര്‍ക്ക് നമ്മുടെ രക്ഷാകരയാത്രയില്‍ പ്രത്യേക ദൗത്യങ്ങളുണ്ട്. പിശാചുമായുള്ള യുദ്ധത്തിലാണ് മഹാനായ മിഖായേല്‍. നമ്മുടെ മാതാവായ ഹവ്വയെ പ്രലോഭിപ്പിച്ച ഇന്ന്‍ നമ്മേ പ്രലോഭിപ്പിക്കുന്ന, പിശാചുമായി എതിരിടുന്ന മാലാഖയാണ് മിഖായേല്‍.
'അവന്‍ പാപിയാണ്. അവന്‍ എന്‍റേതാണ്'- പാപം ചെയ്തുകഴിയുമ്പോള്‍ ദൈവത്തിനുമുമ്പില്‍ അവന്‍ നമ്മെക്കുറിച്ച് ഇങ്ങനെ പറയും. ഈ പ്രലോഭനത്തില്‍ വിജയിക്കുന്നതിന് മിഖായേല്‍ മാലാഖ നമ്മെ സഹായിക്കുന്നു. ഗബ്രിയേല്‍ മാലാഖ എല്ലായ്പ്പോഴും സദ്വാര്‍ത്ത കൊണ്ടുവരുന്നു. മറിയത്തിനും, ജോസഫിനും സഖറിയയ്ക്കും കൊണ്ടുവന്നതുപോലെ സദ്വാര്‍ത്തയുമായി വിശുദ്ധ ഗബ്രിയേല്‍ എത്തുന്നു.
ദൈവത്തിന്‍റെ സുവിശേഷം നാം മറക്കുമ്പോള്‍, 'യേശു നമ്മോടൊത്തുണ്ട് ' എന്ന സദ്വാര്‍ത്തയുമായി നമ്മുടെ വഴികളില്‍ വി. ഗബ്രിയേല്‍ മാലാഖയുണ്ട്. തെറ്റായ ചുവടുവയ്ക്കാതിരിക്കാന്‍ നമ്മുടെ സഹായത്തിനെത്തുന്ന മാലാഖയാണ് റഫായേല്‍. ദൈവത്തിന്‍റെ രക്ഷാകരപദ്ധതിയില്‍ മാലാഖമാരോടൊത്തു നമുക്കും സഹകരിക്കാം എന്ന ആഹ്വാനവുമായാണ് പാപ്പാ തന്റെ വചനസന്ദേശം അവസാനിപ്പിച്ചത്.