News - 2025
നിങ്ങൾ മാമ്മോദീസ സ്വീകരിച്ച ദിവസം ഓർമിക്കുകയും ആഘോഷിക്കുകയും ചെയ്യാറുണ്ടോ? മാർപാപ്പ ചോദിക്കുന്നു
അഗസ്റ്റസ് സേവ്യർ 11-01-2016 - Monday
ജനുവരി 10 ഞായറാഴ്ച്ച, ഫ്രാൻസിസ് മാർപാപ്പ ജ്ഞാനസ്നാനത്തിന്റെ പ്രാധാന്യത്തെ പറ്റി വിശ്വാസികളെ ഓർമിപ്പിച്ചു. നമ്മെ ദൈവത്തിന്റെ മക്കളാക്കുന്ന കൂദാശയാണത്. അത് ഓർമിക്കുകയും ആഘോഷിക്കുകയും ചെയ്യുക എന്നത് ഒരു വിശ്വാസിയുടെ കടമയാണ്.
നമ്മുടെ ജീവിതത്തിലെ അത്രയും പ്രധാനപ്പെട്ട ഈ കാര്യം പലർക്കും അറിവുണ്ടായിരിക്കില്ല എന്ന് അദ്ദേഹം അനുമാനിച്ചു. അറിവില്ലാത്തവർ മുതിർന്നവരോട് ഈ കാര്യം ചോദിച്ചു മനസിലാക്കണം. ഇടവകയുടെ സഹായം തേടിയും എല്ലാവർക്കും ഈ കാര്യം അറിയാൻ കഴിയുമെന്ന് പിതാവ് സൂചിപ്പിച്ചു.
സിസ്റ്റൈൻ ചാപ്പലിലെ പ്രാർത്ഥനയ്ക്ക് മുമ്പ് പിതാവ് , 13 ആൺകുഞ്ഞുങ്ങളും 13 പെൺകുഞ്ഞുങ്ങളും അടങ്ങുന്ന ഒരു സംഘത്തെ ജ്ഞാനസ്നനപ്പെടുത്തി. ആ കുഞ്ഞുങ്ങൾക്കു വേണ്ടി പ്രത്യേകം പ്രാർത്ഥിക്കാൻ അദ്ദേഹം വിശ്വാസികളോട് ആഹ്വാനം ചെയ്തു.
വിശുദ്ധ ലൂക്കോയുടെ സുവിശേഷത്തിൽ വിവരിക്കുന്ന യേശുവിന്റെ ജ്ഞാനസ്നാനം അദ്ദേഹം വിശദീകരിച്ചു. "യേശുവിന്റെ ജ്ഞാനസ്നാന വേളയിൽ സ്വർഗ്ഗം തുറക്കപ്പെട്ടു ! പരിശുദ്ധാത്മാവ് ഒരു പ്രാവിന്റെ രൂപത്തിൽ ഭൂമിയിലേക്കിറങ്ങി വന്നു."
"ഒരു അശരീരി ഉണ്ടായി 'ഇവനെന്റെ പ്രീയപുത്രൻ! ഇവനിൽ ഞാൻ പ്രസാദിച്ചിരിക്കുന്നു."
"അതോടെ യേശു ജ്ഞാനസ്നാനപ്പെടുകയാണ്. മനുഷ്യരാശിയുടെ രക്ഷകനായ മിശിഹാ ആയി രൂപാന്തരപ്പെടുകയാണ്!"
"സ്നാപക യോഹന്നാന്റെ ജലം കൊണ്ടുള്ള ജ്ഞാനസ്നാനം യേശുവിന്റെ അഗ്നി കൊണ്ടുള്ള ജ്ഞാനസ്സാനമായും രൂപാന്തരപ്പെടുന്നു." ജ്ഞാനസ്നാനത്തിലെ ഗുരസ്ഥാനം പരിശുദ്ധാത്മാവിന്റേതാണ്. മനുഷ്യന്റെ ആദിമ പാപത്തിന്റെ കറകൾ നീക്കി ദൈവത്തിന്റെ കൃപയ്ക്ക് യോഗ്യനാക്കുന്നത്, പരിശുദ്ധാത്മാവിലൂടെയുള്ള ജ്ഞാനസ്നാനമാണ്.
"പരിശുദ്ധാത്മാവ് ജ്ഞാനസ്നാനം വഴി നമ്മെ പാപത്തിന്റെ ഇരുട്ടിൽ നിന്നും, സത്യത്തിന്റെയും സമാധാനത്തിന്റെയും സ്നേഹത്തിന്റെയും, വെളിച്ചത്തിലേക്ക് നയിക്കുന്നു." ജ്ഞാനസ്നാനത്തോടെ നാം ദൈവത്തിന്റെ മക്കളായി ഉയർത്തപ്പെടുന്നു. ആ മഹത്തായ സത്യം യേശുവിനെ പിന്തുടരാനുള്ള ഉത്തരവാദിത്വം കൂടി നമുക്ക് നൽകുന്നുണ്ട്.
"യേശുവിനെ പിന്തുടരാൻ തീരുമാനിച്ചു കഴിഞ്ഞാൽ, യേശുവിന്റെ ഗുണങ്ങൾ നിങ്ങളെ തേടിയെത്തും. നിങ്ങൾ വിനയവും കാരുണ്യവുമുള്ള വ്യക്തിയായി തീരുന്നു."
അത് അത്ര എളുപ്പമല്ല എന്ന് പിതാവ് ഓർമ്മിപ്പിച്ചു. "നമ്മുടെ അകം മുഴുവൻ, അസഹിഷ്ണുത, അഹന്ത, ക്രോധം എന്നിവ നിറഞ്ഞിരിക്കുകയാണ്. അവിടെ യേശുവിന് കയറാൻ ഇടമെവിടെ?" പിതാവ് ചോദിച്ചു.
പക്ഷേ, പരിശുദ്ധാത്മാവിന്റെ സഹായത്തോടെ നമുക്ക് അതിന് സാധ്യമാണ്. "വിശ്വസിക്കുന്നവർക്ക്, പരിശുദ്ധാത്മാവ്, ജീവിക്കുന്ന, ജീവിതം നൽകുന്ന ശക്തിയാണ്. പരിശുദ്ധാത്മാവിനെ യഥാർത്ഥത്തിൽ സ്വീകരിക്കുന്നവർ, എന്നും ആ ശക്തിയുടെ സംരക്ഷണയിലായിരിക്കും."
"വിശ്വാസത്തിലൂടെ, തന്റെ മകന്റെ ആദ്യത്തെ ശിഷ്യയായി തീർന്ന കന്യകാമേരിയുടെ മദ്ധ്യസ്ഥം വഴി, നമുക്ക്, ജ്ഞാനസ്നാനപ്പെട്ട ജീവിതം നയിക്കാൻ അനുഗ്രഹം ലഭിക്കാനായി പ്രാർത്ഥിക്കാം."
അടുത്ത കാലത്ത് ജ്ഞാനസ്നാനപ്പെട്ടവർക്കും, ആദ്യകുർബ്ബാന സ്വീകരിച്ചവർക്കും സ്ഥൈര്യലേപനം നേടിയവർക്കുമായി പ്രത്യേക പ്രാർത്ഥനകൾ നടത്തി കൊണ്ട് പിതാവ് വിശ്വാസികളെ അനുഗ്രഹിച്ചു.
(Source: EWTN News)