Editor's Pick - 2024
വൈദികര്‍ക്കും വൈറലാകാം... പക്ഷേ!
സ്വന്തം ലേഖകന്‍ 31-05-2018 - Thursday
സോഷ്യല്‍ മീഡിയാ പോസ്റ്റുകളിലൂടെ എങ്ങനെ വൈറലാകാം എന്നു ചിന്തിക്കുന്ന നിരവധി വ്യക്തികളെ നമുക്കു ചുറ്റും കാണുവാന്‍ സാധിക്കും. ഈ അടുത്ത കാലത്തായി ചില വൈദികരും സന്യസ്തരും ഇത്തരത്തിലുള്ള ചില ശ്രമങ്ങള്‍ നടത്തുകയും അതില്‍ വിജയിക്കുകയും ചെയ്തു. ഇത് വൈദികർക്കും സന്യസ്തർക്കുമിടയിൽ ഒരു പുതിയ പ്രവണതയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട് എന്നത് സഭാനേതൃത്വവും വിശ്വാസികളും ഗൗരവമായി ചിന്തിക്കേണ്ടതാണ്.
വൈദികരുടെയും സന്യസ്തരുടെയും കലാപ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയായില്‍ വൈറല്‍ ആകുമ്പോള്‍ സാധാരണയായി രണ്ടുതരം അഭിപ്രായങ്ങള്‍ ഉയര്‍ന്നു വരാറുണ്ട്. അവരെ പ്രശംസിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഭൂരിപക്ഷവും, വൈദികര്‍ ഇത്തരം കാര്യങ്ങളില്‍ നിന്നും വിട്ടുനിന്നു കൊണ്ട് ആത്മീയ കാര്യങ്ങളില്‍ മാത്രം ശ്രദ്ധിക്കണമെന്ന് വാദിക്കുന്ന ന്യൂനപക്ഷവും. ഇതില്‍ ഭൂരിപക്ഷത്തിന്‍റെ അനുഗ്രഹാശിസ്സുകളോടെ വൈറല്‍ പ്രക്രിയ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.
ഇപ്രകാരം വൈറലാകുന്ന വൈദികരെ ചില ടിവി ചാനലുകള്‍ അവരുടെ പ്രോഗ്രാമിലേക്ക് ക്ഷണിക്കുന്നതാണ് അടുത്ത ഘട്ടം. ഈ അവസരങ്ങളില്‍ ഉയര്‍ന്ന സാങ്കേതിക സംവിധാനങ്ങളില്‍ ചിത്രീകരിക്കപ്പെടുന്ന വൈദികരുടെ പ്രകടനങ്ങള്‍ സോഷ്യല്‍ മീഡിയായിലൂടെ വീണ്ടും കൂടുതല്‍ കൂടുതല്‍ വൈറലാകുന്നു. അങ്ങനെ വൈദികര്‍ താരമായി മാറുന്നു.
വൈദികര്‍ വൈറലാകുന്നതില്‍ എന്താണ് തെറ്റ്?
വൈദികരും മനുഷ്യരല്ലേ? അവര്‍ക്കും ആഗ്രഹങ്ങളില്ലേ? അവരുടെ കഴിവുകള്‍ വെറുതെ മറച്ചു വക്കാനുള്ളതാണോ? ഇങ്ങനെ നിരവധി വാദഗതികള്‍ സാധാരണയായി ഉയര്‍ന്നു വരാറുണ്ട്. ഓരോ വൈദികനും നിത്യപുരോഹിതനായ യേശുവിന്‍റെ ശുശ്രൂഷകരാണ്. അതിനാല്‍ ഇത്തരം പ്രകടനങ്ങള്‍ക്കു പിന്നിലെ ശരിയും തെറ്റും വിലയിരുത്തി അവരുടെ യജമാനനായ യേശുക്രിസ്തുതന്നെ അവരെ വിധിക്കട്ടെ.
എന്നാല്‍ ഇക്കാര്യത്തില്‍ സഭയും സമൂഹവും ജാഗ്രത പുലര്‍ത്തേണ്ട ചില വസ്തുതകളെ നാം വിസ്മരിച്ചു കൂടാ. നശ്വരമായ ഈ ലോകത്ത് ജീവിച്ചുകൊണ്ട് അനശ്വരമായ ആത്മീയ ശുശ്രൂഷ നയിക്കേണ്ട വൈദികരുടെ ജീവിതം എങ്ങനെയായിരിക്കണമെന്ന് സഭ വ്യക്തമായി പഠിപ്പിക്കുന്നുണ്ട്. "വൈദികര്‍ ലോകത്തില്‍ ജീവിക്കുന്നവരാണെങ്കിലും അവരുടെ ഗുരുനാഥനായ യേശുവിന്‍റെ വചനത്തിനനുസരിച്ച് തങ്ങള്‍ ലോകത്തില്‍ നിന്നുള്ളവരല്ലെന്ന് അവര്‍ അറിഞ്ഞിരിക്കണം. ലോകത്തോടും ഭൗതിക നന്മകളോടും ശരിയായ സമീപന രീതി കണ്ടെത്തുന്ന ആദ്ധ്യാത്മിക വിവേകം വൈദികര്‍ക്ക് അതിപ്രധാനമാണ്" (Presbyterorum Ordinis 17). "ഞാന്‍ ലോകത്തിന്‍റേതല്ലാത്തതുപോലെ അവരും ലോകത്തിന്‍റേതല്ല" (യോഹ 17:16) എന്നു പറഞ്ഞുകൊണ്ടാണ് യേശു ഓരോ വൈദികനെയും തന്‍റെ ശുശ്രൂഷക്കായി അയക്കുന്നത്.
എന്നാല്‍ ചില വൈദികര്‍ തങ്ങളുടെ കഴിവുകള്‍ ലോകത്തിന്‍റെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് കയ്യടി നേടാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ എന്തിനു വേണ്ടിയാണ് അയക്കപ്പെട്ടിരിക്കുന്നത് എന്ന സത്യം പലപ്പോഴും മറന്നു പോകുന്നു. ഇപ്രകാരം വൈറലാകുന്ന ഓരോ വൈദികരും പറയുന്ന ഒരു കാര്യമുണ്ട്: ഞാന്‍ ഒരു ചടങ്ങില്‍ "വെറുതെ" ഒന്നു പാടി, അല്ലെങ്കില്‍ "വെറുതെ" ഒന്നു നൃത്തം ചെയ്തു, അത് "ആരോ" മൊബൈലില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയായില്‍ പോസ്റ്റു ചെയ്തു. ഇതിലെ "വെറുതെ", "ആരോ" എന്ന പ്രയോഗങ്ങൾ എത്രത്തോളം സത്യമാണ് എന്നത് പിന്നീട് അവര്‍ എന്തിന് ടിവി ചാനലുകളില്‍ കഴിവു പ്രകടിപ്പിക്കാന്‍ വന്നു? എന്ന ചോദ്യവുമായി ചേര്‍ത്തു വായിച്ചാല്‍ എളുപ്പത്തില്‍ മനസ്സിലാക്കാവുന്നതേയുള്ളൂ.
വൈദികർ ആത്മാക്കളുടെ ഇടയന്മാർക്കു യോജിച്ചവിധത്തിലുള്ള താപസജീവിതം നയിക്കുകയും സ്വന്തം പ്രയോജനത്തിനുള്ളതല്ല, മറ്റുള്ളവർ രക്ഷപ്രാപിക്കത്തക്ക വിധത്തിലുള്ളത് അന്വേഷിച്ചുകൊണ്ട് എപ്പോഴും കൂടുതലായി വളർച്ച പ്രാപിക്കുകയും, തങ്ങളുടെ ദൗത്യത്തിനു തടസ്സമായവയെ പരിത്യജിക്കുകയും ചെയ്യണം എന്ന് സഭ വ്യക്തമായി പഠിപ്പിക്കുന്നു. (Presbyterorum Ordinis 13,17).
തിരുവസ്ത്രം ഇല്ലായിരുന്നുവെങ്കില്‍?
നൃത്തം ചെയ്തും, പാട്ടുപാടിയും വൈറലാകുന്ന വൈദികര്‍ അവരുടെ പ്രകടനങ്ങള്‍ നടത്തുന്നത് തിരുവസ്ത്രങ്ങള്‍ അണിഞ്ഞു കൊണ്ടുതന്നെയാണ്. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു വസ്തുതയാണ്. ഈ തിരുവസ്ത്രം ഇല്ലാതെ ഒരു സാധാരണക്കാരന്‍റെ വേഷത്തിലാണ് ഈ പ്രകടനങ്ങള്‍ ഇവര്‍ നടത്തിയിരുന്നതെങ്കില്‍ ഈ വീഡിയോകള്‍ വൈറല്‍ ആകുമായിരുന്നോ? കാരണം, ഇതുപോലെ പാടുകയും നൃത്തം ചെയ്യുകയും ചെയ്യുന്ന സാധാരണക്കാരായ മനുഷ്യരുടെ വീഡിയോകള്‍ക്ക് ചിലപ്പോൾ ആയിരം വ്യൂവേഴ്സിനെപ്പോലും കിട്ടാന്‍ പാടുപെടുന്നത് നാം സോഷ്യല്‍ മീഡിയായില്‍ കാണുന്നതാണ്. അങ്ങനെയെങ്കില്‍ വെറുതെ വൈറലാകുവാന്‍ വേണ്ടി അവര്‍ തിരുവസ്ത്രത്തെ ഉപയോഗിക്കുകയായിരുന്നുവോ?
പ്രിയപ്പെട്ട വൈദികരേ നിങ്ങളുടെ കഴിവുകൾ ദൈവമഹത്വത്തിനും, ദൈവരാജ്യത്തിന്റെ വളർച്ചയ്‌ക്കുമായി ഉപയോഗിക്കൂ. അതിനു കഴിയാതെ, നിങ്ങള്‍ വെറുതെ വൈറലാകാനാണ് ആഗ്രഹിക്കുന്നതെങ്കില്‍ നിങ്ങളുടെ തിരുവസ്ത്രത്തെ അതിനായി ഉപയോഗപ്പെടുത്തരുതേ എന്നു അപേക്ഷിക്കുന്നു. നിങ്ങള്‍ സാധാരണക്കാരനെപ്പോലെ സാധാരണ വേഷത്തില്‍ പാടൂ, നൃത്തം ചെയ്യൂ. അപ്പോള്‍ നിങ്ങള്‍ യഥാര്‍ത്ഥത്തില്‍ വൈറലാകുന്നവരാണോ എന്നു തിരിച്ചറിയാം.
വൈറലാകാന്‍ അന്യദൈവസ്തുതികള്‍ ആലപിക്കുന്ന വൈദികര്‍
ഓരോ വൈദികനും വിളിക്കപ്പെട്ടിരിക്കുന്നതും അയയ്ക്കപ്പെട്ടിരിക്കുന്നതും ക്രിസ്തുവിന്‍റെ ശുശ്രൂഷകരാകാനും അവിടുത്തെ പ്രഘോഷിക്കാനുമാണ്. "ആകാശത്തിനു കീഴെ മനുഷ്യരുടെ ഇടയില്‍ നമുക്കു രക്ഷയ്ക്കു വേണ്ടി മറ്റൊരു നാമവും നല്‍കപ്പെട്ടിട്ടില്ല" (അപ്പ 4:12) എന്നു ലോകത്തോട് ധൈര്യപൂര്‍വ്വം പ്രഘോഷിക്കേണ്ടവനാണ് ഒരു വൈദികന്‍. ഇപ്രകാരം ഏകകര്‍ത്താവും ഏകരക്ഷകനുമായ യേശുക്രിസ്തുവിനെ പ്രഘോഷിക്കേണ്ട വൈദികരുടെ നാവില്‍ നിന്നും അന്യദൈവങ്ങളുടെ സ്തുതിഗീതങ്ങള്‍ ഉയര്‍ന്നാല്‍ അത് എത്രയോ ഗൗരവമായ വീഴ്ച്ചയായിരിക്കും?
സോഷ്യല്‍ മീഡിയായില്‍ വൈറലായ ഒരു വൈദികനെ കഴിഞ്ഞ ദിവസം ഒരു ടിവി ചാനല്‍ അവരുടെ പ്രോഗ്രാമിലേക്ക് ക്ഷണിച്ചു. ആ വേദിയില്‍ വച്ച് ഒരു അക്രൈസ്തവ മതത്തിന്‍റെ തെറ്റായ ദൈവിക സങ്കല്‍പങ്ങളെ വാഴ്ത്തുന്ന ഒരു ഭക്തിഗാനം ആലപിച്ചു കൊണ്ടാണ് ഈ വൈദികന്‍ വീണ്ടും വൈറലായത്. "അന്യദേവന്മാരുടെ നാമം നിങ്ങളുടെ നാവില്‍ നിന്നും കേള്‍ക്കാനിടയാകരുത്" (പുറ 23:13) എന്നു ദൈവം ശക്തമായി താക്കീതു നല്‍കുമ്പോള്‍ അല്ലയോ പ്രിയപ്പെട്ട വൈദികരേ, നിങ്ങള്‍ക്ക് എങ്ങനെയാണ് അന്യദൈവങ്ങളെ വാഴ്ത്തിപ്പാടുന്ന സ്തുതിഗീതങ്ങള്‍ ആലപിക്കാന്‍ സാധിക്കുക. രണ്ടായിരം വര്‍ഷങ്ങള്‍ക്കു മുമ്പ് യേശുക്രിസ്തവിന്‍റെ കൂടെ നടന്ന യൂദാസ് മുപ്പതു വെള്ളിക്കാശിനു വേണ്ടി അവിടുത്തെ ഒറ്റിക്കൊടുത്തെങ്കില്‍, ഇന്നു ചില വൈദികര്‍ ലോകത്തിന്‍റെ കയ്യടി നേടാന്‍ വേണ്ടി ക്രിസ്തുവിനെ മറന്നുകൊണ്ട് അന്യദൈവങ്ങളുടെ സ്തുതിഗീതം പാടുന്നു.
'മതസ്വാതന്ത്ര്യത്തിനുള്ള അവകാശം തെറ്റിനെ പുല്‍കാനുള്ള ധാര്‍മ്മികാനുവാദമോ തെറ്റു ചെയ്യാനുള്ള അവകാശമോ അല്ല. ഒന്നാം പ്രമാണം ബഹുദേവതാ സങ്കല്‍പ്പത്തെ ശപിച്ചു തള്ളുന്നു' (Catechism of the Catholic Church 2108, 2112). യേശു പറയുന്നു: "ദൈവത്തെയും മാമ്മോനെയും സേവിക്കാൻ നിങ്ങൾക്കു കഴിയുകയില്ല" (മത്തായി 6:24). സഭയിലെ പല രക്തസാക്ഷികളും മരിച്ചതു അന്യദൈവ സങ്കല്പങ്ങളെ ആരാധിക്കുന്നതിനായി വിസമ്മതിച്ചുകൊണ്ടല്ല, പിന്നെയോ ഇപ്രകാരം ആരാധിക്കുന്നതായി നടിക്കുന്നതിനുപോലും വിസമ്മതിച്ചുകൊണ്ടാണെന്നുള്ള സത്യം ഈ വൈദികർ വിസ്മരിച്ചുകൂടാ.
എങ്ങനെയും വൈറലാകുക എന്ന ലക്ഷ്യത്തോടെ ജീവിക്കുന്ന വൈദികരും അവരെ വൈറലാക്കാന്‍ വെമ്പല്‍ കൊള്ളുന്ന വിശ്വാസികളും ക്രിസ്തുവിനു വേണ്ടി ജീവിതം സമര്‍പ്പിച്ച വിശുദ്ധരായ വൈദികരുടെ ജീവചരിത്രം വല്ലപ്പോഴും വായിക്കുന്നത് നന്നായിരിക്കും. ജോണ്‍ മരിയാ വിയാനിയെയും, പാദ്രെ പിയോയെയും പോലുള്ള നിരവധി വിശുദ്ധരായ വൈദികര്‍ സഭയില്‍ എക്കാലത്തും ഉണ്ടായിരുന്നു. ഇന്നും ഇത്തരത്തിലുള്ള വൈദികരെ നമുക്കു കാണുവാന്‍ സാധിക്കും. അവര്‍ക്കും ഒരുപാട് കഴിവുകള്‍ ഉണ്ടായിരുന്നു. ആ കഴിവുകള്‍ ലോകത്തിന്‍റെ മുന്‍പില്‍ പ്രദര്‍ശിപ്പിച്ച് കൈയ്യടി നേടാന്‍ അവര്‍ ശ്രമിച്ചില്ല. പകരം ഉപവാസത്തിലൂടെയും പ്രാര്‍ത്ഥനയിലൂടെയും ദൈവജനത്തിന്‍റെ വേദനകളെ ഹൃദയത്തിലേറ്റു വാങ്ങി ജീവിച്ചു. ത്യാഗപൂര്‍ണ്ണമായ ജീവിതം നയിച്ചുകൊണ്ട് യേശു എകരക്ഷകനാണ് എന്നു ലോകത്തോട് പ്രഘോഷിച്ചു. തങ്ങളിലേക്കു തിരിയുന്ന ക്യാമറക്കണ്ണുകളെ ക്രിസ്തുവിലേക്കു തിരിച്ചു വിടാന്‍ വേണ്ടി അവര്‍ ലോകത്തിന്‍റെ മുന്‍പില്‍ സ്വയം ചെറുതായി. വിശുദ്ധ സ്നാപകയോഹന്നാനെപ്പോലെ "ക്രിസ്തു വളരുകയും ഞാന്‍ കുറയുകയും വേണം" എന്നു പറഞ്ഞുകൊണ്ട് ക്രിസ്തുവിനെയും അവിടുത്തെ സഭയെയും ലോകത്തിന്‍റെ മുന്‍പില്‍ ഉയര്‍ത്തിപ്പിടിച്ചു. ഇത്തരം വിശുദ്ധരായ വൈദികരിലൂടെയാണ് സഭ വളര്‍ന്നതും ഇന്നും വളര്‍ന്നു കൊണ്ടിരിക്കുന്നതും.
സ്വയം വൈറലാകാന്‍ വേണ്ടി ക്രിസ്തുവിനെപ്പോലും മാറ്റി നിറുത്തുന്ന ഇത്തരം വൈദികരെക്കൊണ്ട് സഭയ്ക്ക് എന്തു പ്രയോജനം? എല്ലാ വിശ്വാസങ്ങളും ശരിയാണെന്നും, യേശുക്രിസ്തു പല ദൈവങ്ങളില്‍ ഒരു ദൈവമാണെന്നുമുള്ള അബദ്ധ ചിന്തകളെ പ്രചരിപ്പിക്കാന്‍ ഒരു വൈദികന്‍റെ ആവശ്യമില്ല. അനേകം ക്രൈസ്തവ വിരുദ്ധ സംഘടനകളും വ്യക്തികളും ആ ജോലി ഭംഗിയായി ചെയ്യുന്നുണ്ടല്ലോ. പിതാവും പുത്രനും പരിശുദ്ധാത്മാവുമായ ഏകദൈവം മാത്രമാണ് സത്യദൈവമെന്നു പ്രഘോഷിക്കുന്ന വൈദികരെയാണ് ഇന്നു സഭയ്ക്ക് ആവശ്യം. അതിനാല്‍ ധാരാളം ദൈവവിളികള്‍ ഉണ്ടാകണമേ എന്ന പ്രാര്‍ത്ഥനയല്ല ഇന്ന് നമുക്ക് വേണ്ടത്. പകരം ക്രിസ്തുവിനുവേണ്ടി സര്‍വ്വവും ത്യജിക്കാന്‍ തയ്യാറാകുന്ന, 'യേശു ഏകരക്ഷകനാണ്' എന്ന് ധൈര്യപൂര്‍വ്വം പ്രഘോഷിക്കുന്ന ധാരാളം വൈദികരെ എല്ലാ ദേശത്തും ഉയര്‍ത്തണമേ എന്നു നമുക്കു പ്രാര്‍ത്ഥിക്കാം.