Editor's Pick

ആനയെ ആശീര്‍വദിക്കുന്ന വൈദികനും അത് അംഗീകരിക്കാത്ത വിശ്വാസികളും

സ്വന്തം ലേഖകന്‍ 11-08-2017 - Friday

ദൈവം മനുഷ്യനെ മാത്രമാണോ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്നത്? അവിടുന്ന് സൃഷ്ടി പ്രപഞ്ചത്തെ മുഴുവന്‍ അനുഗ്രഹിക്കുന്ന ദൈവമാണെന്ന് ബൈബിള്‍ വെളിപ്പെടുത്തുന്നു. അവിടുന്നു ജീവികളെയും പക്ഷികളെയും അനുഗ്രഹിക്കുന്നതായി ഉല്‍പത്തി പുസ്തകത്തില്‍ നാം കാണുന്നു (ഉല്‍പത്തി 1:22). കര്‍ത്താവ് മൃഗങ്ങളെയും മനുഷ്യരെയും രക്ഷിക്കുന്നുവെന്ന് സങ്കീര്‍ത്തകന്‍ വെളിപ്പെടുത്തുന്നു (സങ്കീ. 36:6). ആകാശത്തിലെ പക്ഷികളെയും സംരക്ഷിക്കുന്ന ദൈവസ്നേഹം ചൂണ്ടിക്കാണിച്ചുകൊണ്ട് ദൈവപരിപാലനയില്‍ ആശ്രയിക്കുവാന്‍ യേശുക്രിസ്തു നമ്മെ പഠിപ്പിക്കുന്നു (മത്തായി 6:26). ഇപ്രകാരം നമ്മുടെ ദൈവം മനുഷ്യനെ മാത്രം സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുന്ന ദൈവമല്ല. അവിടുന്ന് പക്ഷികളെയും മൃഗങ്ങളെയും അടക്കം സൃഷ്ടി പ്രപഞ്ചത്തെ മുഴുവന്‍ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുന്ന ദൈവമാണ്.

ഈ വസ്തുത ചിലര്‍ക്ക് അംഗീകരിക്കാന്‍ ബുദ്ധിമുട്ടാണെന്ന് ചില സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വ്യക്തമാക്കുന്നു. ദൈവം സഭയിലെ വൈദികർക്കു നൽകിയിരിക്കുന്ന അധികാരമുപയോഗിച്ചുകൊണ്ട് അവർ മൃഗങ്ങളെ ആശീര്‍വദിക്കുന്ന ചിത്രങ്ങള്‍ കാണുമ്പോള്‍ അതിനെതിരെ വിമര്‍ശനങ്ങളും ആക്ഷേപങ്ങളുമായി ചില ക്രൈസ്തവ വിശ്വാസികള്‍ തന്നെ മുമ്പോട്ടു വരുന്നത് വേദനാജനകമാണ്. കേരളത്തിൽ ഒരു ക്രൈസ്തവവിശ്വാസി ഒരു ആനയെ വാങ്ങി, അദ്ദേഹത്തിന്റെ ആവശ്യപ്രകാരം ഇടവകദേവാലയത്തിലെ വൈദികൻ അതിനെ ആശീർവദിച്ചു വിശുദ്ധജലം തളിച്ചു. ഇതിനെതിരെ വിമർശനവുമായി ചില 'വിശ്വാസികൾ' തന്നെ മുന്നോട്ടുവന്നു. 'വിമര്‍ശിച്ച് വിമര്‍ശിച്ച്' അവസാനം ആനയെ മാമ്മോദീസ മുക്കി എന്നുവരെ ചില മാധ്യമങ്ങള്‍ ‍റിപ്പോര്‍ട്ടു ചെയ്തു. ഈ വിഷയത്തിലുള്ള തെറ്റിദ്ധാരണ അകറ്റാന്‍ കൂദാശകളും കൂദാശാനുകരണങ്ങളും തമ്മിലുള്ള വ്യത്യാസവും അവയുടെ വ്യത്യസ്തമായ ഫലങ്ങളും വിശ്വാസികൾ തിരിച്ചറിയണം.

ഭവനങ്ങള്‍, തൊഴില്‍സ്ഥാപനങ്ങള്‍, വാഹനങ്ങള്‍, തൊഴില്‍ ചെയ്യുന്നതിനാവശ്യമായ മൃഗങ്ങള്‍, വളര്‍ത്തുമൃഗങ്ങള്‍, കൃഷിസ്ഥലങ്ങള്‍ തുടങ്ങിയവ വെഞ്ചരിക്കുന്നത് സഭയില്‍ പാരമ്പര്യമായി തുടര്‍ന്നുപോരുന്ന കൂദാശാനുകരണങ്ങള്‍ (Sacramentals) ആണ്. അവ കൂദാശകൾ (Sacraments) അല്ല.

എന്താണ് കൂദാശകള്‍ (Sacraments)?
എന്നെന്നും ജീവിക്കുന്നതും ജീവന്‍ നല്‍കുന്നതുമായ ക്രിസ്തുവിന്‍റെ ശരീരത്തില്‍ നിന്നു പ്രവഹിക്കുന്ന ശക്തികള്‍ ആണു കൂദാശകള്‍. "കൂദാശകള്‍ കൃപാവരത്തിന്‍റെ ഫലദായകങ്ങളായ അടയാളങ്ങളാണ്. ക്രിസ്തു സ്ഥാപിച്ചവയും സഭയെ ഏല്‍പ്പിച്ചവയുമായ കൂദാശകള്‍ വഴി ദൈവികജീവന്‍ നമുക്കു നല്‍കപ്പെടുന്നു. കൂദാശകള്‍ ആഘോഷിക്കുന്നതിനുള്ള ദൃശ്യമായ അനുഷ്ഠാനക്രമങ്ങള്‍, ഓരോ കൂദാശയ്ക്കും സ്വന്തമായുള്ള കൃപാവരങ്ങളെ സൂചിപ്പിക്കുകയും സന്നിഹിതമാക്കുകയും ചെയ്യുന്നു. ആവശ്യമായ മനോഭാവങ്ങളോടെ അവയെ സ്വീകരിക്കുന്നവരില്‍ അവ ഫലം പുറപ്പെടുവിക്കുന്നു" (CCC 1131).

"കൂദാശകള്‍ വരപ്രസാദം നല്‍കുന്നുവെന്നു മാത്രമല്ല, അവയുടെ പരികര്‍മ്മം വിശ്വാസികളെ ആ വരപ്രസാദം ഫലപ്രദമായി സ്വീകരിക്കുവാനും, ദൈവത്തെ യഥാവിധി ആരാധിക്കുവാനും സ്നേഹം അഭ്യസിക്കുവാനും ഏറ്റവും ഭംഗിയായി ഒരുക്കുന്നു (Sacrosanctum Councilium 59). അതിനാല്‍ കൂദാശകള്‍ മനുഷ്യനുവേണ്ടി മാത്രമുള്ളതാണ്. മൃഗങ്ങള്‍ക്കോ വസ്തുക്കള്‍ക്കോ സ്ഥലങ്ങള്‍ക്കോ ഇതു നല്‍കുവാന്‍ സാധിക്കുകയില്ല.

ഉദാഹരണമായി മാമ്മോദീസാ എന്ന കൂദാശയുടെ കാര്യമെടുക്കാം. ഈ കൂദാശ അതു സ്വീകരിക്കുന്ന വ്യക്തിയെ ഉത്ഭവപാപത്തിൽ നിന്നു മോചിപ്പിക്കുകയും, ദൈവിക ജീവനിൽ പങ്കാളിയാക്കുകയും, ക്രിസ്തുവിന്റെ ശരീരമായ സഭയിലേക്ക് ഉൾച്ചേർക്കപ്പെടുകയും ചെയ്യുന്നു. പരിശുദ്ധാത്മാവിന്റെ ആലയവും ഒരു പുതിയ സൃഷ്ടിയുമായി മാറ്റിക്കൊണ്ട് മാമ്മോദീസ ആ വ്യക്തിയിൽ മായ്ക്കാനാവാത്ത ഒരു മുദ്ര പതിക്കുന്നു. ഇക്കാരണങ്ങളാൽ ഈ കൂദാശ മനുഷ്യനുവേണ്ടി മാത്രമുള്ളതാണ്. അതുപോലെതന്നെയാണ് മറ്റുകൂദാശകളും അവ മനുഷ്യനുവേണ്ടി മാത്രമുള്ളതാണ്; മൃഗങ്ങൾക്കോ മറ്റു ജീവജാലങ്ങൾക്കോ വേണ്ടിയുള്ളതല്ല.

എന്താണ് കൂദാശാനുകരണങ്ങള്‍ അഥവാ കൂദാശാകല്‍പങ്ങള്‍ (Sacramentals)?
"സഭയിലെ ചില ശുശ്രൂഷകളെയും, ചില ജീവിതാവസ്ഥകളെയും, ക്രൈസ്തവ ജീവിതത്തിലെ വിവിധ സന്ദര്‍ഭങ്ങളെയും, മനുഷ്യനു സഹായകമായ പല വസ്തുക്കളുടെയും ഉപയോഗത്തെയും വിശുദ്ധീകരിക്കാന്‍ വേണ്ടി സ്ഥാപിക്കപ്പെട്ടിട്ടുള്ളതാണ് കൂദാശാനുകരണങ്ങള്‍" (CCC 1668). .

ഒരു ക്രൈസ്തവന്‍ സ്വന്തം ജീവിതത്തെ മാത്രമല്ല ജീവിതസാഹചര്യങ്ങളെയും ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും മരണത്തിന്‍റെയും ഉത്ഥാനത്തിന്‍റെയും രഹസ്യത്തില്‍ നിന്നും ഒഴുകുന്ന കൃപയാല്‍ വിശുദ്ധീകരിക്കുന്നു. ഇപ്രകാരമുള്ള ജീവിത സാഹചര്യങ്ങളില്‍ ഭവനം, വാഹനം, തൊഴില്‍ സ്ഥാപനങ്ങള്‍, തൊഴില്‍ ഉപകരണങ്ങള്‍, തൊഴിലിനു ഉപയോഗിക്കുന്ന മൃഗങ്ങള്‍, കൃഷിസ്ഥലങ്ങള്‍ വളർത്തുമൃഗങ്ങൾ തുടങ്ങിയവ ഉള്‍പ്പെടുന്നു. ഇവയുടെ വെഞ്ചരിപ്പും ആശീര്‍വാദവും കൊണ്ട് നാം ദൈവത്തെ സ്തുതിക്കുകയും, അവയെ ദൈവത്തിനായി പ്രതിഷ്ഠിക്കുകയും, ദൈവത്തിന്‍റെ സംരക്ഷണത്തിനായി പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

"കൂദാശകള്‍ പരിശുദ്ധാത്മാവിന്‍റെ കൃപാവരം പകര്‍ന്നു തരുന്നതുപോലെ കൂദാശാനുകരണങ്ങള്‍ തരുന്നില്ല" (CCC 1670). അതിനാല്‍ കൂദാശാനുകരണങ്ങള്‍ പക്ഷിമൃഗാദികളും വസ്തുക്കളും അടക്കം മനുഷ്യന് ഉപയോഗപ്രദമായ എല്ലാറ്റിനും വേണ്ടിയുള്ളതാണ്. ഇപ്രകാരം മനുഷ്യന്‍ ഉപയോഗിക്കുന്ന വസ്തുക്കളെയും ജീവികളെയും വെഞ്ചരിക്കുകയും ആശീര്‍വദിക്കുകയും ചെയ്യുമ്പോൾ, ഇവയുടെ ഉപയോഗവും മനുഷ്യന്‍റെ ലക്ഷ്യവും വിശുദ്ധീകരിക്കുന്നതിനും ദൈവിക പദ്ധതികള്‍ക്കനുസൃതമായി അതു മാറ്റുന്നതിനും കാരണമാകുന്നു.

"കൂദാശാനുകരണങ്ങള്‍ സഭ സ്ഥാപിച്ചിട്ടുള്ള വിശുദ്ധ അടയാളങ്ങളാകുന്നു; കൂദാശകളുടെ ഫലം സ്വീകരിക്കുവാനും ജീവിതത്തിന്‍റെ വിവിധ സാഹചര്യങ്ങളെ വിശുദ്ധീകരിക്കുവാനും അവ മനുഷ്യരെ ഒരുക്കുന്നു" (CCC 1677). കൂദാശാനുകരണങ്ങളില്‍ ആശീര്‍വാദങ്ങള്‍ക്കു പ്രമുഖ സ്ഥാനമുണ്ട്. ദൈവത്തിന്‍റെ പ്രവൃത്തികളെയും ദാനങ്ങളെയും പ്രതി അവിടുത്തെ സ്തുതിക്കുന്നതിനും, സുവിശേഷ ചൈതന്യമനുസരിച്ചു ദൈവദാനങ്ങള്‍ ഉപയോഗിക്കാന്‍ ശക്തി ലഭിക്കുന്നതിനു വേണ്ടി സഭ മാധ്യസ്ഥ്യം വഹിക്കുന്നതുമാണ് ആശീര്‍വാദത്തിന്‍റെ ഉള്ളടക്കം.

എന്തിനാണ് മൃഗങ്ങളെ ആശീർവദിക്കുന്നത്?
സൃഷ്ടിയുടെ സമഗ്രതയോട് ആദരവുണ്ടായിരിക്കണമെന്ന് ഏഴാം കൽപന ആവശ്യപ്പെടുന്നു. മൃഗങ്ങൾ ദൈവത്തിന്റെ സൃഷ്ടികളാണ്. അവ തങ്ങളുടെ അസ്തിത്വം കൊണ്ടുതന്നെ ദൈവത്തെ സ്തുതിക്കുകയും മഹത്വപ്പെടുത്തുകയും ചെയ്യുന്നു. അവിടുന്ന് മൃഗങ്ങളെ തന്റെ പരിപാലനാപരമായ ശ്രദ്ധയാൽ സംരക്ഷിക്കുന്നു. ദൈവം തന്റെ പരിപാലനയിൽ മനുഷ്യനെയും പങ്കാളിയാക്കി. അങ്ങനെ മൃഗങ്ങളുടെ കാര്യസ്ഥത ദൈവം മനുഷ്യനെ ഏൽപ്പിച്ചു (ഉൽപത്തി 2:19-20). മനുഷ്യൻ അവയോടു കാരുണ്യം കാണിക്കുവാൻ കടപ്പെട്ടിരിക്കുന്നു. വിശുദ്ധ ഫ്രാൻസിസ് അസീസി, വിശുദ്ധ ഫിലിപ്പുനേരി മുതലായവർ മൃഗങ്ങളോടു പെരുമാറുന്നതിൽ കാണിച്ച പരിഗണന നാം അനുസ്മരിക്കണം.

തിരുസഭയുടെ ഔദ്യോഗിക ക്രമപ്രകാരം വൈദികൻ മൃഗങ്ങളെ ആശീർവദിക്കുകയും വിശുദ്ധജലം തളിക്കുകയും ചെയ്യുമ്പോൾ അവയെ ദൈവത്തിന്റെ സംരക്ഷണത്തിനു സമർപ്പിക്കുകയും, പൊതുനന്മക്കായി അവയെ ഉപയോഗിക്കുവാനുള്ള കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കുകയുമാണ് ചെയ്യുന്നത്. ഇപ്രകാരം മൃഗങ്ങളെ ആശീർവദിക്കുന്നതിലൂടെ സഭ സൃഷ്ടാവായ ദൈവത്തെ സ്തുതിക്കുകയും സൃഷ്ടിപ്രപഞ്ചത്തിലൂടെയുള്ള ദൈവിക വെളിപാടിനെ ലോകത്തോടു പ്രഘോഷിക്കുകയും ചെയ്യുന്നു.

ഇപ്രകാരമുള്ള വെഞ്ചരിപ്പുകളെ വിമര്‍ശന ബുദ്ധിയോടെ മാത്രമാണ് ചില വിശ്വാസികള്‍ നോക്കിക്കാണുന്നത്. മൃഗങ്ങളെ വിശുദ്ധജലം തളിച്ച് ആശീര്‍വദിക്കുന്നത് ലോകം മുഴുവനും ക്രൈസ്തവവിശ്വാസികൾക്കിടയിൽ പാരമ്പര്യമായി തുടർന്നുപോരുന്ന ഒരു ശുശ്രൂഷയാണ്. വി.ഫ്രാന്‍സീസ് അസ്സീസിയുടെ തിരുനാള്‍ ദിനത്തില്‍, ലോകത്തിന്‍റെ നാനാഭാഗങ്ങളിലുമുള്ള ചില വിശ്വാസികള്‍ കൂട്ടത്തോടെ വളര്‍ത്തു മൃഗങ്ങളുമായി അവരുടെ ദേവാലയത്തില്‍ വരികയും വൈദികന്‍ അവയെ ആശീർവദിക്കുകയും വിശുദ്ധ ജലം തളിക്കുകയും ചെയ്യാറുണ്ട്. ഇതൊന്നും തിരിച്ചറിയാതെ വൈദികരെയും സഭാശുശ്രൂഷകളെയും കുറ്റം പറയാന്‍ വേണ്ടി മാത്രം സോഷ്യല്‍ മീഡിയാ ഉപയോഗിക്കുന്ന ചിലര്‍ ഒരുക്കുന്ന ചതിക്കുഴികള്‍ നാം തിരിച്ചറിയാതെ പോകരുത്.

More Archives >>

Page 1 of 4