Editor's Pick

ഓണകുര്‍ബാനയും ഓണപ്രഘോഷണവും: വൈദികർ വഴിതെറ്റുന്നുവോ..?

സ്വന്തം ലേഖകന്‍ 20-08-2021 - Friday

വീണ്ടുമൊരു ഓണക്കാലം കൂടി വന്നുചേര്‍ന്നിരിക്കുന്നു. അത്തപ്പൂക്കളവും, തിരുവാതിരയും, ഓണക്കളികളും, ഓണസദ്യയും കൊണ്ട് മലയാളികളുടെ മനസ്സുനിറയുന്ന ഉത്സവകാലം. കേരളത്തിനകത്തും പുറത്തുമുള്ള മലയാളികളായ ക്രിസ്ത്യാനികള്‍ ഓണം ആഘോഷിച്ച് ആഘോഷിച്ച്‌ അവസാനം ഓണക്കുര്‍ബാന വരെ എത്തിനില്‍ക്കുന്ന കാഴ്ചയാണ് അടുത്തകാലത്തായി കണ്ടുവരുന്നത്.

എന്തിനും ഏതിനും google ചെയ്യുന്ന ഇക്കാലത്ത്‌ “What is Onam” എന്ന് തിരഞ്ഞാല്‍ ഒരു കാര്യം വ്യക്തമാകും. ഇത് തെറ്റായ ദൈവീകസങ്കല്‍പ്പങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ചില കഥകളുടെ അടിസ്ഥാനത്തിലുള്ള ഒരാഘോഷമാണ്. സത്യദൈവത്തെ ആരാധിക്കുന്ന ക്രിസ്ത്യാനികള്‍ക്ക് എങ്ങനെ വിശുദ്ധ കുര്‍ബാനയെ ഇത്തരം ഐതിഹ്യങ്ങളുമായി ബന്ധപ്പെടുത്തുവാന്‍ സാധിക്കും?

ക്രൈസ്തവജീവിതത്തിന്റെയാകെ ഉറവിടവും അത്യുച്ചസ്ഥാനവുമാണ് വിശുദ്ധ കുര്‍ബാന. ഇതില്‍ ക്രിസ്തു ഭോജനമായിത്തീരുകയും, നമ്മുടെ ഭാവി മഹത്വത്തിന്റെ അച്ചാരം നല്‍കപ്പെടുകയും ചെയ്യുന്നു. ഈ മഹത്തായ കൂദാശയെ തെറ്റായ ദൈവീകസങ്കല്‍പ്പങ്ങളുമായി ബന്ധപ്പെടുത്തുന്നത് മാരകമായ വീഴ്ചയാണ്. “സഭയുടെ ആരാധനാക്രമം മുഴുവന്റേയും കേന്ദ്രവും, ഏറ്റവും തീവ്രമായ പ്രകാശനവും ദൃശ്യമാകുന്നത് ഈ കൂദാശയുടെ ആഘോഷത്തിലാണ്. അതിനാലാണ് ഇതിനെ വിശുദ്ധ രഹസ്യങ്ങളുടെ ആഘോഷമെന്നു വിളിക്കുന്നത്” (Cf: CCC 1330).

ഈ വിശുദ്ധരഹസ്യങ്ങളുടെ ആഘോഷം എങ്ങനെ അര്‍പ്പിക്കണമെന്ന് സഭ വ്യക്തമായി നിര്‍ദ്ദേശിക്കുന്നുണ്ട്. അതിനു വിരുദ്ധമായി അത്തപ്പൂക്കളത്തിനു മുന്നിലിരുന്ന് ദിവ്യബലിയര്‍പ്പിക്കുക, ഓണവുമായി ബന്ധപ്പെട്ട കഥാപാത്രങ്ങളുടെ ചിത്രങ്ങള്‍ ദേവാലയത്തിനകത്ത് വെച്ച് അതിനുമുന്നില്‍ ബലിയര്‍പ്പിക്കുക, വൈദികർ വിചിത്രമായ വേഷവിധാനങ്ങൾ അണിഞ്ഞുകൊണ്ട് ദിവ്യബലിയർപ്പിക്കുക തുടങ്ങിയ ദുരാചാരങ്ങൾക്കെതിരെ വിശ്വാസികള്‍ തികഞ്ഞ ജാഗ്രത പുലര്‍ത്തേണ്ടിയിരിക്കുന്നു. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുന്ന വൈദികര്‍ തങ്ങളുടെ കര്‍ത്തവ്യത്തില്‍ ഗുരുതരമായ വീഴ്ചവരുത്തുന്നുവെന്നു മാത്രമല്ല വിശ്വാസികളെ വഴിതെറ്റിക്കുകയും ചെയ്യുന്നു.

“വി. കുര്‍ബാന നമ്മുടെ വിശ്വാസത്തിന്റെ ആകെത്തുകയും സംക്ഷിപ്തരൂപവുമാണ്. നമ്മുടെ ചിന്താഗതി കുര്‍ബാനക്കനുസൃതമാകുന്നു. പകരം കുര്‍ബാന നമ്മുടെ ചിന്താഗതിയെ ഉറപ്പിക്കുന്നു” (CCC 1327). അതിനാല്‍ ഓണംപോലുള്ള ഐതിഹ്യങ്ങളെ വിശുദ്ധ കുര്‍ബാനയുമായി ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുമ്പോള്‍ അത് വിശ്വാസികളുടെ മനസ്സില്‍ തെറ്റായ ചിന്താഗതികളെ ഉറപ്പിക്കുന്നതിന് കാരണമായിത്തീരുന്നു. “സ്തോത്രബലി”, “അധ്യാത്മിക ബലി”, “പാവനവും വിശുദ്ധവുമായ ബലി” എന്നീ പേരുകളിലും അറിയപ്പെടുന്ന ദിവ്യപൂജയെന്ന വിശുദ്ധ കുർബാനയിൽ ഉപയോഗിക്കുന്ന വാക്കുകളും, വസ്തുക്കളും സഭയുടെ നിര്‍ദ്ദേശമനുസരിച്ചുള്ളവയായിരിക്കണം. വൈദികരുടെ ഇഷ്ടാനുസരണം അതിനു മാറ്റം വരുത്തുവാന്‍ പാടില്ല.

ഓണക്കാലത്തെ വചന സന്ദേശം
ഓണക്കാലത്ത് ചില വൈദികര്‍ വിശുദ്ധ കുര്‍ബാനമദ്ധ്യേയുള്ള വചന സന്ദേശത്തില്‍ ഓണാശംസകള്‍ നേര്‍ന്നുകൊണ്ട് ഓണത്തിന്റെ പിന്നിലെ ഐതീഹ്യം വിശദീകരിക്കുകയും അതിന്റെ വെളിച്ചത്തില്‍ “നന്മയുടെ സന്ദേശം” വിശ്വാസികള്‍ക്ക്‌ നല്‍കുകയും ചെയ്യാറുണ്ട്. എന്നാല്‍ ദിവ്യബലി മധ്യേയുള്ള സുവിശേഷ പ്രസംഗം ആരാധനാക്രമാനുഷ്ടാനത്തിന്റെ ഭാഗമാണെന്ന തിരിച്ചറിവ് വൈദികര്‍ക്കുണ്ടായിരിക്കണം. “വിശ്വാസികളുടെ ജീവിതത്തില്‍ ഫലം പുറപ്പെടുവിക്കത്തക്കവിധം ദൈവവചനത്തെക്കുറിച്ച് കൂടുതല്‍ ആഴത്തിലുള്ള ഒരു ധാരണ വളര്‍ത്തുകയാണ് വചനസന്ദേശത്തിന്റെ ഉദ്ദേശം” (No. 46: AAS 99 (2007), 141). വൈദികര്‍ക്ക്‌, തങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ പ്രസംഗിക്കുവാനുള്ള ഇടമല്ല വിശുദ്ധ കുര്‍ബാന മദ്ധ്യേയുള്ള വചനസന്ദേശ വേദി.

You May Like: ‍ ആനയെ ആശീര്‍വദിക്കുന്ന വൈദികനും അത് അംഗീകരിക്കാത്ത വിശ്വാസികളും

വചനം മാംസമായി അവതരിച്ച ക്രിസ്തുവിന്റെ തിരുശരീര-രക്തങ്ങളുടെ യാഗമായ വിശുദ്ധ കുര്‍ബാന മധ്യേ വൈദികര്‍ വ്യാഖ്യാനിക്കേണ്ടതും പകർന്നുനൽകേണ്ടതും ക്രിസ്തുവിന്റെ വാക്കുകളുടെ സുവിശേഷമാണ്. അല്ലാതെ അന്യമതങ്ങളിലെ തെറ്റായ ദൈവസങ്കല്‍പ്പങ്ങളില്‍ നിന്നും ഉരുത്തിരിഞ്ഞ ഐതീഹ്യകഥകളല്ല. “സാമാന്യവും കേവലവുമായ പ്രസംഗങ്ങള്‍ ദൈവവചനത്തിന്റെ ആര്‍ജ്ജവത്തിനു മങ്ങലേല്‍പ്പിക്കുന്നു. അവ ഒഴിവാക്കേണ്ടതാണ്. അതുപോലെതന്നെയാണ് ഉപയോഗശൂന്യമായ ശാഖാചംക്രമണങ്ങളും. തങ്ങളുടെ ദൈനംദിന ജീവിതത്തില്‍ ദൈവവചനം സന്നിഹിതമാണെന്നും പ്രവര്‍ത്തന നിരതമാണെന്നും മനസ്സിലാക്കുവാന്‍ വിശ്വാസികളെ സഹായിക്കുന്ന രീതിയില്‍ വിശുദ്ധ ലിഖിത സംബന്ധമായ സന്ദേശം ജീവിതത്തിലേക്ക്‌ കൊണ്ടുവരുവാനുള്ള ഒരു മാര്‍ഗ്ഗമാണ് സുവിശേഷ പ്രസംഗം. അതിനാല്‍ പ്രബോധനം നല്‍കുന്നവര്‍ ഈ കര്‍ത്തവ്യം നെഞ്ചിലേറ്റണ്ടതാണ്.” (Pope Benedict XVI, Verbum Domini, 59)

Must Read: ‍ കലാരൂപങ്ങളിലെ നന്മയും തിന്മയും തിരിച്ചറിയുക

ക്രിസ്തീയ വിശ്വാസം ഇതിഹാസങ്ങളിലുള്ള വിശ്വാസമല്ല; വിചിത്ര കഥകളിലുള്ള വിശ്വാസമല്ല; ഐതിഹ്യങ്ങളിലുള്ള വിശ്വാസമല്ല. ചരിത്രത്തിലുള്ള വിശ്വാസമാണ്. ചരിത്രത്തില്‍ ജീവിച്ച ക്രിസ്തുവിലുള്ള വിശ്വാസമാണ്. ഈ സത്യം വൈദികര്‍ ഒരിക്കലും മറന്നുകൂടാ. കൂദാശകളിലൂടെ ക്രിസ്തുവിനെ കണ്ടുമുട്ടുവാന്‍ വിശ്വാസികള്‍ക്ക്‌ അവസരമൊരുക്കുക എന്നതാണ് വൈദികരുടെ കടമ. ജീവജലത്തിന്റെ ഉറവയായ അവനില്‍നിന്നുമാണ് സകല നന്മകളും ഉത്ഭവിക്കുന്നത്; അല്ലാതെ മനുഷ്യന്‍ മെനഞ്ഞെടുത്ത ഐതീഹ്യ കഥകളില്‍ നിന്നുമല്ല. ശരിയായ വിശ്വാസം ഏതു വിചിത്രകഥയും വിവേചനം കൂടാതെ സ്വീകരിക്കാനുള്ള സന്നദ്ധതയായി അധഃപതിക്കില്ല" (Pope Benedict XVI, Verbum Domini, 36). അതിനാൽ ക്രിസ്തുവിലുള്ള ആഴമായ വിശ്വാസത്തിലേക്കാണ് വൈദികർ വിശ്വാസികളെ നയിക്കേണ്ടത്.

വിശ്വാസികളുടെ കടമ
വൈദീകര്‍ തങ്ങളെ സഭ ഭരമേല്‍പ്പിച്ചിരിക്കുന്ന ഉത്തരവാദിത്വങ്ങളില്‍ നിന്നും അകന്നു പോവുകയും, ഓണകുര്‍ബാന നടത്തിയും, ഓണത്തിന്റെ ഐതിഹ്യം വ്യാഖ്യാനിച്ച് വചനസന്ദേശം നല്‍കിയും വിശ്വാസികളെ വഴിതെറ്റിക്കുമ്പോള്‍ അത് സഭയുടെ അധികാരികളെ അറിയിക്കുവാന്‍ വിശ്വാസികള്‍ക്കു കടമയുണ്ട്.

"അൽമായർക്കു, സഭയുടെ നന്മയെ സംബന്ധിക്കുന്ന കാര്യങ്ങളിൽ തങ്ങളുടെ അഭിപ്രായം വന്ദ്യരായ അജപാലകരോടു പറയുവാൻ അവകാശമുണ്ട്. ചിലപ്പോൾ അതു കടമയുമായിത്തീരാം" (Codex Iuris Canonici, can.212). അതിനാൽ ഇത്തരം വീഴ്ചകൾ വിശ്വാസികൾ തങ്ങളുടെ രൂപതയിലെ അധികാരികളെ അറിയിക്കുകയും, അധികാരികൾ ഇക്കാര്യത്തിൽ ആവശ്യമായ തിരുത്തലുകൾ വൈദികർക്കു നൽകുകയും ചെയ്യണം.

< Originally published on 30/08/2017 > ‍

More Archives >>

Page 1 of 5