Social Media - 2024

ഓഖി ദുരന്തം: പരാജയപ്പെടുന്ന രാഷ്ട്രീയം, വിജയിക്കുന്ന തിരുസഭ

ഫാ. നോബിള്‍ തോമസ് 13-12-2017 - Wednesday

ആവശ്യങ്ങൾ നിറവേറ്റാനും ഭക്ഷണം തരാനും ആൾബലവും അർഥവും കൊണ്ട് ആദ്യാവസാനം കൂടെയിരിക്കാനും രാഷ്ട്രീയമില്ലാതെ നിലപാടുകളെടുക്കാനും ഭാരതത്തിലെ കാതോലിക്കാസഭക്കെ കഴിയു എന്നതിന്റെ തെളിവാണ് ഓഖിയും, അനുബന്ധ ദുരന്തനിവാരണ പ്രവർത്തനങ്ങളും... ഗവണ്മെന്റ് തീരുമാനങ്ങളും രക്ഷാപ്രവർത്തനങ്ങളും നടപ്പിലാക്കാൻ ഭീമമായ തുക ആവശ്യമാണ്... പുനരധിവാസ പ്രവർത്തനങ്ങൾക്കും യോജിച്ചു പ്രവർത്തിക്കുന്ന ആളുകൾ വേണം...

സർക്കാർ ഖജനാവുകളിൽ നിന്ന് എടുത്താലും വിശ്വസിച്ച് ആരെ ഏല്പിക്കും? ഇക്കണ്ട കടലോരം മുഴുവൻ നടന്ന് ദുരന്തനിവാരണം ഏകോപിപ്പിക്കാൻ ആരുണ്ട്? സഭയുടെ സ്ഥാപനങ്ങൾ തല്ലിത്തകർക്കുന്ന കുട്ടിസഖാക്കളെ തലപ്പത്തിരിക്കുന്നവർക്ക് വിശ്വാസമില്ല... അല്ലെങ്കിൽത്തന്നെ ദുരന്തമുഖത്തെ സംഘടനാപ്രവർത്തനത്തിന് എത്ര രാഷ്ട്രീയപാർട്ടിക്കാർ വന്നു? വിദ്യാർഥിസംഘടനകളും സംഘടനാ പ്രവർത്തകരും വന്നു? ഉദ്യഗസ്ഥരുടെ എണ്ണവും ദുരന്തം നേരിട്ട സ്ഥലത്തിന്റെ അനുപാതത്തിൽ തുലോം തുച്ഛം... ഉദ്യഗസ്ഥരാണെങ്കിൽ തന്നെ ഡ്യൂട്ടി സമയം കഴിഞ്ഞ് ആരുണ്ടാകും ഈ ഇടങ്ങളിലെല്ലാം?

എല്ലാ അർഥത്തിലും ഇതികർത്തവ്യതാമൂഢനായിപ്പോയ സർക്കാരിന്റെ മുൻപിൽ കേരളകത്തോലിക്കാ സഭ വിജയിച്ചു...

24 മണിക്കൂറും ഇടയർ അജഗണത്തിനൊപ്പം നിന്നു... മതമോ ജാതിയോ അവർക്ക് പ്രശ്നമായിരുന്നില്ല... കരയുന്ന മനുഷ്യന്റെ കണ്ണീർ അവർ കണ്ടു.... കടലോരത്തിന്റെ ഗദ്ഗദം ഏറ്റു വാങ്ങി കത്തോലിക്കാ സംഘടനാ പ്രവർത്തകരും സന്യസ്തരും വൈദികരും ആ പാവപെട്ട മനുഷ്യർക്ക് കൂട്ടിരിക്കുന്നു.... എല്ലാ ദേവാലയങ്ങളിലും അവർക്കായി പ്രാര്‍ത്ഥനകളുയരുന്നു... ഞായറാഴ്ച്ച സ്തോത്രക്കാഴ്ച്ച ഇവർക്കായി മാറ്റി വെക്കപ്പെടുന്നു....

സഭയുടെ കരുത്തിലും നന്മയിലും പക്ഷേ അസ്വസ്ഥരും നാളത്തെ വോട്ടുപെട്ടിയെപ്പറ്റി ചിന്തയുള്ളവരുമായ കുബുദ്ധികൾ മാധ്യമങ്ങളുടെ കൂട്ട് പിടിച്ച് സഭയെ ഇകഴ്ത്തിക്കാട്ടുന്ന വാർത്തകൾ പ്രചരിപ്പിക്കാൻ തുടങ്ങി... തീരദേശങ്ങളിൽ നിന്ന് ജനത്തിന്റെ ശ്രദ്ധയും ഒപ്പം ചർച്ചകളും വഴിതിരിക്കാനും സഭയെ താറടിക്കാനും നടത്തിയ ഗൂഢശ്രമങ്ങൾ അത്രതന്നെ ഗൂഢമല്ലാതെ മാധ്യമങ്ങളിൽ വായിച്ചെടുക്കാൻ കഴിയും...

മതമില്ലാതെ മനുഷ്യനാകാനും മാന്യനാകാനും ആഹ്വാനം ചെയ്യുന്ന യുക്തിവാദി-നിരീശ്വരവാദി പ്രസ്ഥാനങ്ങൾക്കും വോട്ടുബാങ്കുകൾ നഷ്ടപ്പെടുമെന്ന് ഭയക്കുന്ന രാഷ്ട്രീയ പാർട്ടികൾക്കും സഭയുടെ കാരുണ്യപ്രവർത്തികൾ എന്നും ഭീഷണിയാണ്...

ദുരന്തങ്ങളുടെ മുഖത്ത് നിശബ്ദവും നിസ്സംഗവുമാകുന്ന ഭരണകൂടത്തെയും, ആ ഭരണകൂടത്തിന്‍റെ പരാജയങ്ങള്‍ മറച്ചുവെക്കാന്‍ ചര്‍ച്ചകള്‍ വഴിമാറ്റിവിടുകയും വാര്‍ത്തകള്‍ വളച്ചൊടിക്കുകയും ചെയ്യുന്ന മുഖ്യധാരാ മാധ്യമങ്ങളെയും കാണുന്പോള്‍ ശരാശരി ചിന്താശേഷിയുള്ള ഏതൊരു മലയാളിക്കും ഈ രണ്ടു സംവിധാനങ്ങളോടും വെറുപ്പു തോന്നുക സ്വാഭാവികം മാത്രം. ഓഖിയുടെ ദുരന്തപ്രഹരം 12 നാളുകള്‍ പിന്നിടുമ്പോള്‍ ഒരു തിരിഞ്ഞുനോട്ടം. .

തികച്ചും പരാജയമായ സര്‍ക്കാര്‍ സംവിധാനം: ‍

സര്‍ക്കാര്‍ പരാജയമായത് ഓഖിയുടെ ഉത്തരപക്ഷത്തില്‍ മാത്രമാണെന്ന് പറഞ്ഞാല്‍ കുറച്ചിലായിപ്പോകും. കാലാവസ്ഥയിലെ തീരെച്ചെറിയ വ്യതിയാനങ്ങളെപ്പോലും (മണിക്കൂറുകള്‍ക്ക് മുന്പാണെങ്കില്‍പ്പോലും) തിരിച്ചറിയാന്‍ കഴിയും വിധം സാങ്കേതിവിദ്യ അത്രമാത്രം വളര്‍ന്ന ലോകത്തിലാണ് നാം ജീവിക്കുന്നത്. ഓഖി പോലെ ശക്തമായ ഒരു ചുഴലിക്കാറ്റ് രൂപപ്പെടാനുള്ള സാധ്യത സൂചിപ്പിച്ചില്ലെന്ന് മാത്രമല്ല, രൂപപ്പെട്ടതിനെക്കുറിച്ച് നല്കിയ മുന്നറിയിപ്പ് വേണ്ടപ്പെട്ടയിടങ്ങളില്‍ കാര്യക്ഷമമായി എത്തിക്കുന്നതില്‍ സര്‍ക്കാര്‍ സംവിധാനം അന്പേ പരാജയപ്പെട്ടു. സംസ്ഥാനം ഭരിക്കുന്ന സര്‍ക്കാരിന് കേന്ദ്രം ഭരിക്കുന്ന ചേട്ടന്മാരോട് സൗന്ദര്യപ്പിണക്കമായതിനാലാവാം കേന്ദ്രതലത്തില്‍ നിന്നുവരുന്ന മുന്നറിയിപ്പുകളോട് അവഗണന. അതിനാല്‍ത്തന്നെ, ഓഖിദുരന്തമുഖത്ത് മരിച്ചവരുടെ ഓരോരുത്തരുടെയും കുടുംബത്തിന്‍റെ കണ്ണീരിന് ഈ സര്‍ക്കാര്‍ ഉത്തരവാദിയാണ്. മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്കുന്ന ജോലികളും ആനുകൂല്യങ്ങളും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി സര്‍ക്കാര്‍ നടത്തുന്ന പരിഹാരക്രിയ മാത്രമാണ്. അത് സര്‍ക്കാരിന്‍റെ ഔദാര്യമോ സൗജന്യമോ ഉദാരമനസ്കതയോ അല്ല.

ഓഖി താണ്ഡവമാടി കടന്നുപോയിട്ടും കാര്യക്ഷമമായ രീതിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിലും കാണാതായവരെ കണ്ടെത്തുന്നതിലും അവശേഷിക്കുന്നവരെ പുനരധിവസിപ്പിക്കുന്നതിലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ വളരെ സാവധാനമാണ് പ്രവര്‍ത്തിച്ചത്. ആ സാവകാശങ്ങളുടെയും നിശബ്ദചിന്തകളുടെയും ഫലമായിക്കൂടിയും കൂടുതല്‍ ജീവനുകള്‍ പൊലിയാനിടയായി. ദുരന്തബാധിതപ്രദേശത്ത് അടിസ്ഥാനസൗകര്യങ്ങളൊരുക്കാനോ, ഗുണമേന്മയുള്ള ഭക്ഷണപദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യാനോ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക് സാധിച്ചില്ല എന്നതും ശ്രദ്ധിക്കണം.

തീരദേശമേഖലയില്‍ നേരിട്ട ഈ ദുരന്തമുഖത്ത് സര്‍ക്കാര്‍ ഇടപെടലുകളും മറ്റും തികച്ചും പരാജയമായിരുന്നു എന്നതിന്‍റെ ഉത്തമതെളിവാണ് പതിനൊന്നാം ദിവസം രാജ്ഭവനിലേക്ക് നടന്ന ആയിരങ്ങള്‍ പങ്കെടുത്ത പ്രതിഷേധറാലി എന്ന് നാം മറക്കരുത്.

മാധ്യമങ്ങള്‍: ‍

സര്‍ക്കാരിനെപ്പോലെത്തന്നെ കാലാവസ്ഥാനിരീക്ഷണകേന്ദ്രത്തിന്‍റെ അറിയിപ്പുകളെ അര്‍ഹിക്കുന്ന ഗൗരവത്തോടെ അറിയിക്കേണ്ടവരെ അറിയിക്കാന്‍ പരാജയപ്പെട്ട മാധ്യമങ്ങള്‍ തുടര്‍ന്ന് ദുരന്തമുഖത്തെ നന്നായി കവര്‍ ചെയ്തു. കേരളജനതയെ മുഴുവന്‍ ഭീതിയിലാഴ്ത്തിയ ഓഖി എവിടെ നിന്ന് വന്നു, എവിടേക്കു പോകുന്നു എന്നറിയാന്‍ ജനം കണ്ണ് മിഴിച്ചിരിക്കുമെന്നറിയാവുന്നതിനാല്‍ ആദ്യദിവസങ്ങളില്‍ ചാനലുകളില്‍ വാര്‍ത്തകളും ചിത്രങ്ങളും ദൃശ്യങ്ങളും നിറഞ്ഞുനിന്നു.

ചില മാധ്യമങ്ങള്‍ വളരെ നീചമായ രീതിയില്‍ സര്‍ക്കാര്‍ തലത്തിലും ഔദ്യോഗികസംവിധാനങ്ങളുടെ തലത്തിലും വന്ന പരാജയങ്ങള്‍ മറച്ചുവെക്കാന്‍ ദുരന്തബാധിതപ്രദേശത്ത് ആദ്യനിമിഷം മുതല്‍ സന്നിഹിതമായിരുന്ന കത്തോലിക്കാസഭയെയും സഭാനേതൃത്വത്തെയും വിശ്വാസികളെയും ആക്ഷേപിക്കുവാന്‍ ആരംഭിച്ചു. മാധ്യമങ്ങള്‍ അവരുടെ വിശാലസാധ്യതകളുപയോഗിച്ച് ഈ പാവപ്പെട്ടവര്‍ക്കുവേണ്ടി നിലകൊള്ളുന്നതോ അവര്‍ക്ക് സാന്പത്തികസഹായങ്ങള്‍ സ്വരുക്കൂട്ടാന്‍ മുന്‍കൈയ്യെടുക്കുന്നതോ കാണാനായില്ല.

സാമൂഹ്യമാധ്യമങ്ങള്‍: ‍

1. ദൈവം ഇല്ലാ എന്നു സ്ഥാപിക്കാനുള്ള തത്രപ്പാട്

2. വൈദികരുടെ പ്രസംഗങ്ങള്‍ പൊള്ളയാണെന്ന് വരുത്തിത്തീര്‍ക്കാനുള്ള കഷ്ടപ്പാട്

3. സഭയും സ്ഥാപനങ്ങളും സര്‍ക്കാരിനെപ്പോലെ വലിയ പാക്കേജുകള്‍ പ്രഖ്യാപിക്കാനുള്ള ഉപദേശങ്ങള്‍

4. ഓഖി കൊടുങ്കാറ്റ് ദൈവം അയച്ചിട്ട് മാര്‍പാപ്പക്ക് ടെക്സ്റ്റ് മെസ്സേജ് അയച്ചില്ലെന്ന പരാതി.

5. കത്തോലിക്കാസഭകള്‍ക്കിടയില്‍ത്തന്നെ അനൈക്യം വിതക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം

- ചുരുക്കത്തില്‍, ദൈവം ഓഖിയെക്കുറിച്ച് പറഞ്ഞില്ലേ, ഓഖിയെ ഊതിയോടിച്ചില്ലേ എന്നൊക്കെ പരിഹസിക്കുന്ന നിരീശ്വരവാദികളും യുക്തിവാദികളുമായ അല്പബുദ്ധികളുടെ വിളയാട്ടഭൂമിയായി മാറി സാമൂഹ്യമാധ്യമങ്ങള്‍

കത്തോലിക്കാ സഭ ചെയ്തത്: ‍

1. ഓഖി ദുരന്തം തീരദേശങ്ങളില്‍ ആഞ്ഞടിച്ച നാള്‍ മുതല്‍ കണ്ണീരും വിലാപവുമായി കടലിലേക്ക് മിഴിനട്ട് കാത്തിരിക്കുന്നവരുടെ കൂടെയിരിക്കുകയായിരുന്നു കത്തോലിക്കാസഭയിലെ ഇടയന്മാരും സംഘടനാപ്രവര്‍ത്തകരും.

2. ഭീതിതരായ ജനത്തോടൊപ്പം ഭയപ്പെടേണ്ടാ എന്ന പറഞ്ഞ് രാപകലുകള്‍ കൂട്ടിരുന്ന വൈദികരും സന്ന്യസ്തരും ഇപ്പോഴുമവിടെയുണ്ട്.

3. അകം പറിഞ്ഞ് കരയുന്നവരെ ആശ്വസിപ്പിച്ചും സാന്ത്വനപ്പെടുത്തിയും കണ്ണീരൊപ്പിയും നടക്കുന്ന കത്തോലിക്കാസഭാംഗങ്ങള്‍ എല്ലായിടങ്ങളിലും

4. ഭക്ഷണം, മരുന്നുകള്‍ എന്നിവ ആവശ്യാനുസരണം ശേഖരിച്ച് എത്തിച്ചവര്‍

5. പല ദിവസങ്ങളിലായി എല്ലാ തുറകളും സന്ദര്‍ശിച്ച പിതാക്കന്മാര്‍, സംഘടനാനേതാക്കന്മാര്‍, ഇപ്പോഴും ഫീല്‍ഡില്‍ പ്രവര്‍ത്തിക്കുന്നവര്‍

6. കടലിലകപ്പെട്ടുപോയവര്‍ക്കുവേണ്ടി നടക്കുന്ന നിരന്തരമായ പ്രാര്‍ത്ഥനാശുശ്രൂഷകള്‍

7. ഭവനം നഷ്ടപ്പെട്ടവര്‍ക്കുവേണ്ടി തുറന്നിട്ടുകൊടുത്ത പള്ളികള്‍, ഹാളുകള്‍, പള്ളിമുറികള്‍

8. ഉപ്പുവെള്ളത്തിലൂടെ നടന്ന് കാലുപൊട്ടിയ വൈദികര്‍, സന്ന്യസ്തര്‍, അല്മായര്‍

9. മുഴുവന്‍ ദുരിതബാധിതര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ച് കേരളകത്തോലിക്കാ മെത്രാന്‍ സമിതി.

10. ഭാരതം മുഴുവനും ഞായാറാഴ്ച പ്രാര്‍ത്ഥനാദിനമായി ആചരിക്കാനും കളക്ഷനെടുത്ത് ദുരന്തബാധിതപ്രദേശങ്ങളിലെത്തിക്കാനുമുള്ള ആഹ്വാനം

11. സര്‍ക്കാരിന്‍റെ നിഷ്ക്രിയ നീക്കങ്ങള്‍ക്കെതിരെ ദുരന്തബാധിതരെ അണിചേര്‍ക്കാനുള്ള നേതൃത്വം

12. മരിച്ചവര്‍ക്ക് നിത്യവിശ്രമത്തിനവസരമൊരുക്കിയും കടലില്‍ മരിച്ചവര്‍ക്ക് വേണ്ടി കടലോരത്ത് പ്രത്യേക പ്രാര്‍ത്ഥനാശുശ്രൂഷ നടത്തിയും തീരദേശ ദേവാലയങ്ങള്‍.

ചുരുക്കം ‍

സര്‍ക്കാരിന്‍റെ പരാജയത്തെ മറച്ചുവെക്കാനും ചര്‍ച്ചകള്‍ വഴിതിരിച്ചുവിടാനും മാധ്യമങ്ങളെ (സാമൂഹ്യമാധ്യമങ്ങളുള്‍പ്പെടെ) വലിയതോതില്‍ ഉപയോഗിക്കുന്നു. ഇന്ന് കത്തോലിക്കാസഭയുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം നടക്കാനിരിക്കേ സാമൂഹ്യ മാധ്യമങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ഡൊമിനിക് വാളമ്നാലച്ചന്‍റെ മാസങ്ങള്‍ പഴക്കമുള്ള വീഡിയോ 'പ്രവാസിശബ്ദം' വൃത്തികെട്ട ടൈറ്റിലുകളോടെ പ്രസിദ്ധീകരിച്ചു. അങ്ങനെ, ദുരിതബാധിതരുടെ കൂടെയായിരുന്ന സഭയെ താറടിക്കാനുള്ള ഗൂഢപരിശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നു. സഭയെ മൂലക്കിരുത്തി പാവപ്പെട്ടവരുടെ ദുരിതങ്ങളെ കണ്ടില്ലെന്നു നടിച്ച് തങ്ങളുടെ വീഴ്ചകളുടെ വ്യാപ്തി പുറംലോകമറിയാതിരിക്കാന്‍ കഷ്ടപ്പടുന്ന ഭരണകൂടവും. ഭരണകൂടത്തിന് പാദസേവ ചെയ്യുന്ന മാധ്യമങ്ങളും.

സര്‍ക്കാര്‍ പാക്കേജുകള്‍ കടലാസില്‍ നിലനില്ക്കുമ്പോള്‍ സഭയുടെ സ്നേഹവാത്സല്യങ്ങള്‍ നിലക്കാത്ത പ്രവാഹമായിത്തുടരുക തന്നെ ചെയ്യും. ശുദ്ധമാന കത്തോലിക്കാസഭ നീണാൾ വാഴട്ടെ... മിശിഹാ തമ്പുരാന്റെ തിരുഹിതം മാത്രം അവളിലൂടെ വെളിപ്പെടട്ടെ... പാവപ്പെട്ടവന്റെ കൂരയിലെ വെളിച്ചമാകാനും അവന്റെ അത്താഴത്തിന്റെ രുചിയാക്കാനും വേണ്ടി കടലോരത്ത് രക്തം വിയർക്കുന്ന ദൈവജനത്തോട്... സമർപ്പിതരോട്... വൈദികരോട്... ഐക്യദാർഢ്യം!

More Archives >>

Page 1 of 2