Editor's Pick
ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു
സ്വന്തം ലേഖകൻ 02-02-2016 - Tuesday
തിരുസഭ ഇന്ന് (ഫെബ്രുവരി 2) ദൈവപുത്രന്റെ ജനനത്തിനു നാല്‍പ്പത് ദിവസങ്ങള്‍ക്ക് ശേഷം, ദൈവപുത്രനെ ദേവാലയത്തില്‍ കാഴ്ചവെച്ചതിനെ അനുസ്മരിക്കുകയാണ്. ഈ തിരുനാളില്‍ മെഴുക് തിരികള്‍ ആശീര്‍വദിക്കുകയും അവ കത്തിച്ചു പിടിച്ചുകൊണ്ടുള്ള പ്രദിക്ഷിണവും ചില ആരാധനക്രമങ്ങളിൽ ഉള്‍പ്പെട്ടതിനാല്‍ ഇത് ‘കാന്‍ഡില്‍ മാസ്’ ദിനം എന്നും അറിയപ്പെടുന്നു.
വിശുദ്ധ ജോണ്‍ ഇരുപത്തി മൂന്നാമന്‍ പാപ്പായുടെ റോമന്‍ അനുഷ്ഠാനങ്ങളുടെ സവിശേഷതയെ കുറിച്ചുള്ള പ്രബോധനമനുസരിച്ചു, ഇന്ന് പരിശുദ്ധ മറിയത്തിന്റെ ശുദ്ധീകരണ തിരുനാളായി പരാമര്‍ശിക്കപ്പെട്ടിരിക്കുന്നു. ക്രിസ്തുമസ്സിന്റെ അലങ്കാരങ്ങളും പുല്‍ക്കൂടും ഈ തിരുനാള്‍ വരെ നിലനിര്‍ത്തുന്ന പതിവും നിരവധി ക്രിസ്ത്യാനികള്‍ക്കിടയില്‍ നിലനില്‍ക്കുന്നുണ്ട്. ദൈവ കുമാരനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നത്, തിരുപ്പിറവി ആഘോഷങ്ങളുടെ പരിസമാപ്തിയായാണ് കണക്കാക്കുന്നത്.
പഴയ ആചാരമനുസരിച്ച് ആദ്യജാതനായ കര്‍ത്താവായ യേശുവിനെ അനുഗ്രഹീതയായ അമ്മയും, വിശുദ്ധ ഔസേപ്പിതാവും ചേര്‍ന്ന് ദേവാലയത്തില്‍ സമര്‍പ്പിക്കുന്നു. ഇത് ഒരര്‍ത്ഥത്തില്‍ മറ്റൊരു വെളിപാട് തിരുനാള്‍ ആണ്. ലഘുസ്തോത്രങ്ങളും, ശിമയോന്റെ വാക്കുകളും, പ്രവാചകയായ അന്നായുടെ സാക്ഷ്യവുമായി, ശിശുവായ യേശു മിശിഖായാണെന്ന് വെളിപ്പെടുത്തുന്ന മറ്റൊരു വെളിപാട് തിരുന്നാള്‍. ക്രിസ്തു ലോകത്തിന്റെ പ്രകാശമാണ്, ഇതിനാലാണ് മെഴുക് തിരികളുടെ ആശീര്‍വാദവും, പ്രദിക്ഷിണവും നടത്തുന്നത്. മദ്ധ്യകാലഘട്ടങ്ങളില്‍ ‘പരിശുദ്ധ മാതാവിന്റെ ശുദ്ധീകരണ’ അല്ലെങ്കില്‍ ‘കാന്‍ഡില്‍ മാസ്’ തിരുനാളിന് വളരെയേറെ പ്രാധ്യാന്യം ഉണ്ടായിരുന്നു.
മോശയുടെ ന്യായപ്രമാണമനുസരിച്ച് വിശുദ്ധ ഔസേപ്പിതാവും, മാതാവായ കന്യകാ മറിയവും യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നു. "ഇതാ എനിക്ക് മുന്‍പേ വഴിയൊരുക്കുവാന്‍ ഞാന്‍ എന്റെ ദൂതനെ അയക്കുന്നു, നിങ്ങള്‍ തേടുന്ന കര്‍ത്താവ് ഉടന്‍തന്നെ തന്റെ ആലയത്തിലേക്ക് വരും" (മലാക്കി 3:1). യേശുവിന്റെ ജനനത്തിനു 6 മാസം മുന്‍പ് ജനിച്ച വിശുദ്ധ സ്നാപക യോഹന്നാനെയാണ് ദൈവം യേശുവിനു വഴിയൊരുക്കുവാനായി അയക്കുന്നത് എന്ന് സുവിശേഷങ്ങൾ സാക്ഷ്യപ്പെടുത്തുന്നു. ഈ സുവിശേഷ വസ്തുതകളില്‍ നിന്നും മലാക്കി പ്രവാചകന്റെ വാക്കുകള്‍ നമുക്ക് ഗ്രഹിക്കാവുന്നതാണ്. യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നത് ദൈവത്തിന്റെ ദേവാലയ പ്രവേശനത്തെയാണ് സൂചിപ്പിക്കുന്നത്. ദൈവം മനുഷ്യനെ തന്റെ ദേവാലയത്തില്‍ പ്രവേശിപ്പിച്ചു, അതുവഴി, യഥാര്‍ത്ഥത്തില്‍ തന്നെ അന്വോഷിക്കുന്നവര്‍ക്കായി തന്നെ തന്നെ നല്‍കി.
ഇന്നത്തെ സുവിശേഷം വ്യത്യസ്തരായ മനുഷ്യരേയും, സംഭവങ്ങളെയും നമ്മുടെ മുന്‍പില്‍ അവതരിപ്പിക്കുകയും അവയിലൂടെ എണ്ണമറ്റ പാഠങ്ങളും, ചിന്താ വിഷയങ്ങളും വിചിന്തനത്തിനായി നമുക്ക് നല്‍കുകയും ചെയ്യുന്നു. ഏറ്റവും ആദ്യമായി, കന്യകാ മറിയവും, ഔസേപ്പിതാവും ദരിദ്രര്‍ക്ക് വേണ്ടിയുള്ള മോശയുടെ ന്യായപ്രമാണത്തെ ബഹുമാനിച്ചുകൊണ്ട് ഒരു ജോടി പ്രാവുകളെ നേര്‍ച്ചയായി അര്‍പ്പിക്കുന്നു.
ശിമയോനും, അന്നായും തങ്ങളുടെ ജീവിതം പ്രാര്‍ത്ഥനക്കും, ഉപവാസത്തിനുമായി സമര്‍പ്പിച്ച ആദരണീയരും വൃദ്ധരുമാണ്. അവരുടെ ശക്തമായ ആത്മീയജീവിതം അവര്‍ക്ക് മിശിഖായെ തിരിച്ചറിയുവാന്‍ കഴിവുള്ളവരാക്കി തീര്‍ത്തു. ഈ അര്‍ത്ഥത്തില്‍, യേശുവിനെ ദേവാലയത്തില്‍ കാഴ്ചവെക്കുന്നത് ‘പ്രാര്‍ത്ഥിക്കുന്നവരുടെ ദിനത്തിന്റെ (Pro Orantibus)’ ഒരു അനുബന്ധമായി കാണാവുന്നതാണ്. ഈ ദിവസം നാം ആഘോഷിക്കുന്നത് ‘പരിശുദ്ധ അമ്മയെ ദേവാലയത്തില്‍ കാഴ്ചവെക്കുന്ന’ തിരുനാളിലാണ് (21 നവംബര്‍). തിരുസഭ ഈ ദിവസത്തില്‍, വിശേഷപ്പെട്ട പ്രാര്‍ത്ഥനാ ജീവിതത്തിനായും, ധ്യാനാത്മകജീവിതത്തിലൂടെ പ്രത്യേക മതപര ദൗത്യത്തിനുമായി തങ്ങളുടെ ജീവിതം സമര്‍പ്പിച്ചവരോടും നന്ദി പ്രകാശിപ്പിക്കുന്നു.
ആദരണീയനായ ശിമയോന്‍ എന്ന വ്യക്തിയിലൂടെ, യേശുവിന്റെ ദേവാലയ സമര്‍പ്പണ തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്, ധ്യാനം വെറുതെ സമയം പാഴാക്കലോ, കാരുണ്യത്തിന്റെ മാര്‍ഗ്ഗത്തിലെ തടസ്സമോ അല്ല. പ്രാര്‍ത്ഥനയേക്കാളും കൂടുതല്‍ ഉപയോഗ്യമായി സമയം ചിലവഴിക്കുവാന്‍ സാധ്യമല്ല. കഠിനമായ ആന്തരിക ജിവിതത്തിന്റെ അനന്തരഫലമാണ് യാഥാര്‍ത്ഥ ക്രിസ്തീയ കാരുണ്യം. ശിമയോനേയും, അന്നയേപോലെയും പ്രാര്‍ത്ഥിക്കുകയും, അനുതപിക്കുകയും ചെയ്യുന്നവര്‍ ആത്മാവില്‍ ജീവിക്കുവാന്‍ കഴിവുള്ളവരാണ്. അവര്‍ക്ക് ദൈവപുത്രന്‍ സ്വയം വെളിപ്പെടുത്തുന്ന അവസരങ്ങളില്‍ ദൈവപുത്രനെ എങ്ങിനെ തിരിച്ചറിയണമെന്നറിയാം, കാരണം അഗാധമായ ആന്തരിക ദര്‍ശനം അവര്‍ക്ക് സിദ്ധിച്ചിട്ടുണ്ട്. കൂടാതെ കാരുണ്യമുള്ള ഹൃദയത്തോടുകൂടി എങ്ങിനെ സ്നേഹിക്കണമെന്ന് അവര്‍ പഠിച്ചിട്ടുണ്ട്.
സുവിശേഷത്തിന്റെ അവസാനത്തില്‍ പരിശുദ്ധ മാതാവിന്റെ സഹനത്തെപ്പറ്റിയുള്ള ശിമയോന്റെ പ്രവചനം എടുത്ത് കാട്ടിയിരിക്കുന്നു. വിശുദ്ധ ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായുടെ പ്രബോധനമനുസരിച്ച്: ശിമയോന്റെ വാക്കുകള്‍ പരിശുദ്ധ മറിയത്തിനുള്ള ഒരു രണ്ടാം വിളംബരമാണ്. അവ, അവളുടെ മകന്‍ പൂര്‍ത്തിയാക്കേണ്ട ‘തെറ്റിദ്ധാരണയും, ദുഖവും’ എന്ന് പറയാവുന്ന ചരിത്ര സാഹചര്യങ്ങളെ അവള്‍ക്ക് വെളിപ്പെടുത്തി കൊടുക്കുന്നു’ (Redemptoris Mater, n.16). ഗബ്രിയേൽ മാലാഖയിലൂടെ മറിയത്തിനു ലഭിച്ച വെളിപ്പെടുത്തല്‍ ആനന്ദത്തിന്റെ ഒരു ധാരയാണ്, കാരണം ഇത് യേശുവിന്റെ രക്ഷാകര രാജത്വത്തേയും, കന്യകയുടെ ഗര്‍ഭധാരണം മൂലമുള്ള ജനനത്തിന്റെ അമാനുഷികതയേയും വെളിപ്പെടുത്തുന്നു.
എന്നാല്‍ ദേവാലയത്തില്‍ വച്ചുള്ള വൃദ്ധരുടെ വെളിപ്പെടുത്തല്‍ സഹനത്തിലൂടെ തന്റെ മാതാവിനെ സഹായിച്ചുകൊണ്ട് പാപമോചനത്തിന്റേയും, വീണ്ടെടുപ്പിന്റേതുമായ കര്‍ത്താവിന്റെ പ്രവര്‍ത്തനങ്ങളെ വെളിപ്പെടുത്തുന്നു. അതിനാല്‍ തന്നെ ശക്തമായ ഒരു ‘മരിയന്‍’ വശം' കൂടി ഈ തിരുനാളിനുണ്ട്. ആരാധനാ-ദിനസൂചികയില്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത് ‘അനുഗ്രഹീതയായ കന്യകാ മേരിയുടെ ശുദ്ധീകരണം’ എന്നാണ്. പ്രസവത്തിനു ശേഷം യഹൂദ വനിതകളുടെ ആചാരപരമായ ശുദ്ധീകരണത്തെപ്പറ്റിയുള്ള മറ്റൊരു വീക്ഷണത്തേയും ഈ കാഴ്ചവെപ്പ് പരാമര്‍ശിക്കുന്നു. മറിയത്തിന്റെ കാര്യത്തില്‍ ഈ ശുദ്ധീകരണം ആവശ്യമുള്ളതല്ല. എന്നാല്‍, അവള്‍ ദൈവീക പദ്ധതിയുടെ പൂര്‍ത്തീകരണത്തിനുവേണ്ടി സ്വയം സമര്‍പ്പിക്കുവാനായി തന്നെ തന്നെ നവീകരിക്കുന്നതിനേയാണ് ഇത് സൂചിപ്പിക്കുന്നത്.
ശിമയോന്റെ പ്രവചനം വെളിപ്പെടുത്തുന്നത് യേശു ‘വൈരുദ്ധ്യത്തിന്റെ' അടയാളമാണ് എന്നാണ്. അലെക്സാണ്ട്രിയായിലെ വിശുദ്ധ സിറിള്‍ തന്റെ പ്രസംഗങ്ങളിലൊന്നില്‍ ‘വൈരുദ്ധ്യത്തിന്റെ അടയാളം’ എന്ന ഈ വാക്കുകളെ ‘മഹത്തായ കുരിശ്’' എന്ന് വ്യാഖ്യാനിക്കുന്നുണ്ട്. ‘യഹൂദര്‍ക്ക് ഇടര്‍ച്ചയും വിജാതീയര്‍ക്ക് ഭോഷത്തവുമായ’ എന്ന് വിശുദ്ധ പൗലോസ് ശ്ലീഹ കൊറീന്തകാര്‍ക്ക് എഴുതിയത് പോലെ (1 കൊറീന്തോസ് 1:23). ‘ഇത് നഷ്ടപ്പെടുത്തിയവര്‍ക്ക് ഭോഷത്തവും, ഇതിന്റെ ശക്തി (കുരിശിന്റെ) അംഗീകരിക്കുന്നവര്‍ക്ക് ഇത് ജീവനും മോക്ഷവും വെളിപ്പെടുത്തി കൊടുക്കുന്നതുമാണ്'’ എന്നത് വെച്ച് നോക്കുമ്പോള്‍ ഇതൊരു വൈരുദ്ധ്യത്തിന്റെ അടയാളമാണ്.
അതുകൊണ്ട് ഇന്ന് നമുക്കും ചിന്തിക്കാം നാം കുരിശിനെ അംഗീകരിച്ച് ജീവൻ പ്രാപിക്കുന്നവരാണോ? അതോ കുരിശിനെ തള്ളിപ്പറഞ്ഞുകൊണ്ട്, ഈ ലോക മോഹങ്ങൾക്ക് പിന്നാലെ ഓടുന്ന വെറും ഭോഷൻമാരാണോ...?