News - 2024
ഗര്‍ഭാവസ്ഥ മുതല്‍ സ്വാഭാവിക അന്ത്യം വരെ മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടണം: ഫ്രാന്‍സിസ് പാപ്പ
സ്വന്തം ലേഖകന്‍ 01-07-2018 - Sunday
വത്തിക്കാന്‍ സിറ്റി: ഗര്‍ഭം ധരിക്കപ്പെടുന്ന നിമിഷം മുതല്‍ സ്വാഭാവിക അന്ത്യം വരെ മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടണമെന്ന് ഫ്രാന്‍സിസ് പാപ്പ. ക്രിസ്തുവിന്‍റെ അമൂല്യ രക്തത്തിന്‍റെ കുടുംബത്തിലെ സന്യാസി സമൂഹത്തിലെ അംഗങ്ങളും അപ്പസ്തോലിക ജീവിത സമൂഹങ്ങളിലെ അംഗങ്ങളുമുള്‍പ്പടെ 3000 ത്തോളം പേരടങ്ങിയ സംഘത്തെ ശനിയാഴ്ച (30/06/18) വത്തിക്കാനില്‍, പോള്‍ ആറാമന്‍ ശാലയില്‍ സ്വീകരിച്ചു സന്ദേശം നല്‍കുകയായിരിന്നു പാപ്പ. മനുഷ്യജീവന്‍ ആക്രമിക്കപ്പെടുന്ന ഏത് അവസ്ഥയിലും സാമൂഹ്യതിന്മകള്‍ക്കു മുന്നിലും മുഖംതിരിക്കാതെ പ്രതികരിക്കാന്‍ കഴിവുള്ളവരാകണമെന്ന് പാപ്പ കൂട്ടിച്ചേര്‍ത്തു.
സുവിശേഷത്തിന്‍റെ മൂല്യങ്ങളും ലോകത്തെയും മനുഷ്യനെയുംകുറിച്ചുള്ള സത്യവും പ്രഖ്യാപിക്കാന്‍ കഴിവുള്ള ധീര സമൂഹം കെട്ടിപ്പടുക്കേണ്ട ധൈര്യമുള്ള വ്യക്തികളായിരിക്കേണ്ടത് സുപ്രധാനമാണ്. ഇടവകയുടെയും, തങ്ങള്‍ വസിക്കുന്ന പ്രദേശത്തിന്‍റെയും ജീവിതത്തെ സ്പര്‍ശിക്കാനും നിസ്സംഗത കൂടാതെ വ്യക്തികളുടെ ഹൃദയങ്ങളെയും ജീവിതത്തെയും പരിവര്‍ത്തനം ചെയ്യാനും വിളിക്കപ്പെട്ടതാണ് യേശുശിഷ്യരുടെ സാക്ഷ്യം. ക്രിസ്തുവിന്‍റെ ഏറ്റം അമൂല്യ രക്തത്തിന്‍റെ കുടുംബത്തിലെ അംഗങ്ങള്‍ സകലരുടെയും കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തണമെന്നും പാപ്പ ഓര്‍മ്മിപ്പിച്ചു.