News - 2025

ക്രൈസ്തവ വിശ്വാസം സ്വീകരിച്ചു: പഞ്ചാബില്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തി

സ്വന്തം ലേഖകന്‍ 10-08-2018 - Friday

ലുധിയാന: ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെയുള്ള അക്രമണങ്ങളുടെ ഒടുവിലത്തെ ഇരയായി പഞ്ചാബില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയുടെ ദാരുണ മരണം. ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിന് പിന്നാലെ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി കൊലപ്പെടുത്തുകയായിരിന്നു. അഞ്ജലി മാസി എന്ന 9 വയസ്സുകാരി പെണ്‍കുട്ടിയാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പിതാവിന്റെ ചിത്രത്തോടോപ്പം ക്രിസ്ത്യന്‍ സന്നദ്ധ സംഘടനയായ 'വേള്‍ഡ് വാച്ച് മോണിറ്ററാ'ണ് വാര്‍ത്ത കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സമീപകാലത്തായിരുന്നു അഞ്ജലി മാസിയുടെ കുടുംബം ഹൈന്ദവ വിശ്വാസം ഉപേക്ഷിച്ച് ക്രൈസ്തവ വിശ്വാസം സ്വീകരിച്ചത്.

പാക്കിസ്ഥാന്റെ അതിര്‍ത്തിക്ക് സമീപമുള്ള ഗുര്‍ദാസ്പൂരിലായിരുന്നു അഞ്ജലിയുടെ കുടുംബം താമസിച്ചത്. തന്റെ കൂട്ടുകാര്‍ക്കൊപ്പം കളിച്ചുകൊണ്ട് നില്‍ക്കെ ഒരു കൂട്ടം പുരുഷന്‍മാര്‍ പേരക്ക കാട്ടി അവളെ കൂട്ടിക്കൊണ്ട് പോവുകയും, കൂട്ടമാനഭംഗത്തിനിരയാക്കുകയുമായിരിന്നു. പിന്നീട് ടെലിഫോണ്‍ വയര്‍ ഉപയോഗിച്ച് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തി. മേഖലയിലുള്ള ഏതാനുംകുടുംബങ്ങള്‍ ക്രൈസ്തവ വിശ്വാസം സ്വീകരിച്ചതിനെ തുടര്‍ന്ന്‍ ക്രിസ്ത്യന്‍ വിരുദ്ധ വികാരം മേഖലയില്‍ പ്രചരിപ്പിച്ചിരിന്നതായി പ്രദേശവാസികളായ ക്രിസ്ത്യാനികള്‍ പറയുന്നു. മറ്റുള്ളവരും ക്രൈസ്തവ വിശ്വാസം സ്വീകരിക്കുന്നത് തടയുവാനുള്ള ഭീഷണിയാണ് ആക്രമണമെന്ന് പേര് വെളിപ്പെടുത്താത്ത ഒരു വിശ്വാസി പറഞ്ഞു.

നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ കേന്ദ്രത്തില്‍ അധികാരത്തിലേറിയതിനു ശേഷം ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന്‍ വിവിധ കോണുകളില്‍ നിന്നു റിപ്പോര്‍ട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യേനെ പഞ്ചാബ്, ക്രിസ്ത്യാനികളെ സംബന്ധിച്ചിടത്തോളം സുരക്ഷിത മേഖലയായിരുന്നു. എന്നാല്‍ സമീപ കാലങ്ങളിലായി പഞ്ചാബിലും ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെടുകയാണ്. ലുധിയാനയില്‍ ഒരു ക്രിസ്ത്യന്‍ പാസ്റ്റര്‍ കൊല്ലപ്പെട്ടത് കഴിഞ്ഞ വര്‍ഷമാണ്‌. ക്രിസ്ത്യാനികള്‍ ആക്രമിക്കപ്പെട്ട കാര്യത്തില്‍ തെക്കേ ഇന്ത്യയില്‍ തമിഴ്നാടാണ് മുന്‍പന്തിയില്‍ നില്‍ക്കുന്നത്. എന്നാല്‍ ആന്ധ്രപ്രാദേശിലും, തെലുങ്കാനയിലും ക്രിസ്ത്യാനികള്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വര്‍ദ്ധിച്ചിരിക്കുകയാണെന്ന് ‘വേള്‍ഡ് വാച്ച് മോണിട്ട’റിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.

നിര്‍ബന്ധിത മതപരിവര്‍ത്തനം തടയുക എന്ന ലക്ഷ്യത്തോടെയുള്ള ‘മതപരിവര്‍ത്തന വിരുദ്ധ നിയമം’ നിലനില്‍ക്കുന്ന സംസ്ഥാനങ്ങളിലാണ് ക്രിസ്ത്യാനികള്‍ കൂടുതലായി ആക്രമിക്കപ്പെടുന്നത്. നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനെതിരെയാണ് നിയമമെങ്കിലും ഫലത്തില്‍ എല്ലാതരത്തിലുള്ള വിശ്വാസ പരിവര്‍ത്തനവും സര്‍ക്കാര്‍ തടയുകയാണ്. നിയമം നിലനില്‍ക്കുന്ന ഉത്തരാഖണ്ഡ്, ഒഡീഷ, മധ്യപ്രദേശ്‌, ചത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശ്‌, ഗുജറാത്ത്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങള്‍ ക്രൈസ്തവരെ സംബന്ധിച്ചിടത്തോളം ഒട്ടും സുരക്ഷിതമല്ലാതായി തീര്‍ന്നിരിക്കുകയാണ്.


Related Articles »