News - 2024
ക്രിസ്തു വിശ്വാസം സ്വീകരിച്ചതിന് വധഭീഷണി നേരിടുന്ന നൈജീരിയന്‍ പെണ്‍കുട്ടിക്ക് സംരക്ഷണം ഉറപ്പുവരുത്തി കോടതി വിധി
പ്രവാചകശബ്ദം 30-08-2023 - Wednesday
അബൂജ: പശ്ചിമാഫ്രിക്കന്‍ രാജ്യമായ നൈജീരിയയിൽ ഇസ്ലാം മതം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിച്ചതിൻ്റെ പേരില്‍ സ്വന്തം പിതാവില്‍ നിന്നും സഹോദരന്‍മാരില്‍ നിന്നും വധഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിക്ക് സംരക്ഷണം ഉറപ്പാക്കിക്കൊണ്ട് നൈജീരിയന്‍ ഹൈക്കോടതി വിധി. വധഭീഷണിയെ തുടർന്ന് മേരി ഒലോവെ (സുരക്ഷ ഭീഷണി നിലനിൽക്കുന്നതിനാൽ പേര് യഥാർത്ഥമല്ല) എന്ന പെണ്‍കുട്ടിയെ അവളുടെ അമ്മ തന്നെ രഹസ്യമായി ക്രിസ്ത്യന്‍ കൂട്ടായ്മയില്‍ എത്തിച്ചിരിക്കുകയാണെന്നു ഇക്കാര്യത്തില്‍ മേരിയെ സഹായിച്ചുകൊണ്ടിരിക്കുന്ന അലയന്‍സ് ഡിഫെന്‍ഡിംഗ് ഫ്രീഡം (എ.ഡി.എഫ്) അന്താരാഷ്ട്ര മതസ്വാതന്ത്ര്യ നിരീക്ഷക സംഘടന പറയുന്നു. പിതാവും, സഹോദരന്‍മാരും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന്‍ മേരിയും, അമ്മയും നിയമസഹായം തേടി കോടതിയെ സമീപിക്കുകയായിരുന്നു.
ഇസ്ലാം ഉപേക്ഷിച്ച് ക്രിസ്തു വിശ്വാസം സ്വീകരിക്കുവാനുള്ള തീരുമാനം പരാതിക്കാരിയുടെ മൗലീകാവകാശമാണെന്നും, അത് ലംഘിക്കരുതെന്നും, അവളെ ഭീഷണിപ്പെടുത്തുകയോ വധിക്കാന്‍ ശ്രമിക്കുകയോ ചെയ്യുന്നത് ശിക്ഷക്കു വിധേയമാണെന്നുമാണ് കോടതിവിധി. ഈ വിധിക്കെതിരെ ഇതുവരെ ആരും അപ്പീലിന് പോയിട്ടില്ലെന്നാണ് എ.ഡി.എഫ് പറയുന്നത്. ഇസ്ലാമില്‍ നിന്നും ക്രിസ്തു വിശ്വാസത്തിലേക്ക് പരിവര്‍ത്തനം ചെയ്യുവാനുള്ള മേരിയുടെ മൗലീക അവകാശത്തെ കോടതി അംഗീകരിക്കുകയും, വധഭീഷണിയില്‍ നിന്നും അവള്‍ക്ക് സംരക്ഷണം നല്‍കുകയും ചെയ്തതില്‍ ആശ്വാസമുണ്ടെന്നും എ.ഡി.എഫ് ഇന്റര്‍നാഷണലിന്റെ നിയമോപദേഷ്ടാവായ സീന്‍ നെല്‍സണ്‍ വെള്ളിയാഴ്ച പ്രസ്താവിച്ചു. ഇത് പ്രധാനപ്പെട്ട വിധിയാണെന്നും, ക്രിസ്തുവില്‍ വിശ്വസിക്കുന്നതിന്റെ പേരില്‍ വധഭീഷണി നേരിടുന്ന മറ്റുള്ളവര്‍ക്കും ഈ വിധി ഗുണകരമാകുവാനാണ് തങ്ങളുടെ പ്രാര്‍ത്ഥനയെന്നും വിശ്വാസത്തിന്റെ പേരില്‍ ആരും അടിച്ചമര്‍ത്തപ്പെടരുതെന്നും പ്രസ്താവനയിലുണ്ട്.
നൈജീരിയയിലെ മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ 2022-ലെ റിപ്പോര്‍ട്ട് പ്രകാരം നൈജീരിയന്‍ ഭരണഘടനയില്‍ ഒരു ദേശീയ മതമില്ല. മതസ്വാതന്ത്ര്യവും നൈജീരിയന്‍ ഭരണഘടന ഉറപ്പുനല്‍കുന്നുണ്ട്. അന്താരാഷ്ട്ര മതസ്വാതന്ത്ര്യ സംഘടനയായ ഓപ്പണ്‍ഡോഴ്സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് പ്രകാരം ലോകത്ത് ക്രൈസ്തവനായി ജീവിക്കുന്നതിനു ഏറ്റവും കൂടുതല്‍ ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍ ഒന്നാണ് നൈജീരിയ. സംഘടനയുടെ ഏറ്റവും പുതിയ പട്ടികയില്‍ ആറാമതാണ് നൈജീരിയയുടെ സ്ഥാനം. കഴിഞ്ഞ വര്‍ഷം മാത്രം ക്രിസ്തു വിശ്വാസത്തിന്റെ പേരില്‍ 5,500 ക്രൈസ്തവരാണ് ലോകമെമ്പാടമായി കൊല്ലപ്പെട്ടതെന്നും, ഇതില്‍ 90% നൈജീരിയയിലാണെന്നും എ.ഡി.എഫ് ഇന്റര്‍നാഷണല്‍ പറയുന്നു.