News - 2024
യേശു നിർദ്ദേശിക്കുന്ന മോക്ഷമാർഗം വൻ കാര്യങ്ങളിലൂടെയല്ല; ലഘുവായ മനുഷ്യ പ്രവർത്തികളിലൂടെ: ഫ്രാൻസിസ് മാർപാപ്പ
അഗസ്റ്റസ് സേവ്യർ 03-03-2016 - Thursday
യേശു നിർദ്ദേശിച്ച മോക്ഷമാർഗം വലിയ കാര്യങ്ങളിലൂടെയായിരുന്നില്ല; ലഘുവായ മനുഷ്യ പ്രവർത്തികളിലൂടെയായിരുന്നുവെന്ന് ഫ്രാൻസിസ് മാർപാപ്പ.
മനുഷ്യന് ദൈവത്തിന്റെ രക്ഷയിലേക്കുള്ള മാർഗ്ഗം പാർട്ടികളോ സംഘടനകളോ അല്ല, പണമോ അധികാരമോ അല്ല, പ്രത്യുത, ചെറുതും നിസ്സാരമെന്ന് തോന്നുന്നതുമായ ദൈവ കൃപകളാണെന്ന്, കാസാ സാന്റാ മാർത്തയിലെ തിങ്കളാഴ്ച്ചത്തെ ദിവ്യബലി വേളയിൽ ഫ്രാൻസിസ് മാർപാപ്പ വിശ്വസികളെ ഓർമ്മപ്പെടുത്തി.
സിറിയക്കാരനായ നാമൻ എന്ന കുഷ്ഠരോഗി ഏലീശാ പ്രവാചകന്റെയരികെ, തന്നെ സുഖപ്പെടുത്തണമെന്ന ആവശ്യവുമായി മഹാത്ഭുതം പ്രതീക്ഷിച്ചു ചെന്നപ്പോൾ, പ്രവാചകൻ നിർദ്ദേശിച്ച മാർഗ്ഗം വളരെ ലളിതമായിരുന്നു.
നസ്രേത്തിലെ യേശുവിന്റെ കാര്യത്തിലും ഈ ഒരു സമാനത നമുക്ക് കാണാനാവും. സ്വന്തം നാട്ടുകാരനായ യേശുവിന്റെ വാക്കുകൾ ജനങ്ങൾ പുശ്ചത്തോടെയാണ് കേട്ടു നിന്നത്. അദ്ദേഹം പറഞ്ഞു കൊടുത്ത മോക്ഷമാർഗം അത്രത്തോളം ലളിതമായിരുന്നു.
ധർമ്മാധർമ്മചിന്തകളുടെ മുടിനാരിഴ കീറി മോക്ഷമാർഗം കണ്ടു പിടിക്കാൻ ശ്രമിക്കുന്ന നിയമജ്ഞർ, യേശുവിന്റെ ലാളിതമായ ചിന്തകളെ അവജ്ഞയോടെയാണ് നോക്കി കണ്ടത്. പക്ഷേ ജനങ്ങൾക്ക് അവരുടെ വ്യാജ ധർമ്മോപദേശങ്ങളിൽ വിശ്വാസമുണ്ടായിരുന്നില്ല.
റോമൻ സാമ്രാജ്യത്തിനപ്പുറം ഒരു മോക്ഷമില്ല എന്ന് ചിന്തിച്ചിരുന്ന സാധൂസികളെയും അവർ വിശ്വസിച്ചില്ല. അതായത്, അക്കാലത്തെ വേദനിയമജ്ഞരുടെ പാർട്ടിയിലും സാധൂസികളുടെ രാജപാർട്ടിയിലും ജനങ്ങൾക്ക് വിശ്വാസമില്ലായിരുന്നു.
പക്ഷേ, അധികാരത്തോടെ സംസാരിച്ച യേശുവിന്റെ വാക്കുകൾ അവർ വിശ്വസിച്ചു. എന്നാലും ആ ചിന്തകളുടെ ലാളിത്യം ജനങ്ങൾക്ക് പൂർണ്ണമായും സ്വീകാര്യമായില്ല. മോക്ഷം കൊണ്ടുവരേണ്ടത് പണവും പ്രശസ്തിയുമുള്ള, സ്ഥാനവും അധികാരവുമുള്ള ഒരാളായിരിക്കില്ലെ എന്ന് ജനങ്ങൾ ആന്തരികമായി സംശയിച്ചു കൊണ്ടിരുന്നു. സമ്പത്തും അധികാരവും വേണ്ടാത്ത, ഘനപ്പെട്ട തത്വചിന്തകൾ വേണ്ടാത്ത, ലാളിത്യമാണ് ദൈവകൃപ എന്ന് അവർ മനസ്സിലാക്കിയിരുന്നില്ല.
അദ്ദേഹം തുടർന്നു. "സുവിശേഷത്തിന്റെ രണ്ട് നെടുംതൂണുകളാണ് വിശുദ്ധ മത്തായിയുടെ സുവിശേഷത്തിൽ പറയുന്ന 'എട്ട് സുവിശേഷ ഭാഗ്യങ്ങളും' (മത്തായി. 5: 3-11) അവസാന വിധിയും (മത്തായി.25: 31-46) "ഈ ലളിതമായ കാര്യങ്ങൾ നിങ്ങൾ എനിക്കു വേണ്ടി ചെയ്തിരിക്കുന്നു; നിങ്ങൾ എന്റെ കൂടെ വരുക!"
"ശക്തിയിലും പ്രതാപത്തിലുമല്ല നിങ്ങൾ മോക്ഷം അന്വേഷിച്ചത്. നിങ്ങൾ ലളിതമായ ഈ കാര്യങ്ങൾ ചെയ്തു. അതിലൂടെ നിങ്ങൾ സ്വർഗ്ഗരാജ്യത്തിന് അർഹരായിരിക്കുന്നു!" യേശു ജനങ്ങളോടു പറഞ്ഞു.
"ഈസ്റ്റർ ഒരുക്കങ്ങൾക്കായി നിങ്ങൾ സുവിശേഷ ഭാഗ്യങ്ങളും അവസാന വിധിയും വായിക്കുക! അറിയുക! നിന്ദയും അവജ്ഞയും അഹങ്കാരികൾക്കുള്ളതാണ്! എന്നെ പ്രതി അവഹേളിക്കപ്പെടുന്നവർ ഭാഗ്യവാന്മാർ എന്നാണ് യേശു പറഞ്ഞത്.
"ഞാൻ വീണ്ടും നിങ്ങളോട് ആവശ്യപ്പെടുകയാണ്. സുവിശേഷ ഭാഗ്യങ്ങളും അവസാന വിധിയും വായിക്കുക. ലോകത്തോടുള്ള അവജ്ഞ മനസ്സിൽ നിന്നും മാറ്റുക. ദൈവപുത്രൻ സ്വയം ചെറുതായി, അവഹേളനങ്ങൾക്കും പീഠനങ്ങൾക്കും വിധേയനായി കുരിശിലേറിയ വിഢിത്തമാണ് മോക്ഷത്തിലേക്കുള്ള മാർഗ്ഗം എന്ന് തിരിച്ചറിയുക" പ്രഭാഷണം അവസാനിപ്പിച്ചു കൊണ്ട് മാർപാപ്പ പറഞ്ഞു.