India - 2025
അര്‍ണോസ് പാതിരി സ്ഥാപിച്ച ദേവാലയത്തിന്റെ പുനരുദ്ധാരണത്തിന് സര്‍ക്കാര്‍ സഹായം
സ്വന്തം ലേഖകന്‍ 20-10-2018 - Saturday
വേലൂര്‍: മുന്നൂറു വര്‍ഷം മുന്‍പ് അര്‍ണോസ് പാതിരി സ്ഥാപിച്ച ദേവാലയത്തിന്റെ പുനരുദ്ധാരണ പ്രവൃത്തികള്‍ക്കു സംസ്ഥാന പുരാവസ്തു വകൂപ്പ് 60 ലക്ഷം രൂപ സഹായം അനുവദിച്ചു. മൂന്നു പതിറ്റാണ്ട് പഴക്കമുള്ള പള്ളിയുടെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതോടെ അര്‍ണോസ് സ്മാരകം സംരക്ഷിക്കണമെന്ന നാട്ടുകാരുടെ നാളുകളായുള്ള ആവശ്യമാണ് യാഥാര്‍ത്ഥ്യമാകുന്നത്. കാലപ്പഴക്കം മൂലം കേടുപാടു സംഭവിച്ച ഓടുകളും മരങ്ങളും മാറ്റി അലുമിനിയം ഷീറ്റുകള്‍ സ്ഥാപിച്ചാണ് മേല്‍ക്കൂര പുനര്‍നിര്‍മ്മിക്കുന്നത്.
ദേവാലയത്തിന്റെ തനിമയും പഴമയും നിലനിറുത്തുന്ന രീതിയില്‍ പുരാവസ്തു വകുപ്പ് നേരിട്ടു തന്നെയാണ് പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. മന്ത്രി എ.സി. മൊയ്തീന്‍, മന്ത്രിമാരായ കടന്നപ്പിള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, ദേവാലയ വികാരി ഫാ. ജോണ്‍സണ്‍ അയിനിക്കല്‍ എന്നിവര്‍ തിരുവനന്തപുരത്തു നടത്തിയ ചര്‍ച്ചയിലാണ് പുനരുദ്ധാരണത്തിനായി 60 ലക്ഷം രൂപ സര്‍ക്കാര്‍ അനുവദിച്ചത്.
അര്‍ണോസ് ദേവാലയവും ഭവനവും 1995ലാണ് പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിച്ചത്. ദേവാലയത്തിലെ ചുമര്‍ചിത്രങ്ങളും നിര്‍മാണരീതിയുമാണ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുവാനുള്ള കാരണം. ഏതാനും മാസം മുന്‍പ് 15 ലക്ഷം രൂപ ചിലവില്‍, അര്‍ണോസ് പൈതൃക ഭവനം പുനരുദ്ധാരണം നടത്തിയിരുന്നു.
