Faith And Reason - 2024
വിയറ്റ്നാമിലെ അഭയാർത്ഥികൾ കത്തോലിക്ക വിശ്വാസത്തിലേക്ക് ഒഴുകുന്നു
സ്വന്തം ലേഖകൻ 23-01-2019 - Wednesday
ഹോ ചി മിൻ സിറ്റി: വെള്ളപ്പൊക്കത്തിൽ കിടപ്പാടം നഷ്ടപ്പെട്ടവർക്ക് കൈത്താങ്ങായി മാറിയ കത്തോലിക്ക സഭയെ തങ്ങളുടെതന്നെ ജീവിതത്തിന്റെ ഭാഗമായി മാറ്റുകയാണ് വിയറ്റ്നാമിലെ മോങ് ഗോത്രം. ലായി ചാവു പ്രവിശ്യയിൽ വെള്ളപ്പൊക്കത്തിൽ സർവ്വതും നഷ്ടപ്പെട്ടവർക്ക് ഭക്ഷണവും, വസ്ത്രവും, മറ്റ് അവശ്യസാധനങ്ങളും എത്തിച്ചത് കത്തോലിക്ക സഭയുടെ സന്നദ്ധസംഘടനയായ കാരിത്താസ് വിയറ്റ്നാമായിരുന്നു. സഭയുടെ ഈ കാരുണ്യ സ്പർശമാണ് അനേകരെ കത്തോലിക്ക വിശ്വാസത്തിലേക്ക് കൂട്ടികൊണ്ടു പോയത്.
തുറന്ന കരങ്ങളോടെയാണ് സഭ തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റിയതെന്നും കത്തോലിക്കാ വിശ്വാസം എന്നത് സ്നേഹത്തിന്റെ ഒരു മതമാണ് എന്ന് മനസ്സിലാക്കാൻ സാധിച്ചതെന്നും, അതിനാലാണ് സഭയിലേക്ക് കടന്നുവന്നതെന്നും ജോസഫ് സുങ് എന്ന മോങ് ഗോത്രത്തിലെ അംഗം പറഞ്ഞു.
ദൈവത്തെ അറിയാൻ സാധിച്ചതിലും, ദൈവത്തിന്റെ ഒരു മകൻ ആകാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും ഇനിയുള്ള ജീവിതം അവിടുത്തെ ബഹുമാനിച്ചും ദൈവത്തിന് നന്ദി അർപ്പിച്ചും ജീവിക്കാനാണ് ആഗ്രഹമെന്നും ജോസഫ് പറയുന്നു. വെള്ളപ്പൊക്കത്തിന് ശേഷം വീട് നഷ്ടപ്പെട്ട തങ്ങൾക്ക് കിടപ്പാടം നൽകിയും ഭക്ഷണവും, വസ്ത്രവും മറ്റും നൽകിയും തങ്ങളെ സഹായിച്ച ക്രൈസ്തവ വിശ്വാസികൾക്കും ജോസഫ് നന്ദി പറഞ്ഞു. ഇന്ന് ജപമാല കഴുത്തിൽ അണിയാതെ ജോസഫ് പുറത്തിറങ്ങാറില്ല, ആഴ്ചതോറും മോങ് ഗോത്രത്തിലെ അംഗങ്ങൾ ആരുടെയെങ്കിലും ഭവനത്തിൽ ഒരുമിച്ചുകൂടി പ്രാർത്ഥിക്കുമ്പോൾ ജോസഫും എത്തുന്നു.
ലായി ചാവു ഇടവകയിലെ ഫാ പീറ്റർ ഫാൻ കഴിഞ്ഞ ഡിസംബർ മാസം 10 കുടുംബങ്ങൾക്കാണ് ജ്ഞാനസ്നാനം നൽകിയത്. മാമ്മോദിസ നൽകിയ 10 കുടുംബങ്ങളിൽ ഒന്നാണ് ജോസഫിന്റെ കുടുംബം. 62 പേരാണ് അന്ന് കത്തോലിക്കാ സഭയിലേക്ക് കടന്നുവന്നത്. ഇവരിൽ പലരും ദൂരെയുള്ള മിഷൻ സ്റ്റേഷനുകളിൽ നിന്നുള്ളവരാണ്.
ഔദ്യോഗികമായി കമ്മ്യൂണിസവും, നിരീശ്വരവാദവും തങ്ങളുടെ രാജ്യത്തിന്റെ ഭരണഘടനയുടെ ഭാഗമായ വിയറ്റ്നാം മതവിശ്വാസത്തിന് വലിയ വിലക്കുകളാണ് രാജ്യത്ത് കൽപ്പിച്ചിരിക്കുന്നത്. ഇതിനാൽ തന്നെ രാജ്യത്തിന്റെ മിക്ക ഭാഗങ്ങളിലും ദേവാലയങ്ങളില്ല. കത്തോലിക്ക വിശ്വാസികൾ ആരുടെയെങ്കിലും ഭവനങ്ങളിലാണ് സാധാരണയായി ഞായറാഴ്ചകളിൽ പ്രാർത്ഥിക്കാൻ ഒത്തുചേരുന്നതെന്ന് ഫാ. പീറ്റർ ഫാൻ പറഞ്ഞു. വെള്ളപ്പൊക്കത്തിൽ വീടുകൾ നഷ്ടപ്പെട്ട ഒരുപാട് ആളുകൾക്ക് സഭ ഭവനം നിർമ്മിച്ചു നൽകിയിട്ടുണ്ട്.
പ്രകൃതി ക്ഷോഭത്തിന്റ ഇരകളായവർക്ക് അടിസ്ഥാന സൗകര്യങ്ങൾ നൽകുന്നതാണ് ഏറ്റവും മികച്ച സുവിശേഷവത്കരണമെന്ന് ഫാ. പീറ്റർ ഫാൻ പറയുന്നു. സഭയുടെ സഹായഹസ്തം പ്രളയ മേഖലയിൽ തുടരുമ്പോൾ കത്തോലിക്ക സഭയിലേക്ക് ചേക്കേറുന്നവരുടെ എണ്ണവും അനുദിനം വർദ്ധിക്കുകയാണ്.