Life In Christ
അശ്ലീല സിനിമ ലോകത്ത് നിന്നും ക്രിസ്തുവിന്റെ പടയാളിയായ ബ്രിറ്റ്നി മോറ
സ്വന്തം ലേഖകന്‍ 21-02-2019 - Thursday
മെക്സിക്കോ സിറ്റി: അശ്ലീല ചലച്ചിത്ര ലോകത്ത് നിന്നും ക്രിസ്തുവിലേക്ക് തിരിഞ്ഞു സുവിശേഷ പ്രഘോഷണ ദൗത്യം ഏറ്റെടുക്കുവാനുള്ള കാരണങ്ങള്‍ വെളിപ്പെടുത്തി ബ്രിറ്റ്നി ഡെ ലാ മോറ. പാപകരമായ ജീവിതത്തോട് പൂര്‍ണ്ണമായും നോ പറഞ്ഞു ഇന്ന് സുവിശേഷ വേല ചെയ്യുന്ന ബ്രിറ്റ്നി ഫോക്സ് ന്യൂസിന് നല്‍കിയ അഭിമുഖത്തിലാണ് തന്റെ ജീവിതാനുഭവം വിവരിച്ചത്. തകര്‍ന്ന കുടുംബാന്തരീക്ഷത്തില്‍ വളര്‍ന്നതാണ് തന്റെ പ്രശ്നമെന്നും, തന്റെ ശരിയായ മൂല്യം തനിക്ക് അറിയില്ലായിരുന്നുവെന്നും ബ്രിറ്റ്നി ഫോക്സ് ന്യൂസിനോട് പറഞ്ഞു. ഒരു ക്ലബ്ബില്‍ സ്ട്രിപ് നര്‍ത്തകിയായി ജോലി ചെയ്യുന്നതിനിടെ പതിനെട്ടാമത്തെ വയസ്സിലാണ് ബ്രിറ്റ്നിക്ക് പോണ്‍ സിനിമാലോകത്തേക്കുള്ള വാതില്‍ തുറന്നു കിട്ടിയത്.
പുരുഷന്മാരുടെ മുന്നില്‍ വിവസ്ത്രയാകുമ്പോള്‍ വീട്ടില്‍ ലഭിക്കാത്തതെന്തോ തനിക്ക് ലഭിക്കുന്നത് പോലെ തോന്നിയിരുന്നുവെന്ന് ബ്രിറ്റ്നി പറയുന്നു. ലോസ് ആഞ്ചലസിലെ റൊമാന്‍സ് സിനിമ നിര്‍മ്മാതാക്കള്‍ എന്ന് പറഞ്ഞുകൊണ്ട് സമീപിച്ച രണ്ടു പുരുഷന്‍മാരാണ് ബ്രിറ്റ്നിയെ പാപകരമായ അശ്ലീല സിനിമാലോകത്തേക്ക് ക്ഷണിച്ചത്.
ലൈംഗീകബന്ധത്തിലൂടെ പകരുന്ന ഒരു രോഗത്തിനു അടിമ (STD) ആണെന്ന് അറിയുന്നത് വരെ തന്റെ പുതിയ തൊഴില്‍ താന്‍ ആസ്വദിച്ചുവെന്ന് ബ്രിറ്റ്നി ഓര്‍ക്കുന്നു. രോഗബാധിതയായതിനു ശേഷമാണ് എന്ത് ജോലിയാണ് താന്‍ ചെയ്യുന്നതെന്ന് ബ്രിറ്റ്നി ചിന്തിച്ചു തുടങ്ങിയത്. എന്നാല്‍ തെറ്റ് പറ്റിയെന്ന്‍ സമ്മതിക്കുവാന്‍ മനസ്സില്ലാത്തതിനാല്‍ ബ്രിറ്റ്നി തന്റെ തൊഴില്‍ വീണ്ടും തുടര്‍ന്നു. ഇതിനു പുറമേ അവള്‍ ഹെറോയിന്‍, കൊക്കെയിന്‍ തുടങ്ങിയ മയക്കു മരുന്നുകളും ഉപയോഗിക്കുവാന്‍ തുടങ്ങി.
ജഡിക പാപങ്ങൾക്ക് അടിമപ്പെട്ടു കഴിയുന്ന മറ്റുള്ളവരിലേക്ക് എത്തിക്കുന്ന ഒരു ദല്ലാള്‍ എന്ന നിലയില്‍ ജീവിതത്തിലേക്ക് കടന്നു വന്ന മനുഷ്യനാണ് ബ്രിറ്റ്നിയുടെ ജീവിതത്തില്‍ മാറ്റങ്ങള്‍ ഉണ്ടാക്കിയത്. ക്രമേണ അവള്‍ ദൈവവുമായി അടുത്തു. ഒരു അശ്ലീല ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനായി ലാസ് വെഗാസിലേക്ക് പോകുമ്പോള്‍ വിമാനത്തില്‍ വെച്ച് വായിച്ച സുവിശേഷഭാഗം അവളെ പൂര്‍ണ്ണമായും മാറ്റിമറിക്കുകയായിരിന്നു. ആ നിമിഷം മുതല്‍ ഈ ജോലി തനിക്ക് വേണ്ടിയുള്ളതല്ലെന്ന് ദൈവം പറയുന്നത് പോലെ തനിക്ക് അനുഭവപ്പെട്ടതായി ബ്രിറ്റ്നി സ്മരിക്കുന്നു. തുടര്‍ന്നു ബ്രിറ്റ്നി പാപത്തിന്റെ ചെളിക്കുണ്ടായ പോണ്‍ ഇന്‍ഡസ്ട്രിയിലെ തൊഴില്‍ ഉപേക്ഷിക്കുകയായിരുന്നു.
റിച്ചാര്‍ഡ് എന്ന വചനപ്രഘോഷകനാണ് ബ്രിറ്റ്നിയെ വിവാഹം ചെയ്തത്. ജീവിതത്തില്‍ പ്രതീക്ഷ നഷ്ടപ്പെട്ടവരെ സഹായിക്കുന്നതിനായി ഇരുവരും ചേര്‍ന്ന്‍ “ഫയര്‍ ആന്‍ഡ് ഫ്രഷ്” എന്ന ഒരു പുസ്തകവും എഴുതിയിട്ടുണ്ട്. ദൈവം സമ്മാനിച്ച ബോധ്യങ്ങളും ഭര്‍ത്താവിന്റെ ക്രൈസ്തവ വിശ്വാസവുമെല്ലാം ബ്രിറ്റ്നി അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
"ഏറ്റവും വലിയ ബന്ധം ദൈവവുമായുള്ള ബന്ധമാണെന്നാണ് തന്റെ ഭര്‍ത്താവ് വിശ്വസിക്കുന്നത്. അശ്ലീല സിനിമാ ലോകത്തിനു തരുവാന്‍ കഴിയാത്തത് ദൈവം നമുക്ക് തരും. പണം കൊണ്ട് വാങ്ങിക്കുവാന്‍ കഴിയാത്തവിധം നമ്മുടെ ഹൃദയാഭിലാഷങ്ങളും, ആത്മാഭിലാഷങ്ങളും ദൈവം നിറവേറ്റും, നമ്മുടെ മുറിവേറ്റ ഹൃദയങ്ങളെ ദൈവം സുഖപ്പെടുത്തും". ഈ വാക്കുകളോടെയാണ് അവര്‍ അഭിമുഖം അവസാനിപ്പിച്ചത്. ക്രിസ്തുവിന്റെ പ്രബോധനങ്ങള്‍ പതിനായിരങ്ങളിലേക്ക് എത്തിക്കുവാനുള്ള തീവ്ര ശ്രമത്തിലാണ് ഇന്ന് ബ്രിറ്റ്നി.