Arts - 2024
പാഷൻ ഓഫ് ദി ക്രൈസ്റ്റ്: ദൈവപുത്രന്‍റെ വേദനകളെ കുറിച്ച് ഉള്‍ക്കാഴ്ച നല്‍കിയെന്ന് കാവിയേസല്‍
സ്വന്തം ലേഖകന്‍ 24-03-2019 - Sunday
കാലിഫോര്‍ണിയ: ക്രിസ്തുവായി അഭിനയിച്ചപ്പോള്‍ ആ കുരിശില്‍ നമ്മുടെ രക്ഷയ്ക്കായി ദൈവപുത്രന്‍ അനുഭവിച്ച വേദനകള്‍ പഠിക്കുകയായിരുന്നുവെന്ന്‍ ‘പാഷൻ ഓഫ് ദി ക്രൈസ്റ്റ്’ ചിത്രത്തിലൂടെ പ്രേക്ഷകമനസ്സിൽ ഇടംനേടിയ നടന്‍ ജിം കാവിയേസല്‍. കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത പോള്‍ ദി അപ്പസ്‌തോൽ ഓഫ് ക്രൈസ്റ്റ് എന്ന ചിത്രത്തിന്റെ പ്രചരണാര്‍ത്ഥം പ്രമോഷനുമായി ബന്ധപ്പെട്ട് അദ്ദേഹം ഒരു വേദിയില്‍ നടത്തിയ സന്ദേശമാണ് ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്നത്. ഏറ്റവും പെര്‍ഫെക്റ്റ് ആയ അഭിനയം എന്ന് സംവിധായകന്‍ മെല്‍ ഗിബ്സന്‍ വിലയിരുത്തിയ ദൃശ്യങ്ങള്‍ ഈശോയുടെ സഹനത്തോട് ചേര്‍ത്തുവയ്ക്കുവാന്‍ വേദനകള്‍ തന്നെ സഹായിച്ചുവെന്ന് അദ്ദേഹം തുറന്ന്‍ പറഞ്ഞു.
ചാട്ടയടി, കുരിശ് വഹിച്ചുകൊണ്ടുള്ള യാത്ര, കണ്ണിലേയ്ക്കു തുളച്ചുകയറുന്ന വെട്ടം എല്ലാംകൊണ്ടും ഞാന്‍ അക്ഷരാര്‍ത്ഥത്തില്‍ തളര്‍ന്നിരുന്നു. പലപ്പോഴും പരിക്കുകള്‍ ഉണ്ടായിട്ടുണ്ട്. കുരിശ് ഉയര്‍ത്തുമ്പോള്‍ ശരിയായ രീതിയില്‍ അല്ലാതെ വന്നപ്പോള്‍ തോളെല്ല് പല പ്രാവശ്യം തെന്നിമാറിയിട്ടുണ്ട്. ശരിക്കും വേദനകൊണ്ട് പുളഞ്ഞു. ഈശോയുടെ സഹനത്തോട് ചേര്‍ത്തുവയ്ക്കുവാന്‍ ആ വേദനകള്‍ എന്നെ സഹായിക്കുകയായിരുന്നു. നമ്മുടെ ജീവിതത്തിലെ വേദനകള്‍ നമ്മെ രക്ഷയുടെ പാതയിലേയ്ക്ക് എത്തിക്കുവാന്‍ സഹായിക്കുന്നതാണെന്നും കാവിയേസല്‍ കൂട്ടിച്ചേര്‍ത്തു.