India - 2025
ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങളില്‍ അന്താരാഷ്ട്ര ഇടപെടല്‍ അനിവാര്യം: കെസിബിസി
സ്വന്തം ലേഖകന്‍ 22-04-2019 - Monday
കൊച്ചി: ഈസ്റ്റര്‍ ദിനത്തിൽ ശ്രീലങ്കയിൽ ഉണ്ടായ സ്ഫോടന പരമ്പരയിൽ കേരള കത്തോലിക്കാ മെത്രാൻ സമിതി അതീവ ദുഃഖം രേഖപ്പെടുത്തി. ലോകത്തിലെ വിവിധ ഇടങ്ങളിൽ ക്രൈസ്തവ സമൂഹത്തിന് നേരെ വർധിച്ചുവരുന്ന ആക്രമണങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയ മെത്രാന്‍ സമിതി അന്താരാഷ്ട്ര സമൂഹം ഈ മേഖലയിൽ അടിയന്തര ഇടപെടലും ശ്രദ്ധയും ചെലുത്തണമെന്നും പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.
മനുഷ്യത്വരഹിതവും പൈശാചികമായി ഹീനകൃത്യം മാനവരാശിയുടെ നേരെയുള്ള ആക്രമണമാണ്. ക്രൈസ്തവർ തങ്ങളുടെ രക്ഷകനായ യേശുക്രിസ്തുവിന്റെ തിരുഉത്ഥാനം ആഘോഷിക്കുന്ന വേളയും ഇടവും ആക്രമണത്തിന് തിരഞ്ഞുപിടിച്ചത് അക്രമത്തിന് പിന്നിൽ പ്രവർത്തിച്ചവരുടെ ക്രൈസ്തവ വിരുദ്ധത വെളിപ്പെടുത്തുന്നുണ്ട്. ജീവൻ നഷ്ടപ്പെട്ടവരുടെ ആത്മശാന്തിക്കായും ആശുപത്രികളിൽ കഴിയുന്നവരുടെ സൗഖ്യത്തിനായും പ്രാർത്ഥിക്കാനും ശ്രീലങ്കൻ സഭയോടും ജനതയോടും ഐക്യദാർഢ്യം പ്രഖ്യാപിക്കാനും എല്ലാ വിശ്വാസികളെയും കെസിബിസി ആഹ്വാനം ചെയ്യുന്നു.
ഈ പ്രതിസന്ധി അതിജീവിക്കുന്നതിനുള്ള ആത്മീയ ബലവും രാഷ്ട്രീയ ഇച്ഛാശക്തിയും ശ്രീലങ്കൻ ജനതയ്ക്ക് ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുകയും ചെയ്യുന്നുവെന്നും കെസിബിസി ജനറല്‍ സെക്രട്ടറി ഫാ. വര്‍ഗ്ഗീസ് വള്ളിക്കാട്ട് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
