News

ഒരേയൊരു ആഗ്രഹം, ഈശോയെ പ്രഘോഷിക്കണം: ദമ്പതികള്‍ ആരംഭിച്ച ശ്രീലങ്കയിലെ ഏക കത്തോലിക്ക ചാനലിന് പത്ത് വയസ്സ്

പ്രവാചകശബ്ദം 03-02-2025 - Monday

കൊളംബോ: ഭാരതത്തിന്റെ അയല്‍ രാജ്യമായ ശ്രീലങ്കയിലെ ഏക കത്തോലിക്കാ ടെലിവിഷൻ ചാനലായ വെർബം ടിവി ആരംഭിച്ചിട്ട് പത്തു വര്‍ഷം പൂര്‍ത്തിയായി. ഈശോയെ പ്രഘോഷിക്കണം എന്ന വലിയ ആഗ്രഹത്തോടെ മിലാൻ- മാലിക ഡി സിൽവ എന്ന ദമ്പതികള്‍ ആരംഭിച്ച ചാനലാണ് പതിനായിരങ്ങള്‍ക്കു ക്രിസ്തീയവിരുന്നൊരുക്കി കൊണ്ടിരിക്കുന്നത്. കത്തോലിക്ക വിശ്വാസത്തില്‍ അധിഷ്ഠിതമായി ആരംഭിച്ച ചാനലില്‍ വിശുദ്ധ കുർബാനകളും വിവിധ ആത്മീയ പരിപാടികളും സംപ്രേക്ഷണം ചെയ്യുന്നുണ്ട്. ടെവാട്ടയിലെ ബ്രോഡ്‌കാസ്റ്റർ ആസ്ഥാനത്തു നടന്ന കൃതജ്ഞതാബലിയോടെയാണ് ഒരു പതിറ്റാണ്ട് പിന്നിട്ട ചാനലിന്റെ വാര്‍ഷികാഘോഷത്തിന് തുടക്കമായത്.

സത്യദൈവമായ യേശുവിനെ പ്രഘോഷിക്കണമെന്ന ഒരേയൊരു ആഗ്രഹത്തോടെ മിലാൻ- മാലിക ഡി സിൽവ ദമ്പതികള്‍ 2015-ൽ സ്ഥാപിച്ച കാത്തലിക് ബ്രോഡ്‌കാസ്റ്റ് ചാനലായ വെർബം ടിവിയ്ക്കു ഇന്ന് രണ്ടുലക്ഷത്തിലധികം വ്യൂവർഷിപ്പാണ് ഉള്ളത്. കൊളംബോ ആർച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാൽക്കം രഞ്ജിത്ത്, ഒബ്ലേറ്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് പ്രോവിൻഷ്യൽ സുപ്പീരിയര്‍ ഫാ. റോഷൻ സിൽവ, തേവാട്ടയിലെ ഔവർ ലേഡി ഓഫ് ലങ്കാ ബസിലിക്കയുടെ അഡ്മിനിസ്ട്രേറ്റർ ഫാ.ശ്രീയാനന്ദ ഫെർണാണ്ടോ എന്നിവർ ചേർന്നായിരിന്നു സമൂഹ കൃതജ്ഞതാബലിയര്‍പ്പണം. സ്ഥാപകരായ മിലൻ - മാലിക ഡി സിൽവ ദമ്പതികള്‍, അഭ്യുദയകാംക്ഷികൾ, ജീവനക്കാര്‍ എന്നിവര്‍ കൃതജ്ഞതാബലിയില്‍ പങ്കെടുത്തു.

ദൈവസന്ദേശം ഉൾക്കൊള്ളാൻ ശ്രീലങ്കയ്ക്ക് ലഭിച്ച ഏറ്റവും വലിയ സമ്മാനമാണ് വെർബം ടിവിയെന്നും അതിനു ദൈവത്തിന് നന്ദി പറയുകയാണെന്നും ചാനല്‍ കൂടുതൽ ശക്തമാക്കാൻ ആഗ്രഹിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യാമെന്നും കര്‍ദ്ദിനാള്‍ മാൽക്കം രഞ്ജിത്ത് പറഞ്ഞു. ചടങ്ങിനിടെ, മിലൻ ഡി സിൽവ - മാലിക ഡി സിൽവ ദമ്പതികള്‍ നിർവഹിക്കുന്ന ദൗത്യത്തിന് ശ്രീലങ്കയിലെ കത്തോലിക്കാ ബിഷപ്പ്സ് കോൺഫറൻസിൻ്റെ (സിബിസിഎസ്എൽ) അഭിനന്ദനവും നന്ദിയും ആർച്ച് ബിഷപ്പ് അറിയിച്ചു.

ശ്രീലങ്കയിലെ 1.3 ദശലക്ഷം കത്തോലിക്കരിൽ രണ്ടു ലക്ഷത്തിലധികം പേര്‍ ചാനല്‍ കാണുന്നുണ്ടെന്നതു അനുഗ്രഹമായി കാണുന്നുവെന്നും വെർബം ടിവി ആരംഭിച്ചതിന് ശേഷം മറ്റ് ചാനലുകള്‍ ക്രിസ്തീയ ഉള്ളടക്കമുള്ള പ്രോഗ്രാമുകള്‍ ആരംഭിക്കുവാന്‍ തുടങ്ങിയത് ശുഭസൂചനയായാണ് വിലയിരുത്തുന്നതെന്നും മിലൻ ഡി സിൽവ അഭിപ്രായപ്പെട്ടു. ഒരു പതിറ്റാണ്ടിനിപ്പുറം ദിനംപ്രതി 'വെർബം ടിവി'യ്ക്കു പ്രേക്ഷകര്‍ ഏറിവരികയാണ്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »