News - 2025
മാരോണൈറ്റ് സഭയുടെ മുന്‍ അധ്യക്ഷന്‍ കര്‍ദ്ദിനാള്‍ നസറള്ള വിടവാങ്ങി
സ്വന്തം ലേഖകന്‍ 13-05-2019 - Monday
ബെയ്‌റൂട്ട്: ലെബനോനിലെ മാരോണൈറ്റ് കത്തോലിക്കാ സഭയുടെ മുന്‍ പാത്രിയാര്‍ക്കീസായിരുന്ന കര്‍ദ്ദിനാള്‍ നസറള്ള ബുട്രോസ് സഫെയ്ര്‍ ദിവംഗതനായി. 99 വയസ്സായിരിന്നു. ഇന്നലെയായിരുന്നു അന്ത്യം. നെഞ്ചിലെ അണുബാധയെത്തുടര്‍ന്ന് രണ്ടാഴ്ച മുന്‍പ് ബെയ്‌റൂട്ടിലെ ആശുപത്രിയില്‍ പ്രവേശിച്ച അദ്ദേഹം കഴിഞ്ഞ ദിവസം വിടവാങ്ങുകയായിരിന്നു. ബെയ്‌റൂട്ടിനു തെക്കുള്ള ബികെര്‍ക്ക് ഗ്രാമത്തിലെ പാത്രിയര്‍ക്കാ ആസ്ഥാനത്തു പൊതുദര്‍ശനത്തിന് എത്തിച്ച മൃതദേഹത്തിന് അന്ത്യാജ്ഞലി അര്‍പ്പിക്കുവാന്‍ ലെബനോനിലെ രാഷ്ട്രീയ നേതാക്കളും ക്രൈസ്തവ, മുസ്ലിം മതനേതാക്കളും എത്തിയിരിന്നു.
1986 ഏപ്രിലിലാണ് മാരോണൈറ്റ് സഭയുടെ 76ാം പാത്രിയാര്‍ക്കീസായി നസറള്ള ബുട്രോസ് ചുമതലയേറ്റത്. എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷം 1994ല്‍ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ കര്‍ദ്ദിനാള്‍ പദവിയിലേക്ക് ഉയര്‍ത്തി. 2011-ലാണ് പാത്രിയാര്‍ക്കീസ് പദവി ബെച്ചാര ബൗട്രോസ് അൽ റാഹിക്കു കൈമാറിയത്. ലെബനോനിലെ ആഭ്യന്തരയുദ്ധകാലത്ത് ക്രൈസ്തവ സഭയെ നയിച്ച അദ്ദേഹം യുദ്ധാനന്തരം ക്രൈസ്തവരും ഡ്രൂസുകളും തമ്മിലുള്ള അനുരഞ്ജനത്തിനു വലിയ രീതിയിലുള്ള ഇടപെടലാണ് നടത്തിയത്.
