News
യേശുവിന്റെ ജീവിതം, മരണം, ഉത്ഥാനം; അമേരിക്കന്‍ നഗരങ്ങളില്‍ ലൈവ് ആക്ഷൻ തീയേറ്റർ പെർഫോമൻസ് ഒരുങ്ങുന്നു
പ്രവാചകശബ്ദം 24-02-2025 - Monday
വാഷിംഗ്ടണ്‍ ഡിസി: യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവ ചിത്രീകരിക്കുന്ന തത്സമയ ആക്ഷൻ തീയേറ്റർ പെർഫോമൻസ് ഈസ്റ്ററിന് മുന്‍പ് 25 അമേരിക്കന്‍ നഗരങ്ങളില്‍ എത്തിക്കുവാന്‍ ഒരുക്കങ്ങള്‍ നടക്കുന്നു. കോറിയോഗ്രാഫി, സംഗീതം, അത്യാധുനിക ദൃശ്യങ്ങൾ എന്നിവ സമന്വയിപ്പിച്ച് പ്രേക്ഷകരെ യേശുവിന്റെ ജീവിതക്കഥയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്ന പരിപാടി അമേരിക്കയിലെ മുഖ്യധാരാ വേദികളിലാണ് അവതരിപ്പിക്കുന്നത്. കൊളറാഡോയിലെ കൊളറാഡോ സ്പ്രിംഗ്സിലെ ന്യൂ ലൈഫ് ചർച്ചിലെ യുവജനങ്ങള്‍ ഒരുക്കുന്ന പരിപാടി "ദി തോൺ" എന്ന പേരിലാണ് പ്രേക്ഷകര്‍ക്ക് വിരുന്ന് ഒരുക്കുക.
നർത്തകർ, അഭിനേതാക്കൾ, സംഗീതജ്ഞർ എന്നിവരുൾപ്പെടെ നാല്‍പ്പതിലധികം അഭിനേതാക്കളെ ഉൾക്കൊള്ളുന്ന ഒരു വലിയ ടീമാണ് പരിപാടിയില്‍ അണിനിരക്കുന്നത്. ജോൺ ബോലിനാണ് "ദ തോൺ"- ന്റെ സ്രഷ്ടാവ്. വര്‍ഷങ്ങള്‍ക്ക് ന്യൂ ലൈഫ് ചർച്ചിൽ യൂത്ത് പാസ്റ്ററായി സേവനം ചെയ്യാന്‍ ജോൺ ബോലിനോട് മേലധികാരികള്‍ നിര്‍ദ്ദേശിച്ചതാണ് വഴിത്തിരിവായി മാറിയത്. “ഞാൻ ഒരു പ്രസംഗകനായി പരിശീലിച്ചിട്ടില്ല. എന്റെ പശ്ചാത്തലം മാർക്കറ്റിംഗിലും വിനോദത്തിലുമായിരുന്നു. പ്രസംഗങ്ങൾ നടത്തുന്നതിനുപകരം, അന്ന് ഞാൻ വചനം ദൃശ്യാവിഷ്ക്കാര രൂപത്തില്‍ ചെയ്യുമായിരുന്നു. അതിൽ സംഗീതവും വീഡിയോയും കൊറിയോഗ്രാഫിയും യുവജനങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റുമെന്ന് എനിക്കറിയാവുന്ന കാര്യങ്ങളും ഉൾപ്പെട്ടിരിന്നു.”- ജോൺ പറയുന്നു.
ഒരു വൈകുന്നേരം യുവജന സംഘത്തിനിടയിൽ, 16 വയസ്സുള്ള ഒരു പെൺകുട്ടി കരഞ്ഞുക്കൊണ്ട് ബോളിൻ്റെ അടുത്തെത്തി. അവളുടെ കൈകളിൽ അവൾ സ്വയം മുറിപ്പെടുത്തിയ മുറിഞ്ഞ പാടുകൾ ഉണ്ടായിരിന്നു. താന്‍ ആ പെൺകുട്ടിയെ നോക്കി അവളോട് പറഞ്ഞു: "നീ അങ്ങനെ ചെയ്യേണ്ടതില്ല, കാരണം 2,000 വർഷങ്ങൾക്ക് മുമ്പ് യേശു നമ്മുക്കായി അത് ചെയ്തുവെന്ന് ഞാൻ വിശ്വസിക്കുന്നു." തുടർന്നാണ് അടുത്ത ആഴ്‌ചയിലെ യൂത്ത് ഗ്രൂപ്പ് മീറ്റിംഗിൽ ശ്രദ്ധേയമായ ദൃശ്യാവിഷ്ക്കാരം നടത്താൻ അദ്ദേഹം തീരുമാനിച്ചത്:
“യേശു നമുക്കായി നൽകിയ വില, അതിലൂടെ അവിടുത്തെ ത്യാഗങ്ങള്‍ തിരിച്ചറിയാനും നമ്മുടെ കഷ്ടപ്പാടുകളെ അവൻ തിരിച്ചറിയുന്നുവെന്ന് മനസിലാക്കാനും സഹായിക്കുന്ന ഒരു ദൃശ്യാവിഷ്ക്കാരമായിരിന്നു മനസില്‍". ഇത് യുവജനങ്ങളെ സ്വാധീനിക്കുമെന്ന് അദ്ദേഹം മനസിലാക്കി. അങ്ങനെ 1997-ൽ 200 ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്കു മുന്നിലെ ആ പ്രകടനം "ദി തോൺ" എന്ന പേരില്‍ ആദ്യമായി അരങ്ങിലെത്തി. ഇത് ഓരോ വിദ്യാര്‍ത്ഥികളെയും ഒത്തിരിയേറെ സ്വാധീനിച്ചു. അന്ന് ദൈവം അവിടെയുണ്ടായിരുന്നുവെന്ന് വിശ്വസിക്കുകയാണെന്നും 200 ഹൈസ്കൂൾ വിദ്യാർത്ഥികളെ ആഴത്തിൽ സ്പർശിക്കുകയും ദൈവസ്നേഹം അവരോടൊപ്പം ഉണ്ടെന്ന് അനുഭവിക്കുകയും ചെയ്തുവെന്ന് ജോൺ ബോലിന്‍ പറയുന്നു.
വൈകാതെ ഈസ്റ്ററിന് ഷോ അവതരിപ്പിക്കാമോ എന്ന് പള്ളിയിലെ പാസ്റ്റർ ബോളിനോട് ചോദിച്ചു. അങ്ങനെ "ദി തോൺ" വ്യാപിപ്പിക്കുകയായിരിന്നു. ഇതിന്റെ ഏറ്റവും ആധുനിക ദൃശ്യാവിഷ്ക്കാരവുമായാണ് ഷോ വരും മാസങ്ങളില്‍ വേദികളില്‍ എത്തിക്കുന്നത്. ഷോയിൽ പങ്കെടുക്കുന്നവർ മുമ്പൊരിക്കലും അനുഭവിക്കാത്ത വിധത്തിൽ യേശുവിനെ അനുഭവിക്കാനും അവര്‍ക്ക് ദൈവവുമായുള്ള ബന്ധം കൂടുതല്‍ ഊഷ്മളമാക്കുവാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് "ദി തോൺ" ടീം.
♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️
