News
ഫ്രാൻസിസ് പാപ്പയെ സമര്‍പ്പിച്ച് ഇന്ന് രാത്രി വത്തിക്കാനിൽ ജപമാല സമർപ്പണം
പ്രവാചകശബ്ദം 24-02-2025 - Monday
വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാൻസിസ് പാപ്പയെ പ്രത്യേകം സമര്‍പ്പിച്ച് ഇന്ന് രാത്രി വത്തിക്കാനിൽ ജപമാല ചൊല്ലി പ്രാര്‍ത്ഥിക്കും. ഇന്ന് തിങ്കളാഴ്ച റോമന്‍ സമയം രാത്രി 9 മണിക്ക് (ഇന്ത്യന്‍ സമയം പുലര്‍ച്ചെ 01:30) ജപമാലപ്രാർത്ഥനയ്ക്കായി റോമിലെ കർദ്ദിനാളുമാരും, റോമൻ കൂരിയയിൽ സേവനമനുഷ്ഠിക്കുന്നവരും വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ഒത്തുചേരും. വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പിയത്രോ പരോളിനായിരിക്കും ജപമാല നയിക്കുക.
കഴിഞ്ഞ പതിനൊന്നു ദിവസങ്ങളായി റോമിലെ ജെമെല്ലി ആശുപത്രിയിൽ സങ്കീർണ്ണമായ ആരോഗ്യാവസ്ഥയിൽ ചികിത്സയിൽ തുടരുന്ന, റോമിന്റെ മെത്രാൻ കൂടിയായ പാപ്പായുടെ ആരോഗ്യത്തിനുവേണ്ടി പരിശുദ്ധ അമ്മയുടെ മാധ്യസ്ഥ്യം തേടാനാണ് വത്തിക്കാനിലെ സഭാനേതൃത്വം തീരുമാനിച്ചിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസികൾക്ക് പ്രാർത്ഥനയിൽ പങ്കുചേരാൻ തത്സമയ സംപ്രേക്ഷണം കത്തോലിക്ക ചാനലായ ഇഡബ്ല്യുടിഎന്‍ യൂട്യൂബിലൂടെ ലഭ്യമാക്കും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള പതിനായിരക്കണക്കിന് വിശ്വാസികളും ആയിരക്കണക്കിന് രൂപതകളും ഈ ദിവസങ്ങളിൽ പാപ്പായുടെ ആരോഗ്യത്തിന് വേണ്ടി പ്രാർത്ഥനാകൂട്ടായ്മകള്‍ നടത്തുന്നുണ്ട്. നിരവധിയാളുകൾ പാപ്പ കഴിയുന്ന ആശുപത്രിയുടെ മുന്നിലെത്തിയും പ്രാർത്ഥിക്കുന്നുണ്ട്. അതേസമയം കഴിഞ്ഞ രാത്രി പാപ്പ ശാന്തമായി ചെലവിട്ടുവെന്ന് വത്തിക്കാന്‍ ഇന്ന്‍ രാവിലെ അറിയിച്ചിരിന്നു.
