Daily Saints

March 30: വിശുദ്ധ ജോണ്‍ ക്ലിമാക്കസ്

സ്വന്തം ലേഖകന്‍ 30-03-2017 - Thursday

ക്ലൈമാക്സ് അഥവാ പരിപൂര്‍ണ്ണതയിലേക്കുള്ള ഗോവണി എന്ന വിശിഷ്ട്ട ഗ്രന്ഥത്തിന്റെ കര്‍ത്താവെന്ന നിലയിലാണ് ക്ലിമാക്കസ് എന്ന നാമധേയം ജോണിനോട് ചേര്‍ന്നത്. ഇദ്ദേഹം 524-ല്‍ പലസ്തീനായില്‍ ജനിച്ചു. സമര്‍ത്ഥനായ ജോണ്‍ പതിനാറാമത്തെ വയസ്സില്‍ ലോകത്തെ ആര്‍ഭാടങ്ങള്‍ ഉപേക്ഷിച്ചു സന്യാസം വരിച്ചുവെന്ന് മാത്രമല്ല 22-മത്തെ വയസ്സില്‍ സീനാമലയില്‍ തപോജീവിതം നയിക്കുവാനും തുടങ്ങി. മര്‍ട്ടിനിയൂസ് എന്ന ഒരു സന്യാസിയുടെ ശിക്ഷണം സ്വീകരിച്ച് മലഞ്ചെരുവില്‍ ഒരു പര്‍ണ്ണശാലയില്‍ താമസമുറപ്പിച്ചു. ആത്മപരിത്യാഗവും മൌനവും എളിമയും അനുസ്യൂതമായ പ്രാര്‍ത്ഥനയും വഴി ദൃശ്യമായ ആ ഗിരിയില്‍ നിന്ന്‍ അദൃശ്യനായ ദൈവത്തിങ്കലേക്ക് ആത്മാവിനെ ഉയര്‍ത്തികൊണ്ടിരിന്നു. ജോണിന് 35 വയസ്സുള്ളപ്പോള്‍ ഗുരു മരിക്കുകയാല്‍ വേറൊരു ഗുരുവിന്‍റെ ശിക്ഷണം സ്വീകരിച്ച് അദ്ദേഹം തോള്‍മൈതാനത്തേക്ക് നീങ്ങി.

ശനിയാഴ്ചയും ഞായറാഴ്ചയും മലഞ്ചെരുവിലുള്ള പള്ളിയില്‍ പോയി ദിവ്യബലിയിലും മറ്റ് പ്രാര്‍ത്ഥനകളിലും ജോണ്‍ പങ്കെടുത്തിരിന്നു. തുച്ഛമായ ഭക്ഷണം കഴിച്ചിരിന്ന അദ്ദേഹം മാംസവും മത്സ്യവും വര്‍ജിച്ചിരിന്നു. വേദപുസ്തകവും സഭാപിതാക്കന്മാരുടെ ഗ്രന്ഥങ്ങളുമായിരിന്നു അദ്ദേഹത്തിന്റെ പഠനവിഷയം. പര്‍ണ്ണശാല ജനങ്ങള്‍ക്ക് പരിചിതമായെന്ന് കണ്ടപ്പോള്‍ അകലെ പാറക്കെട്ടിലുണ്ടായിരിന്ന ഒരു ഗുഹയില്‍ പ്രാര്‍ത്ഥനയിലും ധ്യാനത്തിലുമാണ് ജോണ്‍ സമയം ചിലവഴിച്ചിരിന്നത്.

പലരും ജോണിന്‍റെ ഉപദേശങ്ങള്‍ തേടി ആശ്വാസം പ്രാപിച്ചിരിന്നു. അസൂയാലുക്കളായ ചിലര്‍ അദ്ദേഹം നീണ്ട പ്രഭാഷണങ്ങളില്‍ സമയം നഷ്ട്ടപ്പെടുത്തുന്നുവെന്ന് ആരോപിച്ചു. അത് വെറും ഏഷണിയായിരിന്നുവെങ്കിലും പന്ത്രണ്ടു മാസത്തേക്ക് ജോണ്‍ മൌനം അവലംബിച്ചു. ഏഷണിക്കാര്‍ അദ്ദേഹത്തിന്റെ വിനയം കണ്ട് തന്‍റെ ഉപദേശങ്ങള്‍ ആരംഭിക്കണമെന്നാവശ്യപ്പെട്ടു. ജനങ്ങള്‍ അദ്ദേഹത്തെ അധുനാതന മൂശയായി പരിഗണിക്കാന്‍ തുടങ്ങി.

പര്‍ണ്ണശാലയില്‍ അങ്ങനെ 40 വര്‍ഷം താമസിച്ചു. 75-മത്തെ വയസ്സില്‍ അദ്ദേഹം സീനാമലയിലുള്ള സന്യാസികളുടെ ആബട്ടായി തിരഞ്ഞെടുക്കപ്പെട്ടു. അക്കാലത്ത് അനേകരുടെ ആവശ്യപ്രകാരം പരിപ്പൂര്‍ണ്ണതയെ പറ്റി ഒരു ഗ്രന്ഥമെഴുതി. അതാണ് അദ്ദേഹത്തിന്റെ രണ്ടാമത്തെ പേരിന് കാരണമായ ക്ലൈമാക്സ് എന്ന ഗ്രന്ഥം. സ്ഥാനമാനങ്ങള്‍ വ്യഗ്രചിന്തകളിലേക്ക് മനസ്സിനെ ആനയിക്കുന്നുവെന്ന് കണ്ട് മരണത്തിന് സ്വല്‍പ്പം മുന്‍പ് അദ്ദേഹം സ്ഥാനമൊഴിഞ്ഞു ധ്യാനനിരതനായി, 605 മാര്‍ച്ച് 30 നു അദ്ദേഹം ദിവംഗതനായി.

ഇതര വിശുദ്ധര്‍

1. മൊന്തെകസീനോയിലെ ക്ളിനിയൂസ്

2. തെസ്സലൊണിക്കയിലെ ഡോമിനൂസും വിക്ടറും

3. സ്കോട്ടുലാന്‍ഡിലെ ഫെര്‍ഗുസ്

4. ഫ്രാന്‍സിലെ മാമെര്‍ത്തിനൂസ്

5. ഓര്‍ലീന്‍സ്‌ ബിഷപ്പായ പാസ്തോര്‍

6. വെര്‍ഡന്‍ ബിഷപ്പായ പാറ്റോ

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »