India - 2024

കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന് ഇനി നൂറുനാള്‍

സ്വന്തം ലേഖകന്‍ 24-05-2019 - Friday

കുറവിലങ്ങാട്: 'ഉണരാം ഒരുമിക്കാം ഉറവിടത്തില്‍' എന്ന ആപ്തവാക്യത്തിലൂന്നി സംഘടിപ്പിക്കപ്പെടുന്ന കുറവിലങ്ങാട് നസ്രാണി മഹാസംഗമത്തിന്റെ കൗണ്ട് ഡൗണ്‍ ഇന്ന് ആരംഭിക്കും. ഇന്നേക്ക് നൂറാം നാള്‍ നസ്രാണി മഹാസംഗമത്തിന് വേദിയുണരും. സംഗമത്തിന്റെ കൗണ്ട് ഡൗണ്‍ വ്യക്തമാക്കുന്ന പ്രത്യേക കലാസൃഷ്ടി വലിയപള്ളി മുറ്റത്ത് ഇന്നുമുതല്‍ പ്രദര്‍ശിപ്പിക്കും. ഇടവകയുടെയും നാടിന്റെയും ചരിത്ര പ്രാധാന്യങ്ങള്‍ ഈ സൃഷ്ടിയിലൂടെ പ്രകടമാക്കും. സംഗമത്തിനൊരുക്കമായുള്ള പ്രത്യേക പ്രാര്‍ത്ഥനാകാര്‍ഡിന്റെ പ്രകാശനവും ഇന്ന് നടക്കും. കൗണ്ട് ഡൗണ്‍ പരിപാടിയുടെ ഉദ്ഘാടനം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. ജോസഫ് തടത്തിലിന്റെ കാര്‍മികത്വത്തിലുള്ള പ്രത്യേക പ്രാര്‍ത്ഥനകളോടെ നടക്കും.

സീനിയര്‍ അസി. വികാരി ഫാ. കുര്യാക്കോസ് വെള്ളച്ചാലില്‍, അസി.വികാരി ഫാ. ജോര്‍ജ് നെല്ലിക്കല്‍, സ്‌പെഷ്യല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത്, ദേവമാതാ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. മാത്യു കവളമ്മാക്കല്‍ എന്നിവര്‍ സഹകാര്‍മികരാകും. മാര്‍ത്തോമാ നസ്രാണി പാരന്പര്യം പേറുന്നവരും ജന്മവും കര്‍മവും വഴി കുറവിലങ്ങാടിനോട് ഇഴ ചേര്‍ന്നിരിക്കുന്നവരുമായവരുടെ പ്രതിനിധികളായി പതിനയ്യായിരത്തോളം പേര്‍ പങ്കെടുക്കുന്ന സംഗമത്തിനാണ് ഒരുക്കങ്ങള്‍ സജീവമായിട്ടുള്ളത്.

വിവിധ സഭാ തലവന്മാരുടെ സാന്നിധ്യം ഇതിനോടകം സംഗമത്തില്‍ ഉറപ്പാക്കിയിട്ടുണ്ട്. സംഗമത്തിന്റ വിജയത്തിനായി ഇടവകയിലെ 3104 വീടുകളിലും ഇന്നുമുതല്‍ പ്രാര്‍ത്ഥനാ മണിക്കൂര്‍ ആചരണം ആരംഭിക്കും. ഇടവകയില ഭവനങ്ങള്‍ക്കൊപ്പം ഇടവകാതിര്‍ത്തിയിലെ മുഴുവന്‍ സ്ഥാപനങ്ങളിലും സന്യസ്യഭവനങ്ങളിലും പ്രത്യേക പ്രാര്‍ത്ഥന നടത്തും. സംഗമവിജയത്തിനായി പ്രത്യേക ജപമാലയര്‍പ്പണവും എല്ലാ ഭവനങ്ങളിലും നടക്കും.


Related Articles »