Daily Saints.

March 28: വിശുദ്ധ ഗോണ്‍ട്രാന്‍

സ്വന്തം ലേഖകന്‍ 28-03-2023 - Tuesday

ക്ലോവിസ്‌ ഒന്നാമന്റേയും വിശുദ്ധ ക്ലോടില്‍ഡിസിന്റേയും പേരകുട്ടിയും രാജാവായിരുന്ന ക്ലോടെയറിന്റെ മകനുമായിരിന്നു വിശുദ്ധ ഗോണ്‍ട്രാന്‍. വിശുദ്ധന്റെ സഹോദരന്‍മാരായിരുന്ന ചാരിബെര്‍ട്ട് പാരീസിലും, സിഗെബെര്‍ട്ട് ഓസ്ട്രേഷ്യായിലും ആധിപത്യമുറപ്പിച്ചിരുന്നതിനാല്‍, 561-ല്‍ വിശുദ്ധ ഗോണ്‍ട്രാന്‍ ഓര്‍ലീന്‍സിലേയും, ബുര്‍ഗുണ്ടിയിലേയും ഭരണാധികാരിയായി അധികാരമേറ്റു. സാവോണിലെ ചാല്ലോണ്‍സായിരുന്നു വിശുദ്ധന്റെ അധികാര പരിധിയുടെ തലസ്ഥാനം. അത്യാഗ്രഹികളായിരുന്ന തന്റെ സഹോദരന്‍മാര്‍ക്കെതിരേയും, ലൊംബാര്‍ഡുകള്‍ക്കെതിരേയും ആയുധമെടുക്കേണ്ടിവന്നപ്പോള്‍, മോമ്മോള്‍ എന്ന സൈനീക നായകന്‍റെ നേതൃത്വത്തില്‍ നേടിയ വിജയങ്ങള്‍ തന്റെ അധീനതയിലുള്ള പ്രദേശങ്ങളില്‍ സമാധാനം ഉറപ്പ്‌ വരുത്തുവാന്‍ വേണ്ടി മാത്രമാണ് വിശുദ്ധന്‍ ഉപയോഗിച്ചത്.

രാജാവായിരിക്കെ താന്‍ ചെയ്ത തെറ്റുകള്‍ക്കെല്ലാം വിശുദ്ധന്‍ തന്റെ കണ്ണുനീരു കൊണ്ടും, അനുതാപ പ്രവര്‍ത്തികള്‍ കൊണ്ടും പരിഹാരങ്ങള്‍ ചെയ്തു. തന്റെ മാത്രം സന്തോഷത്തിനു വേണ്ടിയല്ല മറ്റുള്ളവരുടെ സന്തോഷത്തിനും കരുതല്‍ നല്‍കികൊണ്ടാണ് വിശുദ്ധന്‍ തന്റെ ഭരണം നിര്‍വഹിച്ചത്. അഹംഭാവം, അസൂയ, അത്യാഗ്രഹം, തുടങ്ങിയ തിന്മയുടെ സ്വാധീനം വിശുദ്ധനെ തെല്ലും ബാധിച്ചില്ല. ദൈവഭക്തി മാത്രമായിരുന്നു വിശുദ്ധന്റെ ഭരണത്തിന്റെ അടിസ്ഥാനം. സുവിശേഷങ്ങളില്‍ പ്രമാണങ്ങള്‍ക്ക് മാനുഷിക നയങ്ങളെ മാതൃകയാക്കുവാന്‍ സാധിക്കുകയില്ല എന്ന് വിചാരിച്ചിരുന്നവര്‍ക്കൂള്ള മറുപടിയായിരുന്നു യുദ്ധരംഗത്തും, സമാധാന രംഗത്തും അദ്ദേഹത്തിന്റെ ഭരണത്തിന്‍ കീഴില്‍ നേടിയ പുരോഗതി.

സഭാപുരോഹിതന്‍മാരോടും, പാസ്റ്റര്‍മാരോടും വളരെ ബഹുമാനപൂര്‍വ്വമായിരുന്നു വിശുദ്ധന്‍ പെരുമാറിയിരുന്നത്. അവരെ തന്റെ പിതാവിനേപോലെ കണ്ടു ആദരിക്കുകയും, തന്റെ ഗുരുക്കന്‍മാരേപോലെ കണ്ടു ബഹുമാനിക്കുകയും അവരുടെ നിര്‍ദ്ദേശങ്ങളെ പാലിക്കുകയും ചെയ്തിരുന്നു. അടിച്ചമര്‍ത്തപ്പെട്ടവരുടെ സംരക്ഷകനായിരുന്നു വിശുദ്ധന്‍, മാത്രമല്ല തന്റെ രാജ്യത്തെ ജനങ്ങളെ വിശുദ്ധന്‍ തന്റെ മക്കളെപോലെയാണ് കണ്ടിരുന്നത്.

പ്രത്യേകിച്ച് പകര്‍ച്ചവ്യാധിയുടേയും, ക്ഷാമത്തിന്റേയും വേളകളില്‍ അവര്‍ക്ക് വലിയൊരു പ്രത്യാശ നല്കാന്‍ വിശുദ്ധന് സാധിച്ചു. രോഗികളോട് വിശുദ്ധന്‍ ആഴമായ കരുണ വെച്ചു പുലര്‍ത്തിയിരുന്നു. ഉപവാസം, പ്രാര്‍ത്ഥന തുടങ്ങിയ ഭക്തിമാര്‍ഗ്ഗങ്ങള്‍ വിശുദ്ധന്‍ പതിവാക്കിയിരുന്നു. രാത്രിയും, പകലും വിശുദ്ധന്‍ തന്നെതന്നെ ദൈവത്തിനായി സമര്‍പ്പിച്ചു. തന്റെ നീതിയുടെ അള്‍ത്താരയില്‍ എപ്പോള്‍ വേണമെങ്കിലും സ്വയം സമര്‍പ്പിക്കുവാന്‍ സന്നദ്ധനായിരുന്നു വിശുദ്ധന്‍.

ഉദ്യോഗസ്ഥരുടേയും, മറ്റുള്ളവരുടേയും തെറ്റുകള്‍ക്ക് അദ്ദേഹം കഠിനമായ ശിക്ഷകള്‍ തന്നെ നല്‍കിയിരുന്നു, മാത്രമല്ല യുക്തപൂര്‍ണ്ണമായ നിയമങ്ങള്‍ വഴി തന്റെ സൈനികരുടെ തന്നിഷ്ടങ്ങള്‍ അദ്ദേഹം തടഞ്ഞിരുന്നു. രാജകീയ പ്രൌഡിയോട് കൂടിയ നിരവധി ദേവാലയങ്ങളും, ആശ്രമങ്ങളും വിശുദ്ധന്‍ പണി കഴിപ്പിച്ചു. 31 വര്‍ഷവും കുറച്ചു മാസങ്ങളും വിശുദ്ധന്‍ തന്റെ രാജ്യം നീതിപൂര്‍വ്വം ഭരിച്ചു. വിശുദ്ധ ഗോണ്‍ട്രാന്‍ തന്റെ മരണത്തിനു മുന്‍പും, പിന്‍പുമായി നിരവധി അത്ഭുത പ്രവര്‍ത്തങ്ങള്‍ ചെയ്തിട്ടുള്ളതായി ടൂര്‍സിലെ വിശുദ്ധ ഗ്രിഗറി പറയുന്നു. ഇതില്‍ ചിലതിനു അദ്ദേഹം ദൃക്സാക്ഷിയുമായിരുന്നു.

തന്റെ 68-മത്തെ വയസ്സില്‍ 593 മാര്‍ച്ച് 28-നാണ് വിശുദ്ധന്‍ മരണമടയുന്നത്. അദ്ദേഹം തന്നെ സ്ഥാപിച്ചിരുന്ന മാര്‍സെല്ലൂസ് ദേവാലയത്തിലാണ് വിശുദ്ധനെ അടക്കം ചെയ്തിരിക്കുന്നത്. പിന്നീട് ഹുഗ്യൂനോട്സ് എന്ന മാതാവിരോധിയായ ഭരണാധികാരി അദ്ദേഹത്തിന്റെ ഭൗതീകാവശിഷ്ടങ്ങള്‍ നശിപ്പിച്ചു കളഞ്ഞുവെങ്കിലും വിശുദ്ധന്റെ തലയോട്ടി മാത്രം രക്ഷിക്കാനായി. അത് വെള്ളികൊണ്ടുള്ള ഒരു പെട്ടിയില്‍ ഇപ്പോഴും അവിടെ സൂക്ഷിച്ചിരിക്കുന്നു. റോമന്‍ രക്തസാക്ഷിപ്പട്ടികയില്‍ വിശുദ്ധന്റെ നാമവും ചേര്‍ക്കപ്പെട്ടിരിക്കുന്നു.

ഇതര വിശുദ്ധര്‍

1. പ്രിസ്കൂസ്, മാല്‍ക്കസ്, അലക്സാണ്ടര്‍

2. ടാര്‍സൂസിലെ കാസ്റ്ററും

3. സിസിലിയിലെ കോനോണ്‍

4. ആല്‍സെസിലെ ഗ്വെന്‍റോലിന്‍

'പ്രവാചക ശബ്ദം' വെബ്സൈറ്റില്‍ 365 ദിവസത്തെയും വിശുദ്ധരെ പറ്റിയുള്ള ലേഖനങ്ങള്‍ കലണ്ടര്‍ രൂപത്തില്‍ ലഭ്യമാണ്. ഓരോ ദിവസത്തെയും വിശുദ്ധരെ പരിചയപ്പെടുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »