India - 2024
എടത്വ തീർത്ഥാടന കേന്ദ്രത്തില്‍ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി
പ്രവാചകശബ്ദം 27-04-2022 - Wednesday
എടത്വ : പ്രസിദ്ധ തീർത്ഥാടന കേന്ദ്രമായ എടത്വ സെന്റ് ജോർജ് ഫൊറോനാ പള്ളിയിൽ വിശുദ്ധ ഗീവർഗീസ് സഹദായുടെ തിരുനാളിന് കൊടിയേറി. ഇന്നു രാവിലെ ആറിന് മധ്യസ്ഥ പ്രാർത്ഥനയ്ക്കും വിശുദ്ധ കുർബാനയ്ക്കും ശേഷം നടന്ന കൊടിയേറ്റിന് വികാരി ഫാ. മാത്യു ചൂരവടി മുഖ്യകാർമികത്വം വഹിച്ചു. അസിസ്റ്റന്റ് വികാരിമാരായ ഫാ. വർഗീസ് പുത്തൻപുര, ഫാ. മിജോ കൈതപറമ്പിൽ, ഫാ തോമസ് പുതിയാപറമ്പിൽ, ഫാ. തോമസ് ആര്യകാല, ഫാ. തോമസ് കാരക്കാട്, ഫാ. തോമസ് മുട്ടേൽ, ഫാ. ജോസി പൂവത്താലിൽ എന്നിവർ സഹകാർമികത്വം വഹിച്ചു. പ്രധാന തിരുനാൾ മേയ് ഏഴിനാണ്. അന്ന് ഉച്ചകഴിഞ്ഞു നാലിന് വിശുദ്ധന്റെ തിരുസ്വ രൂപവും വഹിച്ചുള്ള ചരിത്ര പ്രസിദ്ധമായ പ്രദക്ഷിണം പള്ളിക്കു ചുറ്റും നടക്കും.
എട്ടാമിടത്തിന് കുരിശടിയിലേക്കും പ്രദക്ഷിണമുണ്ടാകും. മേയ് മൂന്നിന് രാവിലെ 7.30 ന് വിശുദ്ധ കുർബാനയ്ക്കു ശേഷം വിശുദ്ധന്റെ തിരുസ്വരൂപം പരസ്യവണക്കത്തിനായി ദേവാലയ കവാടത്തിൽ പ്രതിഷ്ഠിക്കും. തിരുനാളിൽ പങ്കെടുക്കാനായി തീർത്ഥാടകർ ഇന്നലെ മുതലേ എത്തിത്തുടങ്ങിയിട്ടുണ്ട്. തമിഴ്നാട്ടിൽ നിന്നുള്ള തീർത്ഥാടകരാണ് ഏറെയും എത്തുന്നത്. പള്ളിയിലെ തിരുക്കർമങ്ങളിൽ പങ്കെടുക്കാൻ കന്യാകുമാരി, രാജാക്കമംഗലം, മാർത്താണ്ഡം തുറക്കാർ ഇന്നലെത്തന്നെ പള്ളി പരിസരങ്ങളിൽ തമ്പടിച്ചു തുടങ്ങി. ആറിന് നടക്കുന്ന ചെറിയ പ്രദക്ഷിണത്തിന് രൂപവും കൊടിയും കുരിശും വഹിക്കുന്നത് മാർത്താണഡം തുറക്കാരാണ്. മേയ് 14 ന് എട്ടാമിടത്തോടെ തിരുനാള്‍ സമാപിക്കും.