News - 2024

17 ദിവസത്തെ ഉപവാസ പ്രാര്‍ത്ഥനയുമായി എറിത്രിയന്‍ സമൂഹം

സ്വന്തം ലേഖകന്‍ 29-06-2019 - Saturday

അസ്മാര: 'ആഫ്രിക്കയിലെ ഉത്തരകൊറിയ' എന്നറിയപ്പെടുന്ന എറിത്രിയയിലെ ഏകാധിപത്യ ഭരണകൂടം ഇരുപതിലധികം ക്രിസ്ത്യന്‍ ആശുപത്രികള്‍ അന്യായമായി പിടിച്ചെടുത്ത നടപടിയില്‍ ഉപവാസ പ്രാര്‍ത്ഥനയുമായി എറിത്രിയന്‍ സമൂഹം. ഭരണകൂടത്തിനായി 17 ദിവസം നീളുന്ന ഉപവാസ-പ്രാര്‍ത്ഥനക്കാണ് എറിത്രിയന്‍ കത്തോലിക്കാ സഭാതലവന്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തിരിക്കുന്നത്. ജൂണ്‍ 22-നാണ് അസ്മാരയിലെ മെത്രാപ്പോലീത്തയായ അബൂനെ മെന്‍ഗെസ്റ്റീബ് ടെസ്ഫാമറിയം ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തുവിട്ടത്.

രാജ്യത്തെ ദേവാലയങ്ങളിലും ആശ്രമങ്ങളിലും ഇക്കഴിഞ്ഞ 25ന് തന്നെ ഉപവാസ പ്രാര്‍ത്ഥന ആരംഭിച്ചു. ജൂലൈ 12നാണ് ഉപവാസ പ്രാര്‍ത്ഥന അവസാനിക്കുക. കത്തോലിക്കാ ആശുപത്രികള്‍ പിടിച്ചെടുത്ത് ദേശീയവല്‍ക്കരിക്കുവാനുള്ള സര്‍ക്കാര്‍ നടപടിയെ ശക്തമായി അപലപിച്ച മെത്രാപ്പോലീത്ത, കര്‍ത്താവിനു മാത്രമേ നമ്മേ ആശ്വസിപ്പിക്കുവാനും, നമ്മുടെ പ്രശ്നങ്ങള്‍ പരിഹരിക്കുവാനും കഴിയുകയുള്ളൂവെന്നും ഓര്‍മ്മിപ്പിച്ചു. 1993 മുതല്‍ എറിത്രിയ ഭരിക്കുന്ന പ്രസിഡന്റ് ഇസയാസ് അഫ്വെര്‍ക്കിയുടെ ഭരണകൂടത്തെ കത്തോലിക്ക സഭ വിമര്‍ശിച്ചതിനോടുള്ള പ്രതികാര നടപടിയാണ് അടച്ചുപൂട്ടലെന്നു മെത്രാപ്പോലീത്ത കുറിച്ചു.

എറിത്രിയക്കാര്‍ക്കു സാമൂഹ്യ നീതി ഉറപ്പുവരുത്തിക്കൊണ്ടുള്ള ദേശീയ അനുരഞ്ജനം ആവശ്യപ്പെട്ടുകൊണ്ടുള്ള അജപാലക കത്തും ഏപ്രില്‍ മാസത്തില്‍ സഭ പുറത്തുവിട്ടിരുന്നു. ഈ മാസം ആദ്യത്തിലാണ് എറിത്രിയന്‍ കേന്ദ്ര സര്‍ക്കാര്‍ 22 കത്തോലിക്കാ ആശുപത്രികള്‍ പിടിച്ചെടുത്ത് സര്‍ക്കാരിന്റെ കീഴിലാക്കുവാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഉദ്യോഗസ്ഥര്‍ ഉത്തരവ് അനുസരിക്കുവാന്‍ വിസമ്മതിച്ചിരിന്നു. പിന്നീട് സൈന്യത്തെ ഉപയോഗിച്ച് ആശുപത്രിയിലെ രോഗികളെ ഒഴിവാക്കി ആശുപത്രികള്‍ അടച്ചു പൂട്ടുകയാണ് ഉണ്ടായത്. ഇതിനുമുന്‍പ് പ്രാര്‍ത്ഥിച്ചുവെന്ന കുറ്റത്തിനു നിരവധി ക്രിസ്ത്യന്‍ സ്ത്രീകളെ ജയിലിലിട്ട ചരിത്രം എറിത്രിയക്കുണ്ട്.


Related Articles »