News - 2025
ലോകത്ത് ഏറ്റവുമധികം പീഡനത്തിനിരയാകുന്നത് ക്രിസ്ത്യാനികൾ: ജെറമി ഹണ്ട്
സ്വന്തം ലേഖകൻ 08-07-2019 - Monday
ലണ്ടന്‍, യു.കെ: ആധുനിക കാലഘട്ടത്തില്‍ ഭൂമിയില്‍ ഏറ്റവുമധികം മതപീഡനത്തിരയായി കൊണ്ടിരിക്കുന്ന വിഭാഗം ക്രിസ്ത്യാനികള്‍ ആണെന്നും ടോറി പാര്‍ട്ടിയുടെ നേതൃത്വത്തിലേക്കുള്ള തിരഞ്ഞെടുപ്പില്‍ താന്‍ ജയിച്ചാല്‍ പ്രധാനമന്ത്രിയെന്ന നിലയില്‍ ട്രൂറോയിലെ മെത്രാന്റെ നേതൃത്വത്തിലുള്ള കമ്മീഷന്‍ മുന്നോട്ട് വെച്ച നിര്‍ദ്ദേശങ്ങള്‍ നടപ്പിലാക്കുക വഴി ആഗോളതലത്തില്‍ മതപീഡനങ്ങള്‍ക്കിരായികൊണ്ടിരിക്കുന്ന ക്രിസ്ത്യാനികളെ സംരക്ഷിക്കുവാനുള്ള നടപടികള്‍ കൈകൊള്ളുമെന്നും ബ്രിട്ടീഷ് ഫോറിന്‍ സെക്രട്ടറിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതൃത്വത്തിലേക്കുള്ള മത്സരാര്‍ത്ഥിയുമായ ജെറമി ഹണ്ട്.
ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന മതപീഡനങ്ങള്‍ക്കെതിരെ കടുത്ത നിലപാട് തന്നെ യു.കെ കൈകൊള്ളണമെന്നും ഹണ്ട് ആവശ്യപ്പെട്ടു. ക്രിസ്ത്യാനികള്‍ക്ക് വേണ്ടി നിലകൊള്ളുന്നതില്‍ നിന്നും നമ്മെ പിന്തിരിപ്പിച്ച വഴിതെറ്റിയ രാഷ്ട്രീയ തിരുത്തലുകള്‍ അവസാനിക്കണം. സ്വന്തം നാട്ടില്‍ നമ്മള്‍ മതസഹിഷ്ണുതയുടെ ഫലങ്ങള്‍ അനുഭവിക്കുമ്പോള്‍, മതസഹിഷ്ണുതയുടെ മൂല്യങ്ങള്‍ വിദേശങ്ങളില്‍ പ്രചരിപ്പിക്കുവാനും നമ്മള്‍ ബാധ്യസ്ഥരാണ്. വിവേചനം നേരിടുന്ന അവരോടൊപ്പം നില്‍ക്കുവാന്‍ താന്‍ തീരുമാനിച്ചു കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആഗോളതലത്തില്‍ ക്രിസ്ത്യാനികള്‍ക്കെതിരെയുള്ള മതപീഡനങ്ങളെക്കുറിച്ചു അന്വേഷിക്കുവാന്‍ ട്രൂറോയിലെ ബിഷപ്പ് ഫിലിപ്പ് മോണ്‍സ്റ്റീഫന്റെ നേതൃത്വത്തില്‍ ഹണ്ട് നിയോഗിച്ച കമ്മീഷന്‍ സമര്‍പ്പിച്ച സ്വതന്ത്ര അവലോകന റിപ്പോര്‍ട്ട് കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രസിദ്ധീകരിച്ചത്.
മധ്യപൂര്‍വ്വേഷ്യയിലേയും, വടക്കന്‍ ആഫ്രിക്കയിലേയും രാഷ്ട്രങ്ങളോട് ക്രിസ്ത്യാനികള്‍ ഉള്‍പ്പെടെയുള്ള മതന്യൂനപക്ഷങ്ങളെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം പാസ്സാക്കുവാന്‍ ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ സമിതിയില്‍ ബ്രിട്ടന്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നും, മതന്യൂനപക്ഷങ്ങളെ അടിച്ചമര്‍ത്തുന്ന രാഷ്ട്രങ്ങള്‍ക്കെതിരെ ഉപരോധമേര്‍പ്പെടുത്തണമെന്നും ട്രൂറോയിലെ മെത്രാന്റെ റിപ്പോര്‍ട്ട് നിര്‍ദ്ദേശിക്കുന്നു.
എന്നാല്‍ ക്രൈസ്തവർക്കെതിരായ മതപീഡനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ ചില വിജയകരമായ നടപടികള്‍ കൊണ്ടിട്ടുണ്ടെന്നും, റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന നിര്‍ദ്ദേശങ്ങളെ കാര്യമായി പരിഗണിക്കുമെന്നുമാണ് മിനിസ്റ്റര്‍ ഓഫ് സ്റ്റേറ്റ് ഫോര്‍ കോമ്മണ്‍വെല്‍ത്ത് ആന്‍ഡ് യു.എന്‍ ഉം, വിംബിള്‍ഡണിലെ ലോര്‍ഡുമായ താരിഖ് അഹമ്മദ് പറയുന്നത്. ക്രിസ്ത്യാനികള്‍ക്കനുകൂലമായ പ്രസ്താവനകള്‍ ഇതിനുമുന്‍പും ജെറമി ഹണ്ട് നടത്തിയിട്ടുണ്ട്.
