News - 2025
കൊളംബിയന്‍ നഗരത്തില്‍ ഭൂതോച്ചാടനം നടത്തുവാന്‍ സഭാനേതൃത്വം
സ്വന്തം ലേഖകന്‍ 11-07-2019 - Thursday
ബ്യുണവെഞ്ചുറ: കൊലപാതകങ്ങളും മയക്കുമരുന്ന് കടത്തും തുടര്‍ച്ചയായ മാനഭംഗങ്ങളും വഴി കുപ്രസിദ്ധിയാര്‍ജിച്ച ലാറ്റിന്‍ അമേരിക്കന്‍ രാജ്യമായ കൊളംബിയയിലെ ബ്യുണവെഞ്ചുറ നഗരത്തില്‍ ഭൂതോച്ചാടനം നടത്തുവാന്‍ സഭാനേതൃത്വം ഒരുങ്ങുന്നു. ഹെലികോപ്റ്ററിലൂടെ നഗരം ചുറ്റി ഭൂതോച്ചാടനം നടത്തുമെന്ന് ബ്യുണവെഞ്ചുറ രൂപതയുടെ മെത്രാന്‍ മോണ്‍. റുബന്‍ ഡാരിയോ ജാരമില്ലോ മൊണ്ടോയയാണ് വ്യക്തമാക്കിയിരിക്കുന്നത്. പ്രാദേശിക റേഡിയോ സ്റ്റേഷന് നല്‍കിയ അഭിമുഖത്തിലാണ് ബ്യുണവെഞ്ചുറ നഗരത്തെ രക്ഷിക്കുവാനുള്ള തന്റെ പദ്ധതി അദ്ദേഹം വെളിപ്പെടുത്തിയത്.
അമേരിക്കയിലേക്കുള്ള മയക്കുമരുന്ന് കടത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ ബ്യുണവെഞ്ചുറ നഗരത്തില്‍ സമീപകാലത്ത് കുറ്റകൃത്യങ്ങളുടെയും, കൊലപാതകങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിച്ച സാഹചര്യത്തിലാണ് ഹെലികോപ്റ്ററിലൂടെ നഗരത്തിനു മുകളില്‍ വിശുദ്ധ ജലം തളിക്കുവാനും പ്രാര്‍ത്ഥന നടത്തുവാനും ബിഷപ്പ് തീരുമാനിച്ചത്. സൈനീക ഹെലികോപ്റ്ററില്‍ നിന്നുമാണ് വിശുദ്ധ ജലം തളിക്കുക. ഇക്കാര്യത്തില്‍ നാഷ്ണല്‍ ആര്‍മി മെത്രാന് സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. നഗരത്തിന്റെ മധ്യസ്ഥ വിശുദ്ധന്റെ തിരുനാളിനോടു അനുബന്ധിച്ച് ജൂലൈ 13,14 തീയതികളില്‍ ഒരു ദിവസമായിരിക്കും നഗരത്തിന്റെ വിശുദ്ധീകരണ കര്‍മ്മം നടക്കുക.
“ബ്യുണവെഞ്ചുറയില്‍ നിന്നും പിശാചിനെ പുറത്താക്കി സമാധാനവും സ്വസ്ഥതയും നമുക്ക് തിരികെ കൊണ്ടുവരണം. ആകാശമാര്‍ഗ്ഗം നഗരം മുഴുവനും കറങ്ങി നഗരത്തിനു മുകളില്‍ വിശുദ്ധ ജലം തളിച്ച് നമ്മുടെ തീരങ്ങളെ നശിപ്പിക്കുന്ന പിശാചിനെ പുറത്താക്കണം. എന്നാല്‍ മാത്രമേ നമ്മുടെ തെരുവുകളിലെ തിന്മ ഇല്ലാതാകുകയുള്ളൂ”- ബിഷപ്പ് പറഞ്ഞു. അതേസമയം മെത്രാന്റെ തീരുമാനത്തെ അഭിനന്ദിച്ചുകൊണ്ട് അമേരിക്കയിലെ ഏറ്റവും മുതിര്‍ന്ന ഭൂതോച്ചാടകരില്‍ ഒരാളായ മോണ്‍. ജോണ്‍ എസ്സെഫും രംഗത്തെത്തിയിട്ടുണ്ട്.
കൊളംബിയയുടെ പസഫിക് തീരത്തെ ഏറ്റവും പ്രധാന തുറമുഖമാണ് ബ്യുണവെഞ്ചുറ. രാജ്യത്തിന്റെ 60% ത്തോളം കയറ്റുമതി-ഇറക്കുമതി ഈ തുറമുഖത്തിലൂടെയാണ് നടക്കുന്നത്. അതിനാല്‍ തന്നെ കള്ളക്കടത്തിന്റേയും, മയക്കുമരുന്നിന്റേയും കേന്ദ്രമായി നഗരം മാറിയിരിക്കുകയാണ്. 2019-ലെ ആദ്യ 5 മാസങ്ങള്‍ക്കുള്ളില്‍ 51 കൊലപാതകങ്ങളാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. കൊലപാതകം കൂടാതെ നിരവധി ബലാല്‍സംഘ കേസുകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
