News - 2024

ആണവായുധങ്ങള്‍ വെഞ്ചരിക്കുന്ന പതിവ് അവസാനിപ്പിക്കാന്‍ റഷ്യന്‍ ഓര്‍ത്തഡോക്സ് സഭ

സ്വന്തം ലേഖകന്‍ 11-07-2019 - Thursday

മോസ്കോ: ആണവ മിസൈലുകള്‍ ഉള്‍പ്പെടെയുള്ള മാരകായുധങ്ങള്‍ വെഞ്ചരിക്കുന്ന സമ്പ്രദായം നിറുത്തുന്ന കാര്യം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭയുടെ പരിഗണനയില്‍. കഴിഞ്ഞ മാസം സഭാനിയമങ്ങളെക്കുറിച്ചുള്ള കമ്മിറ്റി മോസ്കോയില്‍ യോഗം ചേര്‍ന്ന് മിസൈലുകളും, യുദ്ധവിമാനങ്ങളും വെഞ്ചരിക്കുന്ന പതിവ് അവസാനിപ്പിക്കുവാന്‍ ശുപാര്‍ശ ചെയ്തതിനെ തുടര്‍ന്നാണ്‌ ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമായിരിക്കുന്നത്. മാരകമായ യുദ്ധോപകരണങ്ങളും വന്‍ ആയുധങ്ങളും വെഞ്ചരിക്കുന്നതിന് പകരം സൈനികരെയും അവരുടെ ആയുധങ്ങളേയും വ്യക്തിപരമായി ആശീര്‍വ്വദിക്കുന്നതിലാണ് പുരോഹിതര്‍ ശ്രദ്ധ പതിപ്പിക്കേണ്ടതെന്നു കമ്മിറ്റി നിര്‍ദ്ദേശിച്ചിരിന്നു.

നിര്‍ദ്ദേശം റഷ്യന്‍ ഓര്‍ത്തഡോക്സ് സഭാ തലവനും, മോസ്കോയിലെ പാത്രിയാര്‍ക്കീസുമായ കിറിലിന്റെ പരിഗണനയിലാണിപ്പോള്‍.സ്വന്തം രാജ്യത്തെ സംരക്ഷിക്കുന്ന പട്ടാളക്കാരനേയും അവനുമായി ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് അവന്റെ സ്വന്തം ആയുധത്തേയും വെഞ്ചരിക്കുന്നതിനെക്കുറിച്ച് നമുക്ക് സംസാരിക്കാമെന്നും അല്ലാതെ വന്‍ നാശമുണ്ടാക്കുന്ന ആയുധങ്ങള്‍ വെഞ്ചരിക്കുന്നതിനെക്കുറിച്ചല്ല ചര്‍ച്ചകള്‍ നടത്തേണ്ടതെന്നും മോസ്കോ പാത്രിയാര്‍ക്കേറ്റിലെ ബിഷപ്പ് സാവ്വാ ടുടുനോവ് പറഞ്ഞു. രാജ്യത്തിന്റെ ആത്മീയ സംരക്ഷണം എന്ന നിലയില്‍ സൈനീക പരേഡുകളിലും, ബന്ധപ്പെട്ട മറ്റ് പരിപാടികളിലും ടോപോള്‍-ക്ലാസ് ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ വെഞ്ചരിക്കുന്ന പതിവ് റഷ്യന്‍ ഓര്‍ത്തഡോക്സ് സഭക്കുണ്ട്.

2007-ല്‍ മോസ്കോയിലെ ക്രൈസ്റ്റ് സേവ്യര്‍ കത്തീഡ്രലില്‍വെച്ച് റഷ്യയുടെ ആണവ ആയുധങ്ങള്‍ വെഞ്ചരിച്ചിരുന്നു. വിശുദ്ധ സെറാഫിമിനെയാണ് റഷ്യയുടെ ആണവ ആയുധങ്ങളുടെ മാധ്യസ്ഥ വിശുദ്ധനായി കണക്കാക്കുന്നത്. എന്നാല്‍ ഇതില്‍ നിന്നും വിഭിന്നമായി ആണവായുധങ്ങളെ ശക്തമായി എതിര്‍ക്കുക മാത്രമല്ല, തങ്ങളുടെ ആണവായുധങ്ങള്‍ ഇല്ലാതാക്കുന്ന രാഷ്ട്രങ്ങളെ പിന്തുണക്കുകയും ചെയ്യുന്ന സമീപനമാണ് കത്തോലിക്കാ സഭയുടേത്. നവംബര്‍ മാസത്തിലെ തന്റെ ജപ്പാന്‍ സന്ദര്‍ശനത്തിനിടക്ക് രണ്ടാം ലോകമഹായുദ്ധക്കാലത്ത് ആറ്റംബോംബിനിരയായ ഹിരോഷിമയും, നാഗസാക്കിയും ഫ്രാന്‍സിസ് പാപ്പ സന്ദര്‍ശിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.


Related Articles »