News
ലോകത്തിലെ ഏറ്റവും പ്രായമുള്ള വ്യക്തിയെന്ന റെക്കോര്‍ഡ് ഇനി സിസ്റ്റർ ഇനാ കാനബാരോയുടെ പേരില്‍
പ്രവാചകശബ്ദം 06-01-2025 - Monday
റിയോ ഡി ജനീറോ: ലോകത്തിലെ ഏറ്റവും പ്രായമേറിയ വ്യക്തിയെന്ന റെക്കോര്‍ഡ് ഇനി കത്തോലിക്ക സന്യാസിനിയായ സിസ്റ്റര്‍ ഇനാ കാനബാരോയുടെ പേരില്‍. ലോകത്ത് ജീവിച്ചിരിക്കുന്നതിൽ വച്ച് ഏറ്റവും പ്രായമേറിയ വ്യക്തിയായി നിലവില്‍ കണക്കാക്കിയിരിന്ന ജാപ്പനീസ് സ്വദേശിനി ടോമികോ ഇട്ടൂക കഴിഞ്ഞ ദിവസം അന്തരിച്ചതോടെയാണ് റെക്കോര്‍ഡ് ബ്രസീല്‍ സ്വദേശിനിയായ ഈ കന്യാസ്ത്രീയുടെ പേരിലായിരിക്കുന്നത്. ഒരു നൂറ്റാണ്ടില്‍ അധികം നീണ്ട ജീവിതത്തിനിടെ രണ്ട് ലോക മഹായുദ്ധങ്ങള്‍, പത്തു മാര്‍പാപ്പമാര്‍ സഭയെ നയിച്ചത് ഉള്‍പ്പെടെ അനേകം ചരിത്ര സംഭവങ്ങള്‍ക്കു ദൃക്സാക്ഷിയായ വ്യക്തി കൂടിയാണ് സിസ്റ്റർ ഇനാ കാനബാരോ.
1908 മെയ് 27ന് ബ്രസീലിലെ റിയോ ഗ്രാൻഡെ ഡോ സുളിലെ സാവോ ഫ്രാൻസിസ്കോ ഡി അസ്സിസ് പട്ടണത്തിലാണ് ഇനാ കാനബാരോ ലൂക്കാസ് ജനിച്ചത്. ഏഴ് കുട്ടികളിൽ രണ്ടാമത്തെ ആളായിരിന്നു ഇന. ചെറുപ്പത്തിലെ സന്യാസ ജീവിതത്തെ കുറിച്ച് അറിഞ്ഞ അവള്‍ സമര്‍പ്പിത ജീവിതത്തില്‍ ആകൃഷ്ട്ടയായി. 19-ാം വയസ്സിൽ ഉറുഗ്വേയിലെ മോണ്ടെവീഡിയോയിലുള്ള ടെറേഷ്യൻ സിസ്റ്റേഴ്‌സിനോടൊപ്പം നോവിഷ്യേറ്റ് ചെയ്യാൻ തീരുമാനിച്ചു. പിന്നീട് സന്യാസിനിയായി. സമര്‍പ്പിത ജീവിതത്തിന്റെ വലിയ ഒരു കാലഘട്ടവും അധ്യാപികയായിട്ടായിരിന്നു സിസ്റ്റർ ഇനാ സേവനം ചെയ്തിരിന്നത്.
റിയോ ഡി ജനീറോയിലും ഇറ്റാക്വിയിലെ ടെറേഷ്യൻ സ്കൂളുകളിലും പോർച്ചുഗീസ്, ഗണിതം, ശാസ്ത്രം, ചരിത്രം, കല തുടങ്ങീ വിവിധ വിഷയങ്ങള്‍ സിസ്റ്റര്‍ പഠിപ്പിച്ചിരിന്നു. ഇതിനിടെ അനേകര്‍ക്ക് ക്രിസ്തുവിന് പകര്‍ന്നു നല്‍കി. തന്റെ ദീർഘായുസ്സിനുള്ള രഹസ്യങ്ങളിലൊന്ന് പ്രാർത്ഥിക്കുന്നതാണെന്നും ലോകത്തിലെ മുഴുവൻ ആളുകൾക്കും വേണ്ടി താന്‍ ദിവസവും ജപമാല ചൊല്ലുന്നുണ്ടെന്നും സിസ്റ്റർ ഇനാ വെളിപ്പെടുത്തിയിരിന്നു. റിയോ ഗ്രാൻഡെ ഡോ സുൾ സംസ്ഥാനത്തിലെ സാൻ്റോ എൻറിക് ഡി ഓസ്സോ ഹോമിലെ പോർട്ടോ അലെഗ്രെയില്‍ സ്ഥിതി ചെയ്യുന്ന ബ്രസീൽ തെരേസിയൻ സിസ്റ്റേഴ്സിന്റെ പ്രോവിൻഷ്യൽ ഹൗസിലാണ് സിസ്റ്റര്‍ നിലവില്‍ വിശ്രമ ജീവിതം നയിക്കുന്നത്.
▛ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ▟