News - 2025

കത്തോലിക്ക വിരുദ്ധ മുദ്രാവാക്യം: സ്കോട്ടിഷ് ഫുട്ബോള്‍ ക്ലബ്ബിനു ശിക്ഷാ നടപടി

സ്വന്തം ലേഖകന്‍ 26-08-2019 - Monday

ന്യോണ്‍: ആരാധകരുടെ അതിരുവിട്ട കത്തോലിക്കാ വിരുദ്ധ മുദ്രാവാക്യങ്ങളെ തുടര്‍ന്നു സ്കോട്ടിഷ് ഫുട്ബോള്‍ ക്ലബ്ബിനു യൂറോപ്പിലെ ഫുട്ബോളിന്റെ ഭരണാധികാര സംഘടനയായ യുവേഫയുടെ (യൂണിയൻ ഓഫ് യൂറോപ്യൻ ഫുട്ബോൾ അസോസിയേഷൻസ്) നടപടി. അടുത്ത മത്സരത്തില്‍ ഇബ്രോക്സ് സ്റ്റേഡിയത്തിന്റെ ഒരു ഭാഗം അടക്കുവാനാന് സ്കോട്ടിഷ് പ്രൊഫഷണല്‍ ഫുട്ബോള്‍ ക്ലബ്ബായ റെയ്ഞ്ചേഴ്സിനോട് യുവേഫ ആവശ്യപ്പെട്ടിരിക്കുന്നത്. വരുന്ന വ്യാഴാഴ്ച ലീജിയ വാഴ്സോയുമായി നടക്കുവാനിരിക്കുന്ന രണ്ടാംപാദ മത്സരത്തില്‍ സ്റ്റേഡിയത്തിലെ മൂവായിരത്തോളം ഇരിപ്പിടങ്ങള്‍ ഉള്‍കൊള്ളുന്ന ഭാഗം അടക്കുവാനാണ് നിര്‍ദ്ദേശം.

കഴിഞ്ഞ മാസം ഗ്ലാസ്ഗോയില്‍ ജിബ്രാള്‍ട്ടറിലെ സെന്റ്‌ ജോസഫ് ക്ലബ്ബുമായി നടന്ന യോഗ്യാതാ മത്സരത്തിനിടക്ക് ഫ്രാന്‍സിസ് പാപ്പാക്കും വത്തിക്കാനും എതിരെ അസഭ്യ മുദ്രാവാക്യങ്ങള്‍ മുഴക്കിയതാണ് ശിക്ഷാനടപടിക്ക് കാരണമായത്. ശിക്ഷയുടെ ഭാഗമായി സ്റ്റേഡിയം അടക്കുന്ന ഭാഗത്ത് യുവേഫയുടെ ലോഗോയോട് കൂടി “#EqualGame” എന്നെഴുതിയ ബാനര്‍ പ്രദര്‍ശിപ്പിക്കണമെന്ന് റെയ്ഞ്ചേഴ്സിനോടാവശ്യപ്പെട്ടിട്ടുണ്ടെന്ന്‍ യുവേഫ അറിയിച്ചു. മത്സരത്തിനിടക്ക് റെയ്ഞ്ചേസിന്റെ ആരാധകര്‍ വര്‍ഗ്ഗീയ മുദ്രാവാക്യങ്ങള്‍ മുഴക്കിയതായി യുവേഫയുടെ അച്ചടക്ക സമിതി കണ്ടെത്തിയതിനെ തുടര്‍ന്നാണ്‌ നടപടി.

ആരാധകരുടെ അതിരുവിട്ട പെരുമാറ്റങ്ങള്‍ കാരണം ഇതിനുമുന്‍പും റെയ്ഞ്ചേഴ്സിന് അച്ചടക്ക നടപടികള്‍ നേരിടേണ്ടതായി വന്നിട്ടുണ്ട്. അതേസമയം ശിക്ഷാ നടപടി സ്വീകരിച്ചുകൊണ്ട് തങ്ങളുടെ ആരാധകരോടായി കടുത്ത ഭാഷയില്‍ റെയ്ഞ്ചേഴ്സും പ്രസ്താവനയിറക്കിയിട്ടുണ്ട് റെയ്ഞ്ചേഴ്സിനും ക്ലബ്ബിനെ പിന്തുണക്കുന്നവര്‍ക്കും നാണക്കേടുണ്ടാക്കിയ പെരുമാറ്റം നടത്തിയവര്‍ തങ്ങളുടെ പ്രവര്‍ത്തിയെക്കുറിച്ച് വീണ്ടു വിചാരം ചെയ്യണമെന്ന് ക്ലബ്ബിനു വേണ്ടി ചെയര്‍മാന്‍ ഡേവ് കിംഗ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. സംസ്കാരരഹിതമായി പെരുമാറുന്നവര്‍ സ്റ്റേഡിയത്തില്‍ നിന്നും ക്ലബ്ബില്‍ നിന്നും അകന്നു നില്‍ക്കണമെന്നും ചെയര്‍മാന്‍ അഭ്യര്‍ത്ഥിച്ചു.


Related Articles »