News - 2025

നൈജീരിയയില്‍ വചനപ്രഘോഷകന്‍ ഉള്‍പ്പെടെ 3 ക്രൈസ്തവരെ തീവ്രവാദികള്‍ കൊലപ്പെടുത്തി

പ്രവാചകശബ്ദം 11-02-2025 - Tuesday

ഗോംബെ: രാജ്യത്തിന്റെ വടക്കു കിഴക്കൻ മേഖലയിൽ അക്രമം തുടരുന്നതിനിടെ, നൈജീരിയയിലെ ഗോംബെ സ്റ്റേറ്റില്‍ ഇസ്ലാമിക തീവ്രവാദി സംഘടനയായ ബോക്കോഹറാം തീവ്രവാദികൾ വചനപ്രഘോഷകനെ കൊലപ്പെടുത്തി. കറുത്ത വസ്ത്രം ധരിച്ച തോക്കുധാരികൾ യമാൽട്ടു-ദേബ കൗണ്ടിയിലെ ലുബോയിലെ ഇസിഡബ്ല്യുഎ പള്ളി വളപ്പിലുള്ള വചനപ്രഘോഷകന്റെ വസതിയിൽ അതിക്രമിച്ചുകയറി ബാല ഗലാഡിമ എന്ന സുവിശേഷപ്രഘോഷകനു നേരെ വെടിയുതിർക്കുകയായിരിന്നു.

ഇക്കഴിഞ്ഞ ആഴ്ച അയൽ സംസ്ഥാനമായ ബോർണോയില്‍, ബോക്കോഹറാം തീവ്രവാദികൾ ചിബോക്ക് കൗണ്ടിയിൽ ആക്രമണം നടത്തി രണ്ട് ക്രിസ്ത്യാനികളെ ക്രൂരമായി കൊലപ്പെടുത്തിയിരിന്നു. രണ്ട് പേർക്ക് പരിക്കേറ്റു. അഞ്ച് ദേവാലയ നിര്‍മ്മിതികളും 74 വീടുകളും അക്രമികള്‍ കത്തിച്ചുവെന്ന് 'ക്രിസ്ത്യന്‍ പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു. നൈജീരിയയിലെ ബ്രദറൻ പള്ളി (ഇവൈഎൻ) തീവ്രവാദികള്‍ അഗ്നിയ്ക്കിരയാക്കിയതായി പ്രദേശവാസികള്‍ പറയുന്നു.

നൈജീരിയയില്‍ ഏതാണ്ട് 34 ലക്ഷത്തോളം ആളുകള്‍ ഇസ്ലാമിക തീവ്രവാദി ആക്രമണങ്ങള്‍ കാരണം ഭവനരഹിതരായിട്ടുണ്ടെന്നാണ് കണക്കാക്കുന്നത്. ക്രൈസ്തവ വിരുദ്ധ പീഡനങ്ങള്‍ നിരീക്ഷിക്കുന്ന ഓപ്പണ്‍ഡോഴ്സ് യു.എസ്.എയുടെ 2025 റിപ്പോര്‍ട്ട് പ്രകാരം ലോകത്ത് ക്രൈസ്തവര്‍ ഏറ്റവുമധികം പീഡിപ്പിക്കപ്പെടുന്ന രാഷ്ട്രങ്ങളുടെ പട്ടികയില്‍ ഏഴാമതാണ് നൈജീരിയയുടെ സ്ഥാനം. നൈജീരിയയെ ഇസ്ലാമിക രാഷ്ട്രമാക്കി മാറ്റുക എന്ന ലക്ഷ്യത്തോടെ ബൊക്കോഹറാം ഉള്‍പ്പെടെയുള്ള തീവ്രവാദി സംഘടനകളും, ഇസ്ലാമിക ഗോത്രവര്‍ഗ്ഗമായ ഫുലാനികളും വലിയ ആക്രമണമാണ് ക്രൈസ്തവര്‍ക്ക് നേരെ നടത്തുന്നത്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »