News - 2025

കത്തോലിക്ക പ്രബോധനങ്ങളെ പ്രകീര്‍ത്തിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍

സ്വന്തം ലേഖകന്‍ 28-08-2019 - Wednesday

വാഷിംഗ്‌ടണ്‍ ഡി. സി: സാമ്പത്തിക നയങ്ങളും ചര്‍ച്ചകളും മാനുഷികാന്തസ്സിനും, തൊഴിലിന്റെ മഹത്വത്തിനുമാണ് കൂടുതല്‍ പരിഗണന നല്‍കേണ്ടതെന്ന് റിപ്പബ്ലിക്കന്‍ പാര്ട്ടി അംഗവും ഫ്ലോറിഡയില്‍ നിന്നുള്ള സെനറ്ററുമായ മാര്‍ക്കോ റൂബിയോ. ‘ഫസ്റ്റ് തിങ്ങ്സ്’ എന്ന മാഗസിന് നല്‍കിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കത്തോലിക്കാ സഭയുടെ സാമൂഹ്യ പ്രബോധനങ്ങളെക്കുറിച്ചും, ലിയോ പതിമൂന്നാമന്‍ പാപ്പയുടെ ചാക്രിക ലേഖനമായ ‘റേരും നൊവാരി’നേക്കുറിച്ചും ഇക്കഴിഞ്ഞ തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ലേഖനത്തില്‍ മാര്‍ക്കോ റൂബിയോ പരാമര്‍ശിക്കുന്നുണ്ട്. ലാഭവും മാനുഷിക പരിഗണനയും പരസ്പരം അകന്നുപോയെന്നും റൂബിയോ ലേഖനത്തില്‍ പരാമര്‍ശിക്കുന്നുണ്ട്.

സ്വകാര്യ സ്വത്തവകാശത്തെ അനുകൂലിക്കുകയും, മാര്‍ക്സിയന്‍ ആശയങ്ങളുടെ അപകടത്തെ എതിര്‍ക്കുകയും ചെയ്യുമ്പോഴും തൊഴിലാളി സംഘടനകളുടെ ആവശ്യകതയെ ഉയര്‍ത്തിപിടിക്കുന്നതാണ് സഭാപാരമ്പര്യമെന്ന് റൂബിയോ തന്റെ ലേഖനത്തിലൂടെ ചൂണ്ടിക്കാട്ടി. തൊഴിലാളികളെ ലാഭത്തിനു വേണ്ടിയുള്ള മാര്‍ഗ്ഗമായി കാണാതെ ഉല്‍പ്പാദനവുമായി ബന്ധപ്പെട്ട തങ്ങളുടെ സമൂഹാംഗങ്ങളായി കണ്ടു ബഹുമാനിക്കണമെന്നാണ് സഭാ പ്രബോധനം പഠിപ്പിക്കുന്നത്. ഒരാളുടെ നെറ്റി വിയര്‍ക്കുന്നതിലൂടെ മറ്റൊരാള്‍ക്ക് അപ്പം ഭക്ഷിക്കുവാനുള്ള അവകാശമുണ്ടെന്ന്‍ അനുമാനിക്കാമെങ്കിലും, തൊഴില്‍പരമായ സംതൃപ്തി തൊഴിലാളികള്‍ക്ക് നിഷേധിക്കുന്ന സാമ്പത്തിക നയങ്ങളെ ന്യായീകരിക്കുവാന്‍ കഴിയുകയില്ലെന്ന് ലിയോ പതിമൂന്നാമന്‍ പാപ്പയുടെ ‘റേരും നൊവാരും’ എന്ന ചാക്രികലേഖനത്തെ ഉദ്ധരിച്ചുകൊണ്ട് റൂബിയോ പറഞ്ഞു.

തൊഴിലാളി വര്‍ഗ്ഗത്തിന്റെ സാമ്പത്തിക സുസ്ഥിരത ഇന്നത്തെ സമ്പദ്-വ്യവസ്ഥയുടെ ഒരു സവിശേഷതയേ അല്ലാതായി കഴിഞ്ഞിരിക്കുന്നു. കച്ചവട ലാഭം തൊഴിലാളി, ഉല്‍പ്പാദനം എന്നിവയില്‍ നിന്നും അകന്നു. ആഗോള കച്ചവട താല്‍പര്യങ്ങളും ആഗോളവത്കൃത സമ്പദ്-വ്യവസ്ഥയുമാണ് തൊഴിലിനും ആഭ്യന്തര ഉല്‍പ്പാദനത്തിനും മേല്‍ സമ്മര്‍ദ്ദം ചെലുത്തുന്ന രണ്ടു ശക്തികള്‍. ‘റേരും നൊവാരും’ പോലെയുള്ള പ്രബോധനങ്ങളില്‍ സഭ പറയുന്നതു തൊഴില്‍പരമായ അന്തസ്സ് വ്യക്തികളുടെ മാത്രം ചുമതലയല്ലായെന്നാണ്. ആളുകള്‍ക്ക് ഗുണകരമായ തൊഴില്‍ നല്‍കേണ്ടത് സമൂഹങ്ങളുടേയും രാഷ്ട്രങ്ങളുടേയും കടമയാണെന്നും ലേഖനത്തില്‍ പറയുന്നുണ്ട്. തന്റെ ക്രൈസ്തവ വിശ്വാസം നവമാധ്യമങ്ങളിലൂടെ പരസ്യമായി പ്രഘോഷിച്ച് ശ്രദ്ധ നേടിയ രാഷ്ട്രീയ പ്രവര്‍ത്തകനാണ് മാര്‍ക്കോ റൂബിയോ.


Related Articles »