Arts - 2025
റോമിലെ പ്രമുഖ സര്‍വ്വകലാശാലയുടെ പ്രോലൈഫ് പുരസ്കാരം റിപ്പബ്ലിക്കന്‍ അനുഭാവിയായ വൈദികന്
പ്രവാചക ശബ്ദം 14-01-2021 - Thursday
റോം: ഡൊണാള്‍ഡ് ട്രംപിനെ പ്രസിഡന്‍ഷ്യല്‍ തെരഞ്ഞെടുപ്പില്‍ പരസ്യമായി പിന്തുണച്ചതിന്റെ പേരില്‍ ചര്‍ച്ചകളില്‍ ഇടം നേടിയ അമേരിക്കന്‍ കത്തോലിക്ക വൈദികന്‍ ഫാ. ഫ്രാങ്ക് പാവോണിന് റോമിലെ ക്രൈസ്റ്റ് സര്‍വ്വകലാശാലയിലെ ലീജിയണറീസിന്റെ “എ ലൈഫ് ഫോര്‍ ലൈഫ്” പുരസ്കാരം. ജീവന്‍ സംസ്കാരത്തിന് വേണ്ടിയും ജനിക്കുവാനിരിക്കുന്ന ശിശുക്കളുടെ സംരക്ഷണത്തിനു വേണ്ടിയും ദശാബ്ദങ്ങളായി ശബ്ദിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തതാണ് ‘പ്രീസ്റ്റ്സ് ഫോര്‍ ലൈഫ്’ന്റെ സ്ഥാപകനും ഡയറക്ടറുമായ ഫാ. ഫ്രാങ്ക് പാവോണിനെ അവാര്‍ഡിനര്‍ഹനാക്കിയത്. ഇക്കഴിഞ്ഞ ജനുവരി 7ന് പൊന്തിഫിക്കല്‍ അഥീനിയം റെജീന അപ്പൊസ്തോലോറമിന്റെ ബയോഎത്തിക്സ് വിഭാഗം സര്‍വ്വകലാശാല വെബ്സൈറ്റിലൂടെയാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. ജനുവരി 25ന് ഓണ്‍ലൈനിലൂടെ അവാര്‍ഡ് ദാനം നടക്കും.
സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായുള്ള ‘അസോസിയേഷന്‍ ഓഫ് സെന്റ് ഹെലന്‍ ദി എമ്പറസ്’ നല്‍കുന്ന സമ്മാനത്തുകയും ഫാ. പാവോണിന് ലഭിക്കും. ഫാ. പാവോണിന് അവാര്‍ഡ് നല്‍കുന്നതില്‍ ഉയര്‍ന്നേക്കാവുന്ന എതിര്‍പ്പുകളെ കുറിച്ച് 11 അംഗ ഫാക്കല്‍റ്റി ശരിക്കും ആലോചിച്ചുവെന്ന്‍ സര്‍വ്വകലാശാലയുടെ ബയോഎത്തിക്സ് വിഭാഗം ഫാക്കല്‍റ്റി ഡീനായ ഫാ. ഗോണ്‍സാലോ മിറാന്‍ഡ പറഞ്ഞു. രാഷ്ട്രീയപരമായി ജനങ്ങള്‍ക്ക് പല അഭിപ്രായങ്ങള്‍ ഉണ്ടായിരിക്കാമെന്നും, അതിനല്ല അവാര്‍ഡെന്നും മനുഷ്യ ജീവന്റെ വിശുദ്ധിയ്ക്കായി അദ്ദേഹം നല്‍കിയ സേവനങ്ങള്‍ക്കാണ് അവാര്‍ഡ് നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് ചെയ്യുന്നത് പാപമാണെന്നും, തങ്ങളുടെ രാഷ്ട്രീയ നിലപാടില്‍ പശ്ചാത്തപിക്കാത്ത ഡെമോക്രാറ്റുകള്‍ക്ക് കൂദാശകള്‍ അനുവദിക്കരുതെന്നുമുള്ള പ്രസ്താവനകള്‍ കാരണം തിരഞ്ഞെടുപ്പിന് മുന്‍പേ തന്നെ ഫാ. പാവോണ്‍ വിവാദത്തിലായിരുന്നു. അദ്ദേഹത്തിന്റെ ഇത്തരം നിലപാടുകള്‍ സഭയ്ക്കുള്ളില്‍ തന്നെ വിമര്‍ശനത്തിന് കാരണമായി. അമേരിക്ക കണ്ട ഏറ്റവും മികച്ച പ്രോലൈഫ് അനുഭാവിയായ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപിന് വേണ്ടി പരസ്യമായി വോട്ടഭ്യര്‍ത്ഥിച്ച വൈദികന്റെ നടപടി ഏറെ ചര്‍ച്ചയ്ക്കു വഴി തെളിയിച്ചിരിന്നു. പ്രീസ്റ്റ്സ് ഫോര്‍ ലൈഫിന് പുറമേ, ഗര്‍ഭഛിദ്രം നടത്തിയതില്‍ പശ്ചാത്തപിക്കുന്ന സ്ത്രീകള്‍ക്കായി ‘റേച്ചലിന്റെ മുന്തിരിത്തോട്ടം’ എന്ന പേരില്‍ ഒരു ധ്യാനപരിപാടിയും, “എന്‍ഡ് അബോര്‍ഷന്‍” എന്ന പോഡ്കാസ്റ്റും ഫാ. പാവോണ്‍ നടത്തിവരുന്നുണ്ട്.
ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം
➤ വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
➤ ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക