News

ആദ്യ വിശുദ്ധനായുള്ള കാത്തിരിപ്പിനിടെ ബംഗ്ലാദേശില്‍ പുസ്തക പ്രകാശനം

സ്വന്തം ലേഖകന്‍ 04-09-2019 - Wednesday

ധാക്ക: ബംഗ്ലാദേശിന്റെ ചരിത്രത്തിലാദ്യമായി വിശുദ്ധ പദവിയിലേക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടിരിക്കുന്ന ധാക്കയിലെ മുന്‍ മെത്രാപ്പോലീത്തയും ഹോളിക്രോസ് സഭാംഗവുമായ ആര്‍ച്ച് ബിഷപ്പ് തിയോടോണിയൂസ് അമല്‍ ഗാംഗുലിയുടെ സ്മരണാര്‍ത്ഥമുള്ള പുസ്തകം പ്രകാശനം ചെയ്തു. മെത്രാപ്പോലീത്തയുടെ നാല്‍പ്പത്തിരണ്ടാമത് ചരമവാര്‍ഷിക ദിനമായ സെപ്റ്റംബര്‍ 2-ന് ധാക്കയിലെ സെന്റ്‌ മേരീസ് കത്തീഡ്രലില്‍ വെച്ച് നടന്ന ചടങ്ങില്‍ കര്‍ദ്ദിനാള്‍ പാട്രിക് ഡി റൊസാരിയോയാണ് 'ദൈവദാസന്‍ തിയോടോണിയൂസ് അമല്‍ ഗാംഗുലി: ബംഗ്ലാദേശ് സഭയുടെ അഭിമാനം' എന്ന പുസ്തകത്തിന്റെ പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. 789 പേജുള്ള പുസ്തകം ബംഗ്ലാദേശിലെ കത്തോലിക്ക സഭ തന്നെയാണ് പുറത്തിറക്കിയിരിക്കുന്നത്.

മെത്രാപ്പോലീത്തയുടെ കബറടിത്തിങ്കല്‍ പ്രാര്‍ത്ഥിക്കുകയും പുഷ്പാര്‍ച്ചന നടത്തുകയും ചെയ്ത ശേഷമാണ് ചടങ്ങുകള്‍ ആരംഭിച്ചത്. വിശുദ്ധ കുര്‍ബാനയും, ദൈവദാസന്‍ ഗാംഗുലിയെ കുറിച്ചുള്ള ഡോക്യുമെന്ററിയുടെ പ്രദര്‍ശനവും ഉണ്ടായിരുന്നു. നൂറുകണക്കിന് വിശ്വാസികളാണ് ചടങ്ങില്‍ സംബന്ധിച്ചത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലേക്കുള്ള കത്തോലിക്ക സഭയുടെ വരവ്, മെത്രാപ്പോലീത്തയുടെ ജീവിതത്തിലേയും, പ്രവര്‍ത്തന മേഖലയിലേയും സുപ്രധാന സംഭവങ്ങള്‍, അദ്ദേഹത്തെക്കുറിച്ച് മറ്റുള്ളവര്‍ എഴുതിയിട്ടുള്ള ലേഖനങ്ങള്‍ എന്നിവയാണ് പുസ്തകത്തില്‍ പ്രധാനമായും ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഒന്‍പത് വര്‍ഷങ്ങള്‍ നീണ്ട പ്രയത്നത്തിന്റെ ഫലമാണ് പുസ്തകമെന്ന് എഡിറ്ററായ സുനില്‍ പെരേര പറയുന്നു.

1920-ല്‍ ധാക്കയിലെ ഹഷ്നാബാദിലെ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഇടവകയിലാണ് മോണ്‍. ഗാംഗുലി ജനിച്ചത്. 1965-ല്‍ തിരുപ്പട്ടം സ്വീകരിച്ച അദ്ദേഹം 1960-ല്‍ ധാക്കയിലെ സഹായ മെത്രാനായി അഭിഷിക്തനായി. 1965-ലാണ് അദ്ദേഹം ധാക്കയിലെ മെത്രാപ്പോലീത്തയാകുന്നത്. എളിമയും, ലാളിത്യവും, പാവങ്ങളോടുള്ള കരുണയും മൂലം അനേകര്‍ക്കു ക്രിസ്താനുഭവം പകരാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. 1977-ല്‍ തന്റെ അന്‍പത്തിയേഴാമത്തെ വയസ്സില്‍ ഹൃദയസ്തംഭനത്തെ തുടര്‍ന്നു അദ്ദേഹം ദൈവസന്നിധിയിലേക്ക് യാത്രയായി.

1971-ല്‍ സ്വാതന്ത്ര്യം നേടിയ ബംഗ്ലാദേശിന്റെ സാമൂഹ്യമായ ഉന്നതിക്കും, യുവജനങ്ങളുടെ ഇടയിലും ശ്രദ്ധേയമായ ഇടപെടല്‍ നടത്തിയ അദ്ദേഹത്തിന്റെ ജീവിത ദര്‍ശനം ഇന്നും അനേകരുടെ ഹൃദയങ്ങളില്‍ മായാത്ത ഓര്‍മ്മയാണ്. 2006-ലാണ് അദ്ദേഹത്തിന്റെ നാമകരണ നടപടികള്‍ ആരംഭിച്ചത്. കഴിഞ്ഞ വര്‍ഷം വത്തിക്കാനിലെ നാമകരണത്തിന് വേണ്ടിയുള്ള തിരുസംഘത്തിന് നാമകരണം സംബന്ധിച്ച രേഖകള്‍ എല്ലാം തന്നെ കൈമാറിയിരിന്നു. വരും മാസങ്ങളില്‍ നാമകരണത്തെ സംബന്ധിച്ചു പുതിയ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് വിശ്വാസികളുടെ പ്രതീക്ഷ.


Related Articles »