News - 2025
ഗര്‍ഭഛിദ്രത്തിനെതിരെ സംഘടിച്ച് ഇരുപതിനായിരത്തോളം പ്രോലൈഫ് പ്രവര്‍ത്തകര്‍
സ്വന്തം ലേഖകന്‍ 10-09-2019 - Tuesday
ബെല്‍ഫാസ്റ്റ്: അയര്‍ലണ്ടിലെ ബെല്‍ഫാസ്റ്റില്‍വെച്ച് നടന്ന പ്രോലൈഫ് റാലിയില്‍ ഇരുപതിനായിരത്തോളം പേരുടെ പങ്കാളിത്തം. വടക്കന്‍ അയര്‍ലന്റിലെ ജനങ്ങളുടെ മേല്‍ ഗര്‍ഭഛിദ്ര അനുകൂല തീരുമാനം അടിച്ചേല്‍പ്പിക്കുന്നതിനെതിരെയുള്ള ശക്തമായ പ്രതിഷേധമായിരിന്നു ‘മാര്‍ച്ച് ഫോര്‍ ദെയര്‍ ലൈവ്സ്’ റാലി. പ്രോലൈഫ് സംഘടനകളായ പ്രെഷ്യസ് ലൈഫ്, ദി ലൈഫ് ഇന്‍സ്റ്റിറ്റ്യൂട്ട്, യൂത്ത് ഫോര്‍ ലൈഫ് എന്‍.ഐ എന്നീ സംഘടനകളാണ് റാലി സംഘടിപ്പിച്ചത്. ‘ഗര്‍ഭഛിദ്രം ഞങ്ങളുടെ പേരില്‍ വേണ്ട’ എന്നെഴുതിയ പ്ലക്കാര്‍ഡുകളും പിടിച്ചുകൊണ്ടായിരുന്നു പ്രതിഷേധക്കാര്‍ റാലിയില്‍ പങ്കെടുത്തത്.
സ്റ്റോര്‍മോണ്ടിലെ പാര്‍ലമെന്റ് കെട്ടിടത്തിലേക്ക് നടത്തിയ മാര്‍ച്ചില്‍ ഐറിഷ് സഭയുടെ തലവനും അര്‍മാഗിലെ മെത്രാപ്പോലീത്തയുമായ ഈമണ്‍ മാര്‍ട്ടിന്‍, മുന്‍ വടക്കന്‍ അയര്‍ലന്റ് പോലീസ് ഓംബുഡ്സ്മാന്‍ ബാരോണെസ്സ് നുവാല ഒ’ലോണ്‍, ഡെമോക്രാറ്റിക് യൂണിയന്‍ പാര്‍ട്ടി (ഡി.യു.പി) നേതാവ് അര്‍ലീന്‍ ഫോസ്റ്റര്‍ തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. റാലി പാര്‍ലമെന്റ് കവാടത്തിലെത്തിയപ്പോള്‍ വടക്കന്‍ അയര്‍ലന്റിലെ 6 കൗണ്ടികളുടെ പ്രതീകമെന്നനിലയില്‍ 6 മിനിട്ട് നേരം കവാടത്തിന് മുന്നില്‍ തലകുനിച്ച് നിശബ്ദരായി നിന്നത് വേറിട്ടതായി. ജൂലൈ മാസത്തില്‍ അറുപത്തിയഞ്ചിനെതിരെ 328 വോട്ടുകള്‍ക്കാണ് 1861-ലെ ഒഫന്‍സസ് എഗൈന്‍സ്റ്റ് പേഴ്സന്‍ ആക്റ്റിലെ അബോര്‍ഷന്‍ നിരോധിച്ചുകൊണ്ടുള്ള 58, 59 വകുപ്പുകള്‍ റദ്ദാക്കപ്പെട്ടത്.
നിശബ്ദമായ ഈ പ്രതിഷേധം കൊണ്ട് രണ്ടു കാര്യങ്ങള്‍ പറയുവാനാണ് ആഗ്രഹിക്കുന്നതെന്ന്‍ റാലിയുടെ സംഘാടകരില്‍ പ്രമുഖയായ സാറ ക്രച്ച്ലി പറഞ്ഞു. വടക്കന്‍ അയര്‍ലന്റിലെ ജനങ്ങളായ നമ്മള്‍ ഈ നിയമ ഭേദഗതി ആവശ്യപ്പെട്ടിട്ടില്ലായെന്നും രണ്ടാമത്തേത് പൊതുജന അഭിപ്രായത്തിനു വിരുദ്ധമായ നടപടിയാണിതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. വടക്കന്‍ അയര്‍ലന്റിലെ സിറ്റിംഗ് എംപിമാര്‍ എല്ലാവരും തന്നെ ഈ നിയമ ഭേദഗതിയെ എതിര്‍ത്താണ് വോട്ട് ചെയ്തിരിക്കുന്നതെന്നും സംസാരിക്കുവാന്‍ കഴിയാത്ത ജനിക്കുവാനിരിക്കുന്ന കുരുന്നുകളെ ഈ നിയമനിര്‍മ്മാണത്തില്‍ പരിഗണിച്ചിട്ടില്ലായെന്നും സാറ ക്രച്ച്ലി പറഞ്ഞു.
‘ഫെയിത്ത്-വയര്‍’ന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2016-17 കാലയളവില്‍ വടക്കന്‍ അയര്‍ലന്റില്‍ 13 ഗര്‍ഭഛിദ്രം നടന്നപ്പോള്‍, ഇംഗ്ലണ്ടിലും വെയില്‍സിലുമായി ഏതാണ്ട് രണ്ടു ലക്ഷത്തോളം അബോര്‍ഷനുകളാണ് നടന്നിട്ടുള്ളത്.
![](/images/close.png)