News - 2024

പൗരോഹിത്യത്തില്‍ വിവാഹം അനുവദിച്ചാല്‍ പുരോഹിതരുടെ എണ്ണം കൂടില്ല: യുക്രേനിയന്‍ സഭാധ്യക്ഷന്‍

സ്വന്തം ലേഖകന്‍ 13-09-2019 - Friday

റോം: പുരോഹിതരെ വിവാഹം കഴിക്കുവാന്‍ അനുവദിക്കുന്നത് വഴി പുരോഹിതരുടെ എണ്ണത്തിലുള്ള കുറവ് പരിഹരിക്കുവാന്‍ കഴിയുകയില്ലെന്ന് യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്കാ സഭയുടെ മേജര്‍ ആര്‍ച്ച്ബിഷപ്പായ സ്വിയാടോസ്ലാവ് ഷെവ്ചുക്ക്. പുരോഹിതരെ വിവാഹത്തിന് അനുവദിക്കുന്ന തന്റെ സ്വന്തം സഭയില്‍പോലും പുരോഹിതരുടെ കുറവ് പരിഹരിക്കുവാന്‍ കഴിഞ്ഞിട്ടില്ലെന്നും, അതിനാല്‍ പൗരോഹിത്യത്തിലെ കുടുംബാവസ്ഥ ദൈവവിളിയുടെ എണ്ണം വര്‍ദ്ധിപ്പിക്കില്ലെന്ന് തങ്ങളുടെ അനുഭവമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സെപ്റ്റംബര്‍ 2-10 വരെ റോമില്‍വെച്ച് നടന്ന ഗ്രീക്ക് കത്തോലിക്കാ സഭാ മെത്രാന്‍മാരുടെ വാര്‍ഷിക സുനഹദോസിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 47 യുക്രൈന്‍ ഗ്രീക്ക് കത്തോലിക്ക മെത്രാന്മാരാണ് സൂനഹദോസില്‍ പങ്കെടുത്തത്. വിവാഹിതരെ പൗരോഹിത്യത്തിലേക്ക് പരിഗണിക്കുന്നതിനെപ്പറ്റി ആമസോണ്‍ മേഖലയിലെ മെത്രാന്മാരുടെ സിനഡ് ചര്‍ച്ച ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് ഉത്തരമായാണ് ഇക്കാര്യത്തില്‍ അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്. അഞ്ചു സെമിനാരികളുള്ള യുക്രൈനിലെ ഗ്രീക്ക് കത്തോലിക്കാ സഭയില്‍ ആവശ്യത്തിനു പുരോഹിതരുണ്ടെങ്കിലും, മറ്റ് രാഷ്ട്രങ്ങളിലെ യുക്രേനിയന്‍ ഗ്രീക്ക് കത്തോലിക്ക സഭയില്‍ പുരോഹിതരുടെ കുറവുണ്ടെന്ന് ആര്‍ച്ച് ബിഷപ്പ് ഷെവ്ചുക്ക് പറഞ്ഞു.

ദൈവവിളി ദൈവത്തില്‍ നിന്നാണ് വരുന്നത്, ജീവിക്കുന്ന മേഖലയനുസരിച്ച് അതിനെ കൂട്ടുവാനോ കുറക്കുവാനോ സാധ്യമല്ല. സഭയുടെ നന്മക്കായി ഒരാളുടെ ജീവിതം സമര്‍പ്പിക്കുവാനുള്ള മാര്‍ഗ്ഗമാണിതെന്നും മെത്രാപ്പോലീത്ത വിവരിച്ചു. തന്റെ പട്ട സ്വീകരണത്തിന് മുന്‍പ് തന്നെ പുരോഹിതന്‍ വിവാഹിതനായിരിക്കണമെന്നും, ഭാര്യ മരിച്ചാല്‍ അവന് വീണ്ടും വിവാഹം ചെയ്യുവാന്‍ പാടില്ലെന്നുമുള്ള ഗ്രീക്ക് യുക്രൈനിയന്‍ കത്തോലിക്കാ സഭാ പാരമ്പര്യത്തിലെ ചില സങ്കീര്‍ണ്ണതകളും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരത്തിലുള്ള അവസ്ഥകള്‍ക്ക് ലളിതമായ പരിഹാരങ്ങള്‍ തേടരുതെന്ന ഉപദേശവും സിനഡില്‍ പങ്കെടുക്കുവാന്‍ തയ്യാറെടുക്കുന്ന ആമസോണ്‍ മേഖലയിലെ മെത്രാന്മാര്‍ക്കായി അദ്ദേഹം നല്‍കി.


Related Articles »