News

ഹൈന്ദവ രീതിയിലുള്ള കുർബാന അർപ്പണം: മെത്രാനെതിരെ പ്രതിഷേധം ശക്തം

സ്വന്തം ലേഖകന്‍ 25-09-2019 - Wednesday

ദെശ്നര്‍: ഹൈന്ദവ വിശ്വാസങ്ങളെ അനുകരിച്ച് നെറ്റിയില്‍ തിലകകുറി ചാര്‍ത്തി കാവി ധരിച്ചു വിശുദ്ധ കുർബാന അർപ്പിച്ച, കർണാടകയിലെ ബെൽഗാം രൂപത മെത്രാൻ ഡെറിക് ഫെർണാണ്ടസിന്റെ നടപടി വിവാദത്തില്‍. രുദ്രാക്ഷമാലയും, ഹൈന്ദവ വേഷവിധാനങ്ങളും ധരിച്ച് വിശുദ്ധ കുർബാന അർപ്പിച്ച മെത്രാന്റെ നടപടിക്കെതിരെ ക്രൈസ്തവ വിശ്വാസികളും, ഹൈന്ദവ വിശ്വാസികളും കടുത്ത ഭാഷയിലാണ് പ്രതികരിക്കുന്നത്. മെത്രാനും, സഹ വൈദികരും തിലകക്കുറിയടക്കം നെറ്റിയിൽ പൂശിയാണ് ബലിയര്‍പ്പണം നടത്തുന്നത്. സാവിയോ റോഡിഗ്രസ് എന്ന മാധ്യമപ്രവർത്തകന്‍ പുറത്തുവിട്ട ചിത്രങ്ങളാണ് ഇപ്പോള്‍ വലിയ ചര്‍ച്ചയാകുന്നത്. ഇത് അന്താരാഷ്ട്ര കത്തോലിക്ക മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബിഷപ്പ് ഡെറിക് ഫെർണാണ്ടസ് ക്രൈസ്തവ വിശ്വാസത്തെ കാവിവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് സാവിയോ റോഡിഗ്രസ് ആരോപിച്ചു.

കാവി നിറം അഗ്നിയെ സൂചിപ്പിക്കുന്നതാണെന്നും ഇത് സൂര്യനിലേക്ക് വിരല്‍ ചൂണ്ടുന്നുവെന്നും എന്നാൽ ക്രൈസ്തവ വിശ്വാസികൾ ആരാധിക്കുന്നത് സൂര്യനെ അല്ലെന്നും വഴിയും, സത്യവും ജീവനുമായ ദൈവപുത്രനായ ക്രിസ്തുവിനെയാണെന്നും കത്തോലിക്കാ യൂണിവേഴ്സിറ്റിയിലെ പേരു വെളിപ്പെടുത്താത്ത ഒരു അധ്യാപിക 'ചർച്ച് മിലിറ്റൻറ്റ്' എന്ന മാധ്യമത്തോട് പ്രതികരിച്ചു. കത്തോലിക്കാ വിശ്വാസത്തെ ബലികഴിച്ച് സാംസ്കാരിക അനുരൂപണമാണ് ചിലർ ഇപ്രകാരമുള്ള ആരാധനാരീതികളിലൂടെ ഉദ്ദേശിക്കുന്നതെങ്കിലും ഹൈന്ദവ വിശ്വാസികളടക്കം നിരവധി പേര്‍ പരിഹാസ രൂപേണയാണ് ഇതിനെ നോക്കിക്കാണുന്നത്.

ഭാരതത്തിലെ ചില സെമിനാരികൾ പോലും യോഗ പോലുളളവയെ പ്രോത്സാഹിപ്പിക്കുന്നതിനെക്കുറിച്ചും 'ചർച്ച് മിലിറ്റന്‍റ്' വാര്‍ത്തയില്‍ പ്രതിപാദിക്കുന്നുണ്ട്. കൂദാശകളും, ആരാധനയ്ക്കുമായുള്ള വിശ്വാസ തിരുസംഘത്തിന്റെ തലവൻ കർദ്ദിനാൾ റോബർട്ട് സാറ അടക്കമുള്ളവർ സാംസ്കാരിക അനുരൂപണത്തിന്റെ പേരിലുള്ള ദുര്‍വ്യാഖ്യാനങ്ങളെയും നടപടികളെയും ശക്തമായി എതിർക്കുന്നുണ്ട്. "ഞാൻ ഒരു ആഫ്രിക്കക്കാരനാണ്. ഞാൻ വ്യക്തമായി പറയട്ടെ എന്റെ സംസ്ക്കാരം പ്രോത്സാഹിപ്പിക്കാനുള്ള ഇടമല്ല ആരാധനാക്രമം. മറിച്ച്, എൻറെ സംസ്ക്കാരം സ്നാനപ്പെടുത്താനുളള സ്ഥലമാണ്" എന്ന കർദ്ദിനാൾ സാറയുടെ വാക്കുകള്‍ വലിയ രീതിയില്‍ ചര്‍ച്ചയായിരിന്നു.

കേരളത്തില്‍ ചില സ്ഥലങ്ങളില്‍ ഓണ കുര്‍ബാന എന്ന പേരില്‍ നടന്ന ബലിയര്‍പ്പണത്തെ ശക്തമായി എതിര്‍ത്തു കൊണ്ട് ദേശീയ മെത്രാന്‍ സമിതിയുടെ ദൈവശാസ്ത്ര കമ്മീഷന്‍ അംഗവും തലശ്ശേരി അതിരൂപത സഹായമെത്രാനുമായ മാര്‍ ജോസഫ് പാംപ്ലാനി നേരത്തെ രംഗത്തു വന്നിരിന്നു. വിശുദ്ധ ബലിയുടെ പവിത്രതയെ മലീമസമാക്കിക്കൊണ്ട് മതസൌഹാര്‍ദ്ദം എന്ന പേരില്‍ നടക്കുന്ന അത്തരം ബലിയര്‍പ്പണങ്ങള്‍ അഹന്ത കൊണ്ടോ അറിവില്ലായ്മ കൊണ്ടോ അവിവേകം കൊണ്ടോ സംഭവിക്കുന്നുണ്ടെങ്കില്‍ അത് തിരുത്താന്‍ സഭ പ്രതിജ്ഞാബദ്ധമാണെന്നാണ് അദ്ദേഹം പറഞ്ഞത്.


Related Articles »