News - 2024

119 വര്‍ഷം പഴക്കമുള്ള നിയമം പൊളിച്ചെഴുതി ഓസ്ട്രേലിയന്‍ സംസ്ഥാനത്തില്‍ ഗര്‍ഭഛിദ്രത്തിന് അനുമതി

സ്വന്തം ലേഖകന്‍ 29-09-2019 - Sunday

ന്യൂ സൗത്ത് വെയില്‍സ്: ഗര്‍ഭഛിദ്രം കുറ്റകരമാക്കികൊണ്ടുള്ള 119 വര്‍ഷങ്ങളുടെ പഴക്കമുള്ള നിയമം പൊളിച്ചെഴുതി കൊണ്ട് ഓസ്ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് നിയമ സാമാജികര്‍. സാധ്യമായ ഭേദഗതികളെക്കുറിച്ച് ആഴ്ചകള്‍ നീണ്ട ചൂടേറിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് 14 നെതിരെ 26 വോട്ടുകള്‍ക്കു സംസ്ഥാന പാര്‍ലമെന്റിന്റെ ഉപരിസഭ നിയമഭേദഗതി പാസ്സാക്കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരിന്നു വോട്ടെടുപ്പ്. നിഷ്കളങ്ക ജീവനുകളെ ഇല്ലാതാക്കുന്ന തീരുമാനത്തിനെതിരെ കടുത്ത വിമര്‍ശനവുമായി സിഡ്നി അതിരൂപതയിലെ കത്തോലിക്ക മെത്രാപ്പോലീത്ത അന്തോണി ഫിഷര്‍ രംഗത്തെത്തിയിട്ടുണ്ട്.

സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം ഇതൊരു കരിദിനവും, മനുഷ്യരാശിയുടെ പരാജയവുമാണെന്നു അദ്ദേഹം പറഞ്ഞു. ആധുനിക കാലഘട്ടത്തില്‍ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് പാസ്സാക്കപ്പെട്ട ഏറ്റവും മോശം നിയമമാണിത്. സമൂഹത്തിലെ ദുര്‍ബ്ബലരായവരെ സംരക്ഷിക്കുവാനുള്ള ഉത്തരവാദത്തില്‍ നിന്നുമുള്ള നാടകീയമായ ഒളിച്ചോട്ടമാണെന്നും മെത്രാപ്പോലീത്ത നവമാധ്യമങ്ങളില്‍ കുറിച്ചു. 1195-ല്‍ സംസ്ഥാനത്ത് പരമാവധി ശിക്ഷയായ വധശിക്ഷ ഇല്ലാതാക്കിയതിന് ശേഷമുള്ള നിയപരമായ കൊലപാതകമാണിതെന്നും മെത്രാപ്പോലീത്തയുടെ പ്രസ്താവനയിലുണ്ട്.

ഗര്‍ഭധാരണം മുതല്‍ 22 ആഴ്ചകള്‍ വരെ പ്രായമുള്ള ഭ്രൂണാവസ്ഥയിലുള്ള കുഞ്ഞുങ്ങളെ വളരെ എളുപ്പത്തില്‍ നിയമപരമായി ഇല്ലാതാക്കുവാന്‍ അനുവദിക്കുന്നതാണ് പുതിയ 'അബോര്‍ഷന്‍ നിയമ പരിഷ്കരണ ആക്റ്റ്'. 22 ആഴ്ചകള്‍ക്ക് ശേഷമുള്ള അബോര്‍ഷന് രണ്ടു ഡോക്ടര്‍മാരുടെ ഒപ്പിന്റെ ആവശ്യമേ ഇനിയുള്ളൂ. എന്നാല്‍ ഈ നിയമനിര്‍മ്മാണത്തിന് മുന്‍പ് സ്ത്രീയുടെ ആരോഗ്യത്തിന് അപകടസാധ്യതയുണ്ടെന്ന് ഒരു ഡോക്ടര്‍ വിധിയെഴുതിയാല്‍ മാത്രമേ നിയമപരമായ അബോര്‍ഷന്‍ സാധ്യമായിരുന്നുള്ളു. നിയമപരമല്ലാത്ത അബോര്‍ഷനു 10 വര്‍ഷത്തെ തടവായിരിന്നു ശിക്ഷ.

പുതിയ നിയമത്തിനെതിരെ കടുത്ത പ്രതിഷേധവുമായി പ്രോലൈഫ് പ്രവര്‍ത്തകരും രംഗത്തെത്തിയിട്ടുണ്ട്. ബില്‍ പാസ്സായതില്‍ താന്‍ ഖേദിക്കുന്നുവെന്നും, ജനിക്കുവാനിരിക്കുന്ന ശിശുക്കളോടുള്ള ഈ അനീതി യാഥാസ്ഥിതിക രാഷ്ട്രീയത്തിന് ചേരുന്ന നടപടിയല്ലെന്നുമാണ് ക്വീന്‍സ്ലാന്‍ഡിലെ ‘ചെറിഷ് ലൈഫ്’ന്റെ എക്സിക്യുട്ടീവ്‌ ഡയറക്ടര്‍ ടീഷന്‍ ജോണ്‍സണിന്റെ പ്രതികരണം. വന്‍തോതിലുള്ള ഗര്‍ഭഛിദ്രങ്ങളുടെ പ്രളയത്തിന് ബില്‍ വഴിയൊരുക്കുമെന്ന മുന്നറിയിപ്പ് ‘റൈറ്റ് റ്റു ലൈഫ്’ ഓസ്ട്രേലിയ പ്രോലൈഫ് ഗ്രൂപ്പും നല്കിയിട്ടുണ്ട്.


Related Articles »