News - 2025

അമേരിക്കയിലെ കൗമാരക്കാരിൽ പകുതിയിലധികം പേരും യേശുവിനെ കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരാണെന്ന് സര്‍വ്വേ ഫലം

പ്രവാചകശബ്ദം 10-02-2025 - Monday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കൻ കൗമാരക്കാരിൽ പകുതിയിലധികം പേരും യേശുവിനെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നവരാണെന്ന് പുതിയ സര്‍വ്വേ ഫലം. ക്രൈസ്തവ വിശ്വാസത്തിന്റെ കേന്ദ്രബിന്ദുവായ യേശുവിനെ കുറിച്ച് കൂടുതല്‍ അറിയുവാന്‍ 75% ത്തിലധികം കൗമാരക്കാരും തത്പരരാണെന്നാണ് ബർന റിസർച്ച് അടുത്തിടെ നടത്തിയ സര്‍വ്വേ ഫലത്തില്‍ ചൂണ്ടിക്കാട്ടുന്നത്. 77% കൗമാരക്കാരും യേശുവിനെ കുറിച്ച് കൂടുതല്‍ പഠിക്കാൻ പ്രേരണയുള്ളവരാണെന്നും 52% വിഷയത്തില്‍ വളരെ പ്രചോദിതരാണെന്നും 25% ഇടത്തരത്തില്‍ പ്രചോദനമുള്ളവരാണെന്നും സര്‍വ്വേ ഫലത്തില്‍ പറയുന്നു.

മുൻ തലമുറകളിൽ നിന്ന് വ്യത്യസ്തമായി കൗമാരക്കാർ യേശുവിൽ താൽപ്പര്യം പ്രകടിപ്പിക്കുമ്പോൾ, അവർ വിശ്വാസത്തെ സമീപിച്ചേക്കാമെന്നും സര്‍വ്വേ സൂചിപ്പിക്കുന്നുണ്ട്. വിശ്വാസപരമായ വിഷയങ്ങളില്‍ ബുദ്ധിമുട്ടുള്ള ചോദ്യങ്ങളെ സത്യസന്ധമായി അഭിമുഖീകരിക്കാൻ സഭാനേതൃത്വം തയ്യാറാകണമെന്നും യേശുവും ബൈബിളും നാം ഇന്ന് ജീവിക്കുന്ന ലോകവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കൗമാരക്കാരെ പറഞ്ഞു മനസിലാക്കേണ്ടത് അനിവാര്യമാണെന്നും സംഘടന ചൂണ്ടിക്കാട്ടി.

2022 ഒക്ടോബറിൽ ഇവാഞ്ചലിക്കൽ പോളിംഗ് ഓർഗനൈസേഷൻ രണ്ടായിരത്തോളം യു.എസിലെ മുതിർന്ന പൌരന്മാരില്‍ നടത്തിയ മറ്റൊരു സർവേയിൽ 77% പേരും വിശ്വാസം ശക്തമായി പ്രകടിപ്പിച്ചിരിന്നു. 74% പേർ ആത്മീയമായി വളരാൻ ആഗ്രഹിക്കുന്നുവെന്നും അഭിപ്രായപ്പെട്ടു. 2018-ൽ പ്രസിദ്ധീകരിച്ച പ്യൂ റിസർച്ച് ഡാറ്റയ്ക്ക് സമാനമാണ് ഈ കണ്ടെത്തലുകൾ. 80% അമേരിക്കക്കാരും തങ്ങൾ ദൈവത്തിൽ വിശ്വസിക്കുന്നുവെന്ന് സര്‍വ്വേയില്‍ വെളിപ്പെടുത്തിയിരിന്നു.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️



Related Articles »