News - 2025

സിംഗപ്പൂരിലെ കത്തോലിക്ക ദേവാലയത്തില്‍ വൈദികന് നേരെ വീണ്ടും ആക്രമണം

പ്രവാചകശബ്ദം 10-02-2025 - Monday

സിംഗപ്പൂർ: ഇന്നലെ ഞായറാഴ്ച സിംഗപ്പൂരിലെ കത്തോലിക്ക ദേവാലയത്തില്‍ വൈദികന് നേരെ വീണ്ടും ആക്രമണം. അപ്പർ തോംസൺ റോഡിലെ ചർച്ച് ഓഫ് ഹോളി സ്പിരിരിറ്റ് ദേവാലയത്തില്‍വെച്ചാണ് വൈദികനെ ഇരുപത്തിരണ്ടുകാരന്‍ ആക്രമിച്ചത്. ഇടവകയിലെ നാല് റസിഡൻ്റ് വൈദികരിൽ ഒരാളായ ഫാ. കാരി ചാനെയാണ് അക്രമി ആക്രമിച്ചത്. രാവിലെ 9.30ന് കുർബാനയ്ക്ക് ശേഷമാണ് സംഭവം നടന്നതെന്ന് അൾത്താര ശുശ്രൂഷികള്‍ പറഞ്ഞു. അതിക്രമിച്ചെത്തിയ അക്രമി വൈദികനെ മര്‍ദ്ദിക്കുകയായിരിന്നു.

പ്രതിയെ കീഴ്പ്പെടുത്തിയ സുരക്ഷ ഉദ്യോഗസ്ഥര്‍ സംഭവമറിഞ്ഞ ഉടനെയെത്തിയ പോലീസിന് കൈമാറി. ഇയാളുടെ പക്കൽ നിന്ന് ആയുധങ്ങളൊന്നും കണ്ടെത്തിയില്ല. അതേസമയം വൈദികന് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കൂടുതൽ വിലയിരുത്തലിനായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെൻ്റൽ ഹെൽത്ത് (ഐഎംഎച്ച്) ലേക്ക് റഫർ ചെയ്യുമെന്നും പോലീസ് പ്രസ്താവനയിൽ അറിയിച്ചു. ആക്രമണത്തിന് പിന്നില്‍ എന്തെങ്കിലും കാരണമുണ്ടോയെന്ന് പോലീസ് പരിശോധിച്ചു വരികയാണ്. അന്വേഷണം തുടരുന്നതിനാൽ ഊഹാപോഹങ്ങൾ ഒഴിവാക്കണമെന്നു സഭാനേതൃത്വം പൊതുജനങ്ങളോട് അഭ്യർത്ഥിച്ചു.

മുഖത്ത് നേരിയ വീക്കം മാത്രമാണ് ഉള്ളതെന്നും വൈദികന്റെ ആരോഗ്യ നില പൂര്‍ണ്ണ തൃപ്തികരമാണെന്നും ആർച്ച് ബിഷപ്പിന്റെ കമ്മ്യൂണിക്കേഷൻസ് ഓഫീസ് വ്യക്തമാക്കി. ഇന്നലെ 11.30നു നടന്ന വിശുദ്ധ ബലിയില്‍ ഫാ. കാരി കാര്‍മ്മികത്വം വഹിച്ചു. കഴിഞ്ഞ വര്‍ഷം നവംബറില്‍ വിശുദ്ധ കുർബാന അര്‍പ്പിക്കുന്നതിനിടെ ബുക്കിറ്റ് തിമയിലെ സെൻ്റ് ജോസഫ് പള്ളി ഇടവക വികാരിയായ ഫാ. ക്രിസ്റ്റഫർ ലീ എന്ന വൈദികനു നേരെ കത്തിയാക്രമണം നടന്നിരിന്നു. രണ്ടു മാസം പിന്നിട്ടപ്പോഴാണ് മറ്റൊരു വൈദികന് നേരെ രാജ്യത്തു ആക്രമണം അരങ്ങേറിയിരിക്കുന്നത്.

♦️ കര്‍ത്താവിന്റെ സത്യവചനം അനേകരിലേക്ക് എത്തിക്കുവാന്‍ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️


Related Articles »